കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് നട്ടെല്ല് വരയ്ക്കാനറിയാമോ ?
Media Criticism
കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് നട്ടെല്ല് വരയ്ക്കാനറിയാമോ ?
എന്‍.വി ബാലകൃഷ്ണന്‍
Monday, 4th March 2019, 10:01 pm

“മരം മറഞ്ഞ് കാട് കാണാതിരിക്കുക” എന്ന പ്രയോഗം കാള്‍ മാര്‍ക്‌സ് പല തവണ ഉപയോഗിച്ച ഒന്നാണ്. ഒന്നിനേയും സമഗ്രമായി കാണാന്‍ കഴിയാതെ, മൂക്കിന് മുട്ടുന്നതിനെ മാത്രം കണ്ട് വിലയിരുത്തുന്ന ചിലരുണ്ട്, അവരെ പരിഹസിക്കാനാണ് മാര്‍ക്‌സ് ഈ പ്രയോഗം നടത്തിയത്. കക്ഷിരാഷ്ട്രീയത്തിന്റെ മൂക്കിനപ്പുറം കാണാത്ത ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ മാതൃഭൂമിയിലെ കാര്‍ടൂണിസ്റ്റ് ഗോപീകൃഷ്ണനെ അയാള്‍ സമീപകാലത്ത് വരച്ച ചില കാര്‍ട്ടൂണുകളെ പ്രതി തെറി വിളിക്കുന്നു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു തുണ്ടുമായി, കക്ഷിരാഷ്ട്രീയത്തിന്റെ അവസരവാദ ചന്തകളിലാകെ തിണ്ണനിരങ്ങി, “എറ്റിട്ട് തൂറ്റാന്‍ വയ്യാത്ത” ഈ വാര്‍ദ്ധക്യത്തില്‍ ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തിയ ശേഷം തിരികെ ഇടതു മുന്നണിയിലെത്തിയ രാഷ്ടീയക്കാരനായ ( എഴുത്തുകാരനായ വീരനെ എനിയ്ക്ക് ബഹുമാനമാണ്) വീരനേയും തെറി വിളിയ്ക്കുന്നു. ഗോപീകൃഷ്ണന്‍ ഇന്ന് ഇന്ത്യയിലെത്തന്നെ എണ്ണം പറഞ്ഞ കാര്‍ടൂണിസ്റ്റുകളിലൊരാളാണ്. പഴയ കൊയിലാണ്ടി കോളേജിലെ SFl ചെയര്‍മാന്‍. SFl കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒരാള്‍.

ഗോപീകൃഷ്ണന്‍

താന്‍ വരച്ച ഒന്നാം തരം ഇടതുപക്ഷ കാര്‍ട്ടൂണുകളുമായി ഈയുള്ളവനോടൊപ്പം ഗോപീകൃഷ്ണന്‍ ആദ്യമായി കയറി ചെന്നത് ദേശാഭിമാനി ഓഫീസിലായിരുന്നു; ഒരു തൊഴിലന്വേഷിച്ച്. അതൊന്നും സാദ്ധ്യമല്ല എന്ന മറുപടി കിട്ടിയപ്പോള്‍, ഗോപീകൃഷ്ണന്‍ അന്വേഷിച്ചത്; തന്റെ കയ്യിലുള്ള കാര്‍ട്ടൂണുകള്‍ ഒന്ന് നോക്കാമോ, നല്ലതാണങ്കില്‍ മാത്രം പ്രസിദ്ധീകരിക്കാമോ, അതിനെന്തെങ്കിലും പ്രതിഫലം തരാമോ, ഫ്രീലാന്റ് കാര്‍ട്ടൂണിസ്റ്റായി പരിഗണിക്കാമോ, എന്നൊക്കെയായിരുന്നു. ചുരുട്ടി വെച്ച കാര്‍ട്ടൂണ്‍ ഒന്ന് നിവര്‍ത്തി നോക്കാന്‍ പോലും സന്നദ്ധമാകാതെ അന്ന് ദേശാഭിമാനി മാനേജര്‍ സാര്‍ ഗോപീകൃഷ്ണനെ പടിയറക്കി വിട്ടു. പിന്നീടാണ് ഗോപീകൃഷ്ണന്‍ തിരുവനന്തപുരത്ത് കേരളകൗമുദിയില്