2026 ടി – 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് ഒമാന്‍ താരം ആമിര്‍ കലീം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അര്‍ധ സെഞ്ചൂറിയന്‍ എന്ന നേട്ടമാണ് താരം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഇന്ന് ലോകകപ്പ് നടന്ന ഒമാന്‍ – അയര്‍ലാന്‍ഡ് മത്സരത്തിലായിരുന്നു ഈ നേട്ടം.
മത്സരത്തില്‍ കലീം 29 പന്തില്‍ 50 റണ്‍സാണ് നേടിയത്. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ ഇന്നിങ്സ്. നേരിട്ട 28ാം പന്തിലായിരുന്നു താരം തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തീകരിച്ചത്. അതോടെയാണ് ഈ നേട്ടം തന്റെ അക്കൗണ്ടിലെത്തിക്കാന്‍ ഒമാന്‍ ഓപ്പണര്‍ക്ക് സാധിച്ചത്.
ആമിര്‍ കലീം. Photo: ICC/x.com
തന്റെ സഹ താരം മുഹമ്മദ് നദീമിനെ മറികടന്നാണ് കലീം ഈ നേട്ടം തന്റെ അക്കൗണ്ടിലെത്തിച്ചത്. നദീം ഈ ലോകകപ്പില്‍ തന്നെയാണ് അര്‍ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കൂടിയ താരമെന്ന പട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയെ നേരിട്ട മത്സരത്തില്‍ ഫിഫ്റ്റിയടിച്ചായിരുന്നു താരം ഈ നേട്ടം കൈവരിച്ചത്. അതാകട്ടെ മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയുടെ 17 വര്‍ഷത്തെ ചരിത്രം തകര്‍ത്തായിരുന്നുവെന്നതാണ് ശ്രദ്ധേയം. അതാണ് ഇപ്പോള്‍ കലീം തന്റെ പേരിലാക്കിയത്.
മുഹമ്മദ് നദീം – ഒമാന്‍ – 43 വര്‍ഷം 161 ദിവസം – ശ്രീലങ്ക – 2026
സനത് ജയസൂര്യ – ശ്രീലങ്ക – 39 വര്‍ഷം – വെസ്റ്റ് ഇന്‍ഡീസ് – 2009
അതേസമയം, മത്സരത്തില്‍ ഒമാനായി ഹമ്മാദ് മിര്‍സയും തിളങ്ങി. താരം 37 പന്തില്‍ 46 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിക്കാത്തതോടെ 139 റണ്‍സില്‍ ടീമിന്റെ പോരാട്ടം അവസാനിച്ചു. അതോടെ അയര്‍ലാന്‍ഡ് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി.
അയര്‍ലാന്‍ഡിനായി ജോഷുവ ലിറ്റില്‍ മൂന്ന് വിക്കറ്റുകള്‍ നേടി. മാത്യു ഹംഫ്രീസ്, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകളും ജോര്‍ജ് ഡോക്റ്റല്‍ ഒരു വിക്കറ്റും നേടി.
Ireland get their first points in the bag at #T20WorldCup 2026 after a solid win over Oman 💪
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് അഞ്ച് വിക്കറ്റിന് 235 റണ്‍സെടുത്തിരുന്നു. ടീമിനായി ലോര്‍ക്കന്‍ ടക്കര്‍ 51 പന്തില്‍ പുറത്താവാതെ 94 എടുത്ത് ടീമിന്റെ കരുത്തായി. ഒപ്പം ഗാരെത്ത് ഡെലാനി 30 പന്തില്‍ 56 റണ്‍സും ജോര്‍ജ് ഡോക്റ്റല്‍ ഒമ്പത് പന്തില്‍ പുറത്താവാതെ 35 റണ്‍സും നേടി.
ഒമാനായി ശകീല്‍ അഹമ്മദ് മൂന്ന് വിക്കറ്റും ആമിര്‍ കലീം, ഫൈസല്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Oman player Aamir Kaleem became oldest player to hit fifty in a ICC T20 World Cup