Oommen-Chandy-Aryadanകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഇരുവരും നാളെ വ്യക്തിപരമായി അപ്പീല്‍ നല്‍കും. ഇന്ന് വൈകുന്നേരം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. അതേസമയം ഏതന്വേഷണം നേരിടാനും ഭയമില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ സരിത എസ്.നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം സരിത സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴികളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടന്നാണ് എ.ഐ.സി.സി നിലപാടെടുത്തത്. സരിതയുടെ മൊഴിയില്‍ വിശ്വാസ്യതയില്ലെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും എ.ഐ.സി.സി മാധ്യമ വിഭാഗം
തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിലപാട് വ്യക്തമാക്കി ഐ.ഐ.സി.സി രംഗത്ത് വന്നത്.