സ്‌പൈഡിയും ഒഡീസിയും.... രണ്ട് പടങ്ങളും ബോക്‌സ് ഓഫീസിന് കൊടുക്കുന്നത് എട്ടിന്റെ പണി, വണ്‍ ബില്യണ്‍ ക്ലബ്ബിലേക്ക് റോയല്‍ എന്‍ട്രി
World Cinema
സ്‌പൈഡിയും ഒഡീസിയും.... രണ്ട് പടങ്ങളും ബോക്‌സ് ഓഫീസിന് കൊടുക്കുന്നത് എട്ടിന്റെ പണി, വണ്‍ ബില്യണ്‍ ക്ലബ്ബിലേക്ക് റോയല്‍ എന്‍ട്രി
അമര്‍നാഥ് എം.
Monday, 3rd August 2026, 7:22 am

ഒരിടവേളക്ക് ശേഷം ഹോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ താണ്ഡവം നടത്തുകയാണ്. ഈ വര്‍ഷം പലരും വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒഡീസിയും സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയും ഗംഭീര കളക്ഷനുമായി മുന്നേറുകയാണ്. രണ്ടാഴ്ചത്തെ ഇടവേളയില്‍ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചിത്രങ്ങളും അധികം വൈകാതെ വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് ഉറപ്പാണ്.

റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 911 മില്യണാണ് ഒഡീസി നേടിയത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ 250 മില്യണിലേറെ നേടിയ ചിത്രം ഈയാഴ്ച കൊണ്ട് വണ്‍ ബില്യണ്‍ ക്ലബ്ബിലേക്ക് നടന്നുകയറുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. 250 മില്യണിലേറെ ചെലവഴിച്ച് ഒരുക്കിയ ഒഡീസി ലൈഫ്‌ടൈം തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരുന്നു. ഓപ്പന്‍ഹൈമറില്‍ മിസ്സായ വണ്‍ ബില്യണ്‍ ഈ ചിത്രത്തിലൂടെ നോളന്‍ നേടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ഷൂട്ട് ചെയ്ത ഒഡീസി ഗ്രീക്ക് കാവ്യത്തിന്റെ മികച്ച ചലച്ചിത്രഭാഷ്യമാണ്. ഇന്ത്യയിലും വന്‍ വരവേല്പാണ് ഒഡീസിക്ക് ലഭിച്ചത്. 170 കോടിയിലേറെയാണ് ഒഡീസി ഇന്ത്യയില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. ക്രിസ്റ്റഫര്‍ നോളന്‍ എന്ന ബ്രാന്‍ഡാണ് ഇത്രയും വലിയ കളക്ഷന് പിന്നില്‍.

ഒഡീസി 11 ദിവസം കൊണ്ട് നേടിയ കളക്ഷന്‍ മറികടക്കാന്‍ സ്‌പൈഡര്‍മാന് വേണ്ടിവന്നത് വെറും നാല് ദിവസമാണ്. ഇതിനോടകം 927 മില്യണാണ് സ്‌പൈഡി ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന് ശേഷം മാര്‍വലിന്റെ അടുത്ത വണ്‍ ബില്യണ്‍ എന്‍ട്രിയായി ബ്രാന്‍ഡ് ന്യൂ ഡേ മാറുമെന്ന് ഉറപ്പാണ്.

ഏറ്റവും വേഗത്തില്‍ വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനം സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ സ്വന്തമാക്കിയേക്കും. എന്‍ഡ് ഗെയിമിന്റെ ഓപ്പണിങ് വീക്കെന്‍ഡ് കളക്ഷന്‍ മാത്രമാണ് ബ്രാന്‍ഡ് ന്യൂ ഡേയുടെ മുന്നിലുള്ളത്. ആദ്യവീക്കെന്‍ഡില്‍ 1.2 ബില്യണായിരുന്നു എന്‍ഡ് ഗെയിം നേടിയത്.

ഈ വര്‍ഷം ഇതിനോടകം രണ്ട് സിനിമകള്‍ വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡിസ്‌നിയുടെ ടോയ് സ്‌റ്റോറി 5, മൈക്കല്‍ ജാക്‌സന്റെ ബയോപിക്കായ മൈക്കല്‍ എന്നീ ചിത്രങ്ങളാണ് കളക്ഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഈയാഴ്ചയോടെ ഒഡീസിയും സ്‌പൈഡര്‍മാനും ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

Content Highlight: Odyssey and Spiderman Brand New Day running towards one billion club in box office

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം