പാലക്കാട് ഡിവിഷൻ വിഭജനം: കേരളം അടിയന്തരമായി ഇടപെടണം; ദൽഹി പ്രക്ഷോഭത്തിന് പിന്തുണയെന്ന് ജോൺ ബ്രിട്ടാസ്
Kerala
പാലക്കാട് ഡിവിഷൻ വിഭജനം: കേരളം അടിയന്തരമായി ഇടപെടണം; ദൽഹി പ്രക്ഷോഭത്തിന് പിന്തുണയെന്ന് ജോൺ ബ്രിട്ടാസ്
ശ്രീലക്ഷ്മി പി.പി
Sunday, 23rd August 2026, 5:58 pm

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ നേതൃത്വപരമായ ഇടപെടൽ നടത്തണമെന്ന് ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു.

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിലല്ല, മറിച്ച് കേരള സർക്കാർ അടിയന്തരമായി എല്ലാവരും ഒന്നിച്ച് ദൽഹിയിലെ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിലാണ് പ്രതിഷേധിക്കേണ്ടതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

പാലക്കാട് പ്രതിഷേധിച്ചാൽ ഡിവിഷൻ വെട്ടിമുറിച്ച യഥാർത്ഥ പ്രതികളും ഉത്തരവാദപ്പെട്ടവരും അത് എങ്ങനെ അറിയാനാണെന്ന് അദ്ദേഹം ചോദിച്ചു. 2007-ൽ കോൺഗ്രസ് രാജ്യം ഭരിച്ചുകൊണ്ടിരുന്നപ്പോഴാണ് പാലക്കാട് ഡിവിഷൻ ആദ്യമായി മുറിച്ചതെന്നും, അന്ന് പാലക്കാടിനെ വെട്ടിമുറിച്ചാണ് സേലത്തേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇപ്പോൾ പാലക്കാട് ഡിവിഷനിലെ ഏറ്റവും പ്രധാന ഇടമായിട്ടുള്ള മംഗലാപുരത്തെയാണ് മൈസൂരിലേക്ക് ചേർക്കാൻ ശ്രമിക്കുന്നത്. ചരക്കു ഗതാഗതത്തിന്റെ 90 ശതമാനവും മൊത്തം വരുമാനത്തിന്റെ 50 ശതമാനവും നൽകുന്ന കേന്ദ്രമാണ് മംഗലാപുരം.

‘മംഗലാപുരം കൂടി നഷ്ടമാകുന്നതോടെ നമ്മുടെ നിരവധി ട്രെയിനുകൾക്ക് മേൽ നമുക്കുള്ള നിയന്ത്രണം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പാലക്കാട് ഡിവിഷൻ പൂർണമായും ശുഷ്കിക്കും, ഡിവിഷന്റെ വരുമാനം പാതിയായി കുറയും, പ്രതിവർഷം 1000 കോടി രൂപയുടെ വരുമാന നഷ്ടം നേരിടേണ്ടി വരും’എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എത്രയോ കാലമായി നമ്മൾ ഒരു റെയിൽവേ സോണിനു വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നും, ആ സമയത്താണ് നിലവിലുള്ള ഡിവിഷൻ പോലും മുറിച്ചുകൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന് കോച്ച് ഫാക്ടറിയില്ല, അതിവേഗ പാതയില്ല എന്ന ആവശ്യത്തിന് പാർലമെന്റിൽ റെയിൽവേ നൽകിയ മറുപടിയും അദ്ദേഹം സന്ദേശത്തിൽ ഓർമിപ്പിച്ചു. ‘കേരള ഗവൺമെന്റ് അത്തരത്തിൽ ഉള്ള ഒരു നിർദേശവും അതിവേഗ പാതയ്ക്ക് വേണ്ടി അംഗീകരിച്ചിട്ടില്ലല്ലോ, പിന്നെന്തിനാണ് ഞങ്ങൾ അതുമായി മുന്നോട്ട് പോകുന്നത്’ എന്നാണ് റെയിൽവേ ചോദിച്ചത്.

പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കപ്പെടുമ്പോൾ തകരുന്നത് കേരളത്തിന്റെ റെയിൽവേ സ്വപ്നങ്ങളാണെന്നും ചിറകറ്റുപോകുന്നത് നമ്മുടെ വലിയ പ്രതീക്ഷകൾക്കാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കേരള ഗവൺമെന്റ് ഏകോപനം നടത്തി ഈ കാര്യത്തിൽ അടിയന്തരമായി തീരുമാനങ്ങളും നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എവിടെ പ്രതിഷേധിക്കാനും എവിടെ പ്രക്ഷോഭം നടത്താനും തങ്ങൾ സർക്കാരിനോടൊപ്പം തന്നെയുണ്ടെന്നും, കൺകെട്ട് വിദ്യകൾ അവസാനിപ്പിച്ച് സംയുക്തമായി ഈ കാര്യത്തിൽ ഒരുമിച്ച് പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും വേണമെന്നും ജോൺ ബ്രിട്ടാസ് എം.പി വ്യക്തമാക്കി.

Content Highlight:Palakkad Division Split: Kerala Must Act Urgently; John Brittas Backs Protest in Delhi.

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.