ഓര്‍മ്മകള്‍ രാഷ്ട്രീയമാണ് ഗോപീകൃഷ്ണന്‍, തമാശയല്ല! താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും
Opinion
ഓര്‍മ്മകള്‍ രാഷ്ട്രീയമാണ് ഗോപീകൃഷ്ണന്‍, തമാശയല്ല! താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും
എന്‍.വി ബാലകൃഷ്ണന്‍
Wednesday, 6th March 2019, 12:41 pm

1 “ഓര്‍മ്മകളുടെ മഹാസാഗരങ്ങളില്‍ നീന്തി തുടിക്കുമ്പോഴും ഓര്‍ക്കേണ്ടത് പലതും മറന്നു പോകുന്ന ആധുനിക മനുഷ്യനെ” ക്കുറിച്ച്, മറവിരോഗത്തെക്കുറിച്ച്,(Dementia) ആനന്ദ് ഒരു പഠനത്തില്‍ പറയുന്നുണ്ട്. നമ്മുടെ കാലത്തിലെ പല “മഹാന്മാരും” സുഖമായി ജീവിക്കുന്നത് ഇത്തരം ഒരു “സൗകര്യം” ഉള്ളതുകൊണ്ടാണ് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഗോപീകൃഷ്ണനെപ്പോലൊരു വലിയ കാര്‍ട്ടൂണിസ്റ്റിന് ഇങ്ങനെ സംഭവിക്കാനിടയില്ല എന്നാണ് എന്റെ വിശ്വാസം. ഇനി ഇപ്പറഞ്ഞതിന്റെ ഒരു മറുവശമുണ്ട്.

മനശാസ്ത്ര പഠനങ്ങളില്‍, ഹലൂസിനേഷന്‍ ഓഫ് ഗ്രാന്‍ഡ്യുയര്‍ (Hallucination of grandeur) എന്ന് വിളിക്കുന്ന ഒരു മാനസികാവസ്ഥ ഉണ്ട്. യഥാര്‍ത്ഥത്തിലില്ലാത്തത് ഉള്ളതായി തോന്നും. ഞാന്‍ ഗാന്ധിയോടൊപ്പവും നെഹ്‌റുവിന് ഒപ്പവും ഒക്കെ പ്രവര്‍ത്തിച്ചതാണന്ന് ചിലര്‍ക്ക് തോന്നും. അതനുസരിച്ച് പെരുമാറും, എഴുതും. മദ്യപാനം മൂലം ഇങ്ങനെ ഒരവസ്ഥ താല്‍ക്കാലികമായി ഉണ്ടാകാമത്രേ! സ്ഥിരമായി ഉണ്ടാകുന്നത് ചികിത്സ ആവശ്യമുള്ള മനോരോഗമാണന്നും പഠനങ്ങള്‍ പറയുന്നു.

2. ഞാനും ഗോപീകൃഷ്ണനെപ്പോലൊരു വലിയ മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ സംഭവിച്ചത്, ഇതിലേതാണന്ന ആശയക്കുഴപ്പത്തിലാണ് ഞാനിപ്പോള്‍. മദ്യപിക്കുന്ന സ്വഭാവം എനിയ്ക്കില്ല. ഗോപീകൃഷ്ണനെപ്പോലൊരു വലിയ മനുഷ്യനോടൊപ്പം ഇടപെട്ടതിന്റെ കഥകള്‍ എന്റെ കേവലം ഒരു തോന്നലാണങ്കില്‍ എനിയ്ക്ക് ചികിത്സ വേണ്ടി വരില്ലേ? എതായാലും എന്റെ ഓര്‍മ്മയില്‍ അങ്ങിനെ ചിലതു കൂടിയുണ്ട്.

