ജെറുസലേം: വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ ജനതയെ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി ഫലസ്തീനി-ഇസ്രഈലി സംഘടന. ‘എ ലാന്‍ഡ് ഫോര്‍ ഓള്‍- ടു സ്‌റ്റേറ്റ്‌സ്, വണ്‍ ഹോംലാന്‍ഡ്,’ എന്ന സംഘടനയാണ് ഈ കാര്യം ആവശ്യപ്പെട്ടത്.
‘ഫലസ്തീനികളെ സംരക്ഷിക്കുന്നതിലുള്ള ഇസ്രഈലി സര്‍ക്കാരിന്റെ വീഴ്ചയാണ് കുടിയേറ്റക്കാരുടെ ആക്രമണം വര്‍ധിക്കുന്നതിനുള്ള കാരണം,’ എന്ന് സംഘടന അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാണെന്നും റമല്ലക്ക് സമീപമുള്ള കഫ്ര്‍ മാലിക് ഗ്രാമത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനായുള്ള രാഷ്ട്രീയ പരിഹാരത്തിന് പകരമല്ല അന്താരാഷ്ട്ര സംരക്ഷണ സേനാ വിന്യാസമെന്നും സംഘടന വ്യക്തമാക്കി. സിവിലിയന്‍മാരരെ സംരക്ഷിക്കാനാണ് അന്താരാഷ്ട്ര സേനാ സഹായം ആവശ്യപ്പെടുന്നത്. ഇത് ഭാവിയിലെ രാഷ്ട്രീയ പരിഹാരത്തിനായുള്ള സാഹചര്യത്തെ നിലനിര്‍ത്തും എന്നും സംഘടന അഭിപ്രായപ്പെട്ടു.
വെസ്റ്റ്ബാങ്കില്‍ അന്താരാഷ്ട്ര സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രചാരണവും സംഘടന ആരംഭിച്ചിരുന്നു. ‘മള്‍ട്ടിനാഷണല്‍ ഫോഴ്‌സ് ഇന്‍ വെസ്റ്റ് ബാങ്ക് – നൗ’ എന്ന പേരിലുള്ള പ്രചാരണമാണ് ആരംഭിച്ചിട്ടുള്ളത്. വെസ്റ്റ്ബാങ്കിലെ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണത്തെ അന്താരാഷ്ട്ര തലത്തില്‍ അപലപിച്ചതുകൊണ്ട് മാത്രം തടയാനാവില്ല. അതിനെതിരെ സിവിലിയന്‍മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സേനയുടെ ആവശ്യമുണ്ടെന്ന് ക്യാമ്പയിന്‍ ആവശ്യപ്പെടുന്നു.
ഈ വിഷയത്തില്‍ തങ്ങളുടെ പ്രസ്താവന വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് നല്‍കിയതായി സംഘടനയുടെ ഫലസ്തീന്‍ സഹ ഡയരക്ടര്‍ റുല ഹര്‍ദാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിന്റെ നടുക്കുള്ള സ്ഥലമെന്ന നിലയിലും ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ തുടരുന്ന സ്ഥലമെന്ന നിലയിലുമാണ് കഫ്ര്‍മാലിക്കിനെ വാര്‍ത്താ സമ്മേളനത്തിനായി തെരഞ്ഞടുത്തതെന്നും അവര്‍ വ്യക്തമാക്കി.
ആധിപത്യത്തിന്റെയും നിയന്ത്രണത്തിന്റെയും സംവിധാനങ്ങളെ ഇല്ലാതാക്കി ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യവും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതും ഉറപ്പാക്കാനാണ് തങ്ങളുടെ സംഘടന ലക്ഷ്യമിടുന്നതെന്നും ഹര്‍ദാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായുള്ള ഒരു ബദല്‍ സ്ഥാപിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അവര്‍ വ്യക്തമാക്കി.
കുടിയേറ്റ ഭീകരതയെ ഇസ്രഈല്‍ ഭരണകൂടമാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. അത് വ്യവസ്ഥാപിതമായി സംഭവിക്കുന്ന കാര്യവുമാണ്. ഇപ്പോഴുള്ള രക്തച്ചൊരിച്ചിലുകള്‍ പെട്ടെന്നുണ്ടായ കാര്യമല്ല. അത് വര്‍ഷങ്ങളായി തുടരുന്ന പ്രചാരണങ്ങള്‍ കാരണം സംഭവിക്കുന്നതാണെന്നും അവര്‍ ഹര്‍ദാല്‍ ചൂണ്ടിക്കാട്ടി.
ഭരണകൂടം ശിക്ഷനല്‍കാതെ സംരക്ഷിക്കുന്നതിനാലാണ് കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നത്. പലപ്പോഴും ഇസ്രഈലി സേനയുടെ സംരക്ഷണത്തിലോ അല്ലെങ്കില്‍ അവരുടെ കണ്‍മുന്നില്‍ വച്ചോ ആണ് കുടിയേറ്റക്കാരുടെ ആക്രമണങ്ങളുണ്ടാവുന്നത്. ഇസ്രഈലി മന്ത്രിമാരും ഇത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ സംബന്ധിച്ച് കഷ്ടതകള്‍ ദൈനംദിന കാര്യമായി മാറിയിരിക്കുന്നു. അധിനിവേശവും വംശീയ വിവേചനവും സഞ്ചാര സ്വാതന്ത്ര്യം തടയലുമെല്ലാം കാരണമുള്ള പ്രശ്‌നങ്ങള്‍ വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ക്ക് മുന്നിലുള്ള ദൈനംദിന യാഥാര്‍ത്ഥ്യങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ രീതിയില്‍ വഷളായെന്ന് സംഘടനയുടെ ഇസ്രഈലി സഹസ്ഥാപകന്‍ മെറോണ്‍ റാപ്പോപോര്‍ട്ട് പറഞ്ഞു. വെസ്റ്റ്ബാങ്കിലെ അധിനിവേശ പ്രദേശത്ത് ഇസ്രഈല്‍ സര്‍ക്കാരും സൈന്യവും വ്യക്തമായ വംശീയ ഉന്മൂലന പദ്ധതി നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘അഭയാര്‍ത്ഥി ക്യാമ്പുകളെ ലക്ഷ്യമിടാനുള്ള ഇസ്രഈലി പദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. കാത്തിരിക്കാനും ആവശ്യങ്ങള്‍ ചോദിക്കുക മാത്രം ചെയ്യാനും ഇസ്രഈലിനോട് യാചിക്കാനുമുള്ള സമയം കഴിഞ്ഞു,’ റാപ്പോപോര്‍ട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുടിയേറ്റക്കാരായ അക്രമികളില്‍ നിന്ന് നിരന്തരമായ അക്രമ ഭീഷണി നേരിടുന്ന ഒരു ഗ്രാമമാണ് കഫ്ര്‍ മാലിക് എന്ന് എ ഹോം ഫോര്‍ സഹ-അധ്യക്ഷനായ പ്രൊഫസര്‍ യായേല്‍ ബെര്‍ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വംശീയ ഉന്മൂലനത്തിന് സാധ്യതയുള്ളതായാണ് തങ്ങള്‍ കാണുന്നത്. അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം മാത്രം ഉയര്‍ത്തിയതുകൊണ്ട് ഇനി കാര്യമില്ലെന്നും അവര്‍ പറഞ്ഞു. കുടിയേറ്റ അതിക്രമങ്ങളെ പൂര്‍ണമായും പിന്തുണക്കുകയാണ് ഇസ്രഈല്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Palestinian-Israeli movement calls for multinational force in occupied West Bank
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.