വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ മൂന്നാം സീസണില്‍ നിന്നും ഔദ്യോഗികമായി പിന്മാറുന്നതായി അറിയിച്ച് പാകിസ്ഥാന്‍ ചാമ്പ്യന്‍സ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) മുമ്പോട്ടുവെച്ച ചില നിബന്ധനകള്‍ ഡബ്ല്യൂ.സി.എല്‍ മാനേജ്മെന്റ് നിരസിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

കഴിഞ്ഞ വര്‍ഷത്തെ ഡബ്ല്യൂ.സി.എല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടായ സംഭവവികാസങ്ങളാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് പ്രധാന കാരണം.

പാക് ഇതിഹാസം ഷാഹിദ് അഫ്രിദിക്ക് കീഴിലാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ടൂര്‍ണമെന്റിനെത്തിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ബംഗ്ലാദേശ് ചാമ്പ്യന്‍സിനെതിരായ പാകിസ്താന്റെ ആദ്യ മത്സരം മാറ്റിവെച്ചപ്പോള്‍ അഫ്രീദി യു.എ.ഇയില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടക്കേണ്ടിയിരുന്ന മത്സരവും ഔദ്യോഗികമായി റദ്ദാക്കി.

അതുപോലെ, ഒക്ടോബര്‍ പത്തിന് നടക്കാനിരുന്ന വമ്പന്‍ പോരാട്ടമായ ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്താന്‍ ചാമ്പ്യന്‍സ് മത്സരവും ഇതോടെ ഇല്ലാതായി.

‘പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങള്‍ കാരണം പാകിസ്താന്‍ ചാമ്പ്യന്‍സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് സീസണ്‍ 3ല്‍ പങ്കെടുക്കില്ല. ആറ് ടീമുകളുമായി ടൂര്‍ണമെന്റ് തുടരും. ദി ഗെയിം ഈസ് സ്റ്റില്‍ ഓണ്‍,’ എന്നാണ് സംഘാടകര്‍ അറിയിച്ചത്.

‘പി.സി.ബി മുമ്പോട്ടുവെച്ച ആവശ്യമായ എന്‍.ഒ.സി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിലവിലെ ഡബ്ല്യൂ.സി.എല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഖേദപൂര്‍വം അറിയിക്കുന്നു.

പി.സി.ബിയുടെ തീരുമാനത്തെയും അധികാരത്തെയും ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ഈ ആഗോള വേദിയില്‍ കളിക്കാര്‍ക്ക് അവസരം നഷ്ടപ്പെട്ടതില്‍ നിരാശയുണ്ട്,’ എന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിന്റെ പ്രതികരണം.

 

Content Highlight: Pakistan Champions withdraw from the World Championship of Legends.