[share]

[]ന്യൂദല്‍ഹി: സി.പി.ഐ.എമ്മിന്റെ കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്ന കാര്യം പോളിറ്റ് ബ്യൂറോ തീരുമാനിക്കുമെന്ന് എസ്. രാമചന്ദ്രന്‍ പിള്ള.

നിലവില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അജണ്ടയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ചര്‍ച്ച ചെയ്യാന്‍ പി.ബിയ്ക്ക് താത്പര്യമില്ലെന്നാണ് എസ്.ആര്‍.പിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ബി അംഗങ്ങള്‍ മത്സരിക്കണോ എന്ന കാര്യം കേന്ദ്രകമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ച് സമാപിച്ചതോടെ സി.പി.ഐ.എമ്മും ഇടതു മുന്നണിയും ലോക്‌സഭാ സീറ്റു ചര്‍ച്ചയിലേക്ക് കടക്കുകയാണ്.

അടുത്ത മാസം ആദ്യവാരം സീറ്റു ചര്‍ച്ച ആരംഭിക്കുമെന്നാണ് സൂചന. മാര്‍ച്ച് നാലുമുതല്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്.

സി.പി.ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കൗണ്‍സില്‍ യോഗങ്ങളും ഇതേ ദിവസങ്ങളിലുണ്ട്. ഇവ കഴിഞ്ഞാലുടന്‍ ഘടകകക്ഷികള്‍ക്കിടയിലെ സീറ്റു ചര്‍ച്ച ആരംഭിക്കുമെന്നാണ് സൂചന. ഘടകകക്ഷികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷമേ ഇടതു മുന്നണിയോഗം ചേരാനിടയുള്ളൂ.