[]തിരുവനന്തപുരം: പ്രതിപക്ഷ മര്യാദ ഇല്ലാത്ത ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭേദം കെ എം മാണിയാണ്. മാണിയോട് തൊട്ടുകൂടായ്മയില്ല. കേരളത്തില്‍ നിലവില്‍ ഭരണമില്ലാത്ത അവസ്ഥയാണെന്നും പന്ന്യന്‍ പറഞ്ഞു. []

മാണിയെ വെച്ച് ഭരിക്കണമെന്ന് ഞങ്ങള്‍ പറയില്ല. അതെല്ലാം അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. ബി.ജെ.പിയും കോണ്‍ഗ്രസുമാണ് തൊട്ടുകൂടായ്മയുള്ള പാര്‍ട്ടി.

യു.ഡി.എഫിനെ താങ്ങിനിര്‍ത്തേണ്ട ബാധ്യത എല്‍.ഡി.എഫിനില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെയുള്ള ഭരണമാണ് ഇനിയും നടക്കാന്‍ പോകുന്നതെങ്കില്‍ അത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നോക്കിയിരിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.

ജനങ്ങള്‍ വെറുക്കപ്പെട്ട ഈ സര്‍ക്കാര്‍ തകരുന്ന ഘട്ടം വന്നാല്‍ നോക്കയിരിക്കില്ല. എന്നാല്‍ കെ.എം മാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് പാര്‍ട്ടി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പന്ന്യന്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാറിന് അധികം ആയുസില്ലെന്നും അദ്ദേഹം വിലയിരുത്തി. ഈ തകര്‍ച്ചയില്‍ പ്രതിപക്ഷം വെറും കാഴ്ചക്കാരാകില്ല, ഉചിതമായ സമയത്ത് കടമ നിറവേറ്റുമെന്നും പന്ന്യന്‍ പറഞ്ഞു

അതേസമയം യു.ഡി.എഫിനെ താഴെയിറക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ആര്‍.എസ്.പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കെ എം മാണിയോട് അയിത്തം ഇല്ല. മാണി നിലപാട് വ്യക്തമാക്കിയാല്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഭരണത്തിലുള്ളവര്‍ പോലും ഭരണമാറ്റം ആഗ്രഹിക്കുന്നതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.അതേ സമയം മാണിയെ സി.പി.ഐ.എം പിന്തുണയ്ക്കുമെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

സര്‍ക്കാരിനെ താഴെയിറക്കില്ലെന്നത് മുന്‍ നിലപാടാണെന്നും ഈ നിലപാട് പുനപരിശോധിക്കുമെന്നും സി.പി.ഐ.എം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ഇന്നലെ വ്യക്തമാക്കിയിരുന്നു.