ഞാന്‍ ദേശാഭിമാനിയുടെ കൊയിലാണ്ടി എരിയാ ലേഖകനായി 12 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു എന്നും അക്കാലത്താണ് ഗോപീകൃഷ്ണന്‍ ഒരു വിദ്യാര്‍ത്ഥിയായും സംഘടനാ പ്രവര്‍ത്തകനായും കൊയിലാണ്ടി ഗവ:കോളേജില്‍ പഠിച്ചിരുന്നതെന്നും അക്കാലത്തേ നന്നായി വരക്കാന്‍ കഴിയുന്ന, അത്യന്തം അനുഗ്രഹീതനായ ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു ഗോപീകൃഷ്ണന്‍ എന്നുമാണ് എന്റെ ഓര്‍മ്മ. അന്നൊരുനാളാണ് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കാന്‍, എ ഫോര്‍ ഷീറ്റില്‍ വരച്ച കാര്‍ട്ടൂണുകളുടെ ഒരു ചുരുള്‍ കെട്ടുമായി ഞങ്ങള്‍ ദേശാഭിമാനിയില്‍ പോയത് എന്നും എന്റെ ഓര്‍മ്മയിലുണ്ട്.. അന്ന് വി.വി.ദക്ഷിണാമൂര്‍ത്തിയായിരുന്നു മാനേജര്‍ എന്നും ഞാന്‍ ഓര്‍ക്കുന്നു.

Also read:ഒരു തരിഗാമി മതി, ഒരു സമ്പത്ത് മതി, കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതി!!

3. അന്നൊക്കെ ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണ്‍ സൈന്‍ ചെയ്തിരുന്നത് “ഗോപീകൃഷ്ണന്‍ തിക്കോടി” എന്നായിരുന്നു എന്നാണ് എന്റെ ഓര്‍മ്മയിലുള്ളത്. ഗോപീകൃഷ്ണന്‍ ഒരു പാട് വലുതായപ്പോഴാണ്, തിക്കോടി മുറിച്ചുമാറ്റിയത്. ഇന്നിപ്പോള്‍ “ഗോ” എന്നു പോലും എഴുതിയില്ലെങ്കിലും ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ലോകം തിരിച്ചറിയും. അതില്‍ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ക്കിപ്പോഴും ഒരു സ്വകാര്യ അഹങ്കാരവുമുണ്ട്. ഇതൊക്കെ എന്റെ മനോനിലയുടെ തകരാറുകൊണ്ട് വെറുതെ പറയുന്ന “പച്ചക്കള്ളങ്ങ”ളാണങ്കില്‍ നമുക്ക് വിട്ടു കളയാം. കാരണം ഞാനെഴുതിയതിന്റെ കാതല്‍ ഇതൊന്നുമായിരുന്നില്ലല്ലോ. കാതലിലേയ്ക്ക് പ്രവേശിക്കാന്‍ ഗോപീകൃഷ്ണന് എന്തോ മടിയുള്ള പോലെ; പുറത്ത് കാടിളക്കാനാണ് ഗോപീകൃഷ്ണന്‍ ശ്രമിച്ചു കാണുന്നത്.

4. ഞാന്‍ ഗോപീകൃഷ്ണനെ, വരച്ച കാര്‍ടൂണുകളെ പ്രതി, കുറ്റപ്പെടുത്തുകയായിരുന്നില്ല. പകരം കുറ്റപ്പെടുത്തുന്നവര്‍ “മരം മറഞ്ഞ് കാടു കാണാതിരിക്കുന്നവരാണ്” എന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. മാതൃഭൂമി പത്രം അതിവേഗം സവര്‍ണ്ണ ഹൈന്ദവ വര്‍ഗീയതയിലേയ്ക്ക് തെന്നിമാറിക്കൊണ്ടിരിക്കുന്നതിന്റെ നാള്‍വഴികള്‍ വിശദീകരിച്ചതോടൊപ്പം ആ വഴിയിലെ പ്രധാന മൈല്‍ കുറ്റികളാക്കെ പൊടി തട്ടി പുറത്തെടുത്തു വെച്ചു. പക്ഷേ അത്ഭുതം എന്ന് പറയട്ടെ എല്ലാത്തിനേയും സൂഷ്മമായി നിരീക്ഷിക്കുന്ന ഗോപീകൃഷ്ണന്റെ കണ്ണ് അതൊന്നും കണ്ടതേയില്ല. അതിലും ഞാനദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. മാതൃഭൂമിയില്‍ നിന്ന് ശമ്പളം പറ്റുമ്പോള്‍ “ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് ” ആകാനല്ലേ കഴിയൂ. അല്ലെങ്കില്‍ ഞാനെന്റെ ലേഖനത്തിന്റെ അവസാന ഭാഗത്ത് ചൂണ്ടിക്കാണിച്ച പോലെ നട്ടെല്ല് പതം വരാതിരിക്കണം. അത്തരക്കാരും മാതൃഭൂമിയിലുണ്ടായിരുന്നു എന്ന് കമല്‍ റാം സജീവിനെപ്പോലുള്ളവര്‍ തെളിയിച്ചതുമാണല്ലോ.

Also read: കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് നട്ടെല്ല് വരയ്ക്കാനറിയാമോ ?

5. ഗോപീകൃഷ്ണന്റെ വര എന്നും ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ആസ്വദിക്കുന്ന ആളാണ് ഞാന്‍. ഇനി നാളെ ജന്മഭൂമിയിലാണ് വരയ്ക്കുന്നതെങ്കില്‍ പോലും ആ കാര്‍ട്ടൂണിന് വേണ്ടി ഞാന്‍ ജന്മഭൂമി വാങ്ങിക്കും. ഗോപീകൃഷ്ണന്റെ ടൈം ലൈനില്‍ അഹമഹമിഹയാ നിറഞ്ഞു കൊണ്ടിരിക്കുന്ന സംഘി കമന്റുകള്‍ കണ്ട് അദ്ദേഹത്തില്‍ സംഘിത്വം ആരോപിക്കാനും ഞാനില്ല. അപ്പോഴും എന്റെ ഒരു അസ്വസ്ഥത രേഖപ്പെടുത്തട്ടെ; വേഴാമ്പല്‍ മഴയ്ക്ക് കാത്തിരിക്കുന്ന പോലെ, യുദ്ധം കാത്തിരിക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. അവരാണ് തങ്ങളുടെ പ്രൊഫൈല്‍ പിക്ച്ചറായി പോര്‍വിമാനങ്ങള്‍ ചേര്‍ക്കാറുള്ളത്. ഗോപീകൃഷ്ണനെ പോലൊരു മനുഷ്യസ്‌നേഹിയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ അതായി കൂടാ എന്ന് ഞാന്‍ വെറുതെ ആശിക്കുകയും ചെയ്യുന്നു.

6 എന്റെ മനസ്സില്‍ ഇന്നും പതിഞ്ഞു കിടക്കുന്ന ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണുകള്‍ പലതും സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് വരച്ചവയാണ്. സണ്‍ഡേ സ്‌ട്രോക്കിലോ മറ്റ് പംക്തിയിലോ എന്ത് വരക്കണമെന്ന് ഭംഗ്യന്തരേണയെങ്കിലും സൂചിപ്പിക്കുന്ന എന്തെങ്കിലും എന്റെ ലേഖനത്തിലുണ്ടോ? ആവിഷ്‌ക്കാര സ്വാതന്ത്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഏതെങ്കിലും കക്ഷി വിമര്‍ശനത്തില്‍ മുട്ടി നില്‍ക്കുന്നതുമല്ല. അതുകൊണ്ടാണ് സണ്‍ഡേസ്‌ട്രോക്കിലെ ഗോപീകൃഷ്ണന്റെ വരയ്‌ക്കെതിരെ പലരും ഉറഞ്ഞു തുള്ളിയപ്പോള്‍ അവരോട് ഞാന്‍ യോജിക്കാതിരുന്നത്. ഇപ്പോള്‍ മാത്രമല്ല, മുമ്പ് തിരുവന്തപുരം ലോ കോളേജ് സമരകാലത്ത് ഗോപീകൃഷ്ണന്റെ കാട്ടൂണിനെ വിഷയമാക്കിയതിന്റെ പേരില്‍ സി.പി.ഐ.എം സൈബര്‍ പോരാളികളില്‍ നിന്ന് ഞാന്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

7. അതിനര്‍ത്ഥം ഗോപീകൃഷ്ണന്‍ വരച്ചതിനകത്ത് അപകടകരമായ ആശയങ്ങളില്ലെന്നല്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറയുന്നവരോട് “പോ പാക്കിസ്ഥാനില്‍” എന്ന് പറയുന്ന സംഘി ബോധവും പ്രധാനമന്ത്രിയെ വിമര്‍ശിച്ച കോടിയേരിക്ക് പാക്ക് പ്രധാനമന്ത്രിയുടെ സ്വരമാണ് എന്ന് പറയുന്ന കാര്‍ട്ടൂണും തമ്മില്‍ ഒരമ്മ പെറ്റ ആശയങ്ങള്‍ എന്ന ബന്ധമില്ലേ?

