തിരുവനന്തപുരം: വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് നാടിനെ ഭയാശങ്കയിലാക്കി പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ തങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടമായി ഗെയില്‍ പദ്ധതിയെ കൊണ്ടാടുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്നത് യു.ഡി.എഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലും ലേഖനത്തിലും സി.പി.ഐ.എം പ്രചാരണത്തിന് സര്‍ക്കാര്‍ അച്ചടിച്ചു നല്കുന്ന ലഘുലേഖയിലും സോഷ്യല്‍ മീഡിയയിലും ഈ നേട്ടമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

എന്നാല്‍ യു.ഡി.എഫ് ഭരണകാലത്ത് സി.പി.ഐ.എം ഇതിനെതിരേ നടത്തിയ വ്യാപകമായ പ്രചാരണവും പ്രക്ഷോഭവും അവര്‍ മറന്നു. ‘ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക് ‘ എന്ന തലക്കെട്ടോടെ ഇറങ്ങിയ നോട്ടീസില്‍ നാടിന്റെ പൂര്‍ണ രക്ഷയ്ക്കായി സി.പി.ഐ.എം പ്രതിരോധ സമരം തുടങ്ങുകയാണെന്നു പറയുന്ന പോസ്റ്ററും ഉമ്മന്‍ചാണ്ടി പങ്കുവെച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ട് നല്കിയ ജനങ്ങളെയും പ്രതിനിധീകരിച്ച നാടിനെയും, ഭയാശങ്കയിലാക്കിയ ജനപ്രതിനിധികളെയും ഭരണക്കാരെയും തിരിച്ചറിയണമെന്ന് ഉദ്ബോധിപ്പിക്കുന്നു. 2015 ജൂണ്‍ 16ന് ഇത് ഒന്നാംഘട്ട സമരമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

സി.പി.ഐ.എമ്മിന്റെയും അവരോടൊപ്പം ചേര്‍ന്ന ചില തീവ്രസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്നും ഗെയില്‍ വാതക പൈപ്പ് ലൈനിന് ആവശ്യമായ സ്ഥലം ഉപയോഗിക്കാന്‍ 90 ശതമാനം പേരില്‍ നിന്നും യു.ഡി.എഫ് അനുമതി നേടിയിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

28 സ്റ്റേഷനുകള്‍ക്ക് സ്ഥലമെടുപ്പ് വേണ്ടിയിരുന്നതില്‍ 15 ഉം യു.ഡി.എഫ് പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പദ്ധതി ലക്ഷ്യത്തിലെത്തിക്കുമെന്നു വ്യക്തമായപ്പോഴാണ് സി.പി.ഐ.എം വ്യാജപ്രചാരണവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ആ പദ്ധതി ഇപ്പോള്‍ എല്‍.ഡി.എഫ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

നാഷണല്‍ ഗ്യാസ് നെറ്റ് വര്‍ക്കില്‍ കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്ന് മംഗലൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി 2007-ലാണ് ആരംഭിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ വാതകരൂപത്തിലുള്ള ഗ്യാസ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും.

ഗെയില്‍ പദ്ധതി വൈകിപ്പിച്ചതിന് മാപ്പുപറഞ്ഞിട്ടുവേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാനെന്നും കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടതും വൈകിയോടുന്നതുമായ പദ്ധതികളുടെ പിന്നില്‍ സി.പി.ഐ.എമ്മാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: