സംവിധായകന്‍ ജോഷിയുടെ ഏറ്റവും പുതിയ സിനിമയാണ് ‘ആന്റണി’. ചിത്രത്തില്‍ നടി നൈല ഉഷയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

നായകനായി ജോജു ജോര്‍ജെത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, കല്യാണി പ്രിയദര്‍ശന്‍, വിജയരാഘവന്‍, ആശ ശരത് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.

‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന് ശേഷം ‘ആന്റണി’യിലൂടെ നൈല ഉഷ മറ്റൊരു ജോഷി സിനിമയുടെ ഭാഗമാകുകയാണ്.

ഇപ്പോള്‍ എന്തുകൊണ്ടാണ് ജോഷി തന്നെ സിനിമയിലേക്ക് വിളിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നൈല. ‘ആന്റണി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ജോഷി സാറിന് വളരെ കംഫേര്‍ട്ടബിള്‍ ആയിട്ടുള്ള ആളായത് കൊണ്ടാകും അത്തരത്തില്‍ സാറിന്റെ കൂടെ വീണ്ടും സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്.

സാര്‍ വിളിക്കുമ്പോള്‍ സിനിമയുടെ ഭാഗമാകാന്‍ എനിക്ക് എപ്പോഴും വലിയ സന്തോഷമാണ്. ആദ്യ സിനിമ മുതല്‍ അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. സാറിന്റെ അടുത്തിരുന്ന് സിനിമാ കഥകള്‍ കേള്‍ക്കാനും ഒരുപാട് ഇഷ്ടമാണ്.

സെറ്റില്‍ ജോഷി സാര്‍ പഴയ സിനിമകളുടെ വിശേഷങ്ങളൊക്കെ പറയാറുണ്ട്. അവസാനം സാര്‍ സംസാരിച്ചത് നാടുവാഴികള്‍ സിനിമയുടെ കഥയാണ്.

വിജയരാഘവന്‍ സാറും ജോഷി സാറും അതൊക്കെ ഇരുന്ന് സംസാരിക്കുന്നത് കാണുമ്പോള്‍ എനിക്ക് വലിയ കൗതുകമാണ്. കാരണം, ഞാന്‍ അത് ടെലിവിഷനില്‍ മാത്രം കണ്ടിട്ടുള്ള സിനിമയാണ്. അതിന്റെ കഥകള്‍ കേട്ടിരിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്.

ഇതൊക്കെ എന്റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഈ സിനിമക്ക് ജോഷി സാറിന്റെ ഫസ്റ്റ് പ്രയോറിറ്റി ഞാനായിരുന്നോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എന്തൊക്കെ ആണെങ്കിലും അവസാനം കറങ്ങിതിരിഞ്ഞ് ഞാനും അതിന്റെ ഭാഗമാകുന്നു എന്നുള്ളതാണ്,’ നൈല ഉഷ പറഞ്ഞു.


Content Highlight: Nyla Usha Talks About Director Joshiy