ഒരു കൊലവിളി പ്രസംഗം നടത്തിയ കാസര്‍കോട്ടെ സി.പി.ഐ.എം നേതാവ് മുസ്തഫയെ കൊടുംഭീകരന്‍ മൊഹമ്മൂദ് അസറുമായി സമീകരിക്കുന്നതിലും ഇതേ സംഘപരിവാര്‍ യുക്തി പ്രവര്‍ത്തിക്കുന്നില്ലേ? കൊലവിളി പ്രസംഗം ലാഘവത്തോടെ കാണണമെന്നല്ല; അതിലും സംഘപരിവാര്‍ ഫാസിസത്തിലും അസഹിഷ്ണുതയുടെ ഒരേ തരം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് സ്ഥിരമായി വിമര്‍ശിക്കുകയും അതിന്റെ പേരില്‍ പലവിധ അധിക്ഷേപങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. കാസര്‍ഗോഡ് കാലപാതകത്തെ വിമര്‍ശിച്ച് ഈ പംക്തിയില്‍ ഞാനെഴുതിയത് ഗോപീകൃഷ്ണനും വായിക്കാവുന്നതേയുള്ളു. ഒറ്റ കാര്യമേയുള്ളൂ; ഗോപീകൃഷ്ണന് അദ്ദേഹത്തിന്റെ മനസ്സിലുള്ളത് വരയ്ക്കാന്‍ ഒരു തടസ്സവുമുണ്ടാകരുത്. അതേപോലെ അതിലൊരു സംഘിത്വമുണ്ട് എന്ന് പറയാനുള്ള സ്വാതന്ത്യം കാര്‍ട്ടൂണ്‍ കാണുന്നവര്‍ക്ക് നല്‍കുകയും വേണം.

8. അവരതു പറയുമ്പോള്‍ “എന്തു വരയ്ക്കണം? ഉപദേശം, ഭീഷണി ” എന്നൊക്കെ പരിതപിക്കുന്നതെന്തിന്? ഗോപീകൃഷ്ണന്‍ വര നിര്‍ത്തണം എന്നാരെങ്കിലും പറഞ്ഞോ? നിര്‍ത്തെരുത് എന്നല്ലേ പറഞ്ഞത്. ഈ വര കണ്ട് ഗോപീകൃഷ്ണനെ വിമര്‍ശിക്കുന്നതിന് പകരം; അത്തരം വരകള്‍ ആവശ്യപ്പെടുന്ന മാതൃഭൂമിയെ മനസ്സിലാക്കാതെ പോകരുത് എന്നല്ലേ ഞാനെന്റെ ലേഖനത്തില്‍ പറഞ്ഞത്? അപ്പോഴും ഞാനൊരു കാര്യം ബോധപൂര്‍വം പറയാതെ പറഞ്ഞു; മാതൃഭൂമി ആവശ്യപ്പെട്ടാലും അങ്ങിനെ ചെറുതാകേണ്ട ഒരു കാര്‍ട്ടൂണിസ്റ്റല്ല ഗോപീകൃഷ്ണന്‍.

9. ഒരു കാര്യം തുറന്നു പറയട്ടെ; അന്ന് ഗോപീകൃഷ്ണന് ദേശാഭിമാനിയില്‍ ജോലി കിട്ടാതിരുന്നത് നന്നായി എന്ന് കരുതുന്നയാളാണ് ഞാന്‍. കാരണം ഞാനിന്നും മനസ്സില്‍ സൂക്ഷിക്കുന്ന പല കാര്‍ട്ടൂണുകളും അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ പിറവി കൊള്ളുമായിരുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെ ഒരു ഇടാമിടുക്ക് അപ്പോഴും ഉണ്ടാകുമായിരുന്നു. അതിനെയൊക്കെ അതിലംഘിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ക്ക് ആരാധനയോടെ കാണാന്‍ കഴിയുന്ന ഇന്നത്തെ ഗോപീകൃഷ്ണനുണ്ടായത്.

ഇനിയിപ്പം വയസ്സുകാലത്ത് സംഘ പരിവാരത്തിന്റെ ആലയുടെ “സുരക്ഷ”യില്‍ കിടന്നു മരിക്കണം എന്ന് തോന്നിയാല്‍ (അങ്ങിനെയൊരിക്കലും ചിന്തിക്കാന്‍ കഴിയുന്ന ആളല്ല ഗോപീകൃഷ്ണന്‍ എന്ന് കരുതാനാണ് എനിയ്ക്കിഷ്ടം) വിധി വൈപരീത്വം എന്നല്ലാതെ എന്ത് പറയാനാണ്? തന്റെ പുറത്ത് ഒരു സംഘപരിവാര്‍ പൂടയിരിക്കുന്നുണ്ടോ എന്ന അസ്വസ്ഥത ഗോപീകൃഷ്ണന് ഉണ്ടാവേണ്ട കാര്യമില്ലല്ലോ. പിന്നെയെന്തിനാണ്, സ്വയം ന്യായീകരണ കവചം തീര്‍ക്കാനായി, എന്റേയും എ.സുരേഷിന്റെയും പഴയ വി.എസ് ഗ്രൂപ്പ് ബന്ധം ഗോപീകൃഷ്ണന്‍ ഇപ്പോള്‍ ചികഞ്ഞെടുക്കുന്നത്? എ സുരേഷ് എന്റെ നല്ല സുഹൃത്താണെന്നതല്ലാതെ അയാളുടെ എഴുത്തോ നിലപാടുകളോ ഞാനുമായി ഒരു തരത്തിലും ബന്ധപ്പെടുന്നതല്ലെന്ന കാര്യം ഗോപീകൃഷ്ണന് അറിയാത്തതുമല്ല. ഇനി ഇങ്ങനെ എഴുതുന്നത് വഴി ഞങ്ങള്‍ക്ക് എന്തോ മെച്ചം കിട്ടാനുണ്ട് എന്ന് ഗോപീകൃഷ്ണന്‍ പറയുമ്പോള്‍, എനിയ്ക്ക് വലിയ കൗതുകമുണ്ട്. അതെങ്ങിനെ എന്ന് ഒന്നു പറഞ്ഞു തന്നാല്‍ ഞാന്‍ സുരേഷിനേയും കൂട്ടി ആ മെച്ചം കൈപ്പറ്റുമായിരുന്നു.

10. കാട്ടാറുകളില്‍ ആണ്ടുകിടക്കുന്ന കല്ലിന്റെ പരുപരുപ്പ് കാലാന്തരങ്ങളില്‍ ഉരുണ്ട് മൃദുവാകും. അത് പ്രകൃതിയുടെ സാമാന്യ നിയമമാണ്. അപ്പോഴും പ്രകൃതിയില്‍ ചില സവിശേഷ വിധികളുണ്ട്. എത്ര പ്രളയങ്ങള്‍, മലവെള്ളപ്പാച്ചിലുകള്‍, തിമിര്‍ത്താലും പരുക്കനായി തന്നെ തുടരുന്ന ചില കല്ലുകളെ അത് നമുക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ടാവും. ഗോപീകൃഷ്ണന്‍ കോടിയേരിക്ക് ഇമ്രാന്‍ഖാന്റെ സ്വരം വരച്ചു ചേര്‍ക്കൂ. കോടിയേരിയുടെ വയറിന്റെ വലിപ്പം ഒരു പാട് സ്റ്റ്രച്ചിലൂടെ കുറച്ചു നോക്കൂ. അപ്പോഴും കാട്ടാറുകള്‍ ഒഴുകിക്കൊണ്ടിരിക്കും. ഇനിയും ഉരുണ്ട് മൃദുവായി, പരുവപ്പെടാന്‍ കൂട്ടാക്കാത്ത കല്ലുകള്‍ അതിനകത്ത് ആണ്ടുകിടക്കുന്നുമുണ്ടാവും.

11 ഗോപീകൃഷ്ണന്ന് എല്ലാ ഭാവുകങ്ങളും.

എന്‍.വി ബാലകൃഷ്ണന്‍
രാഷ്ട്രീയ നിരീക്ഷകന്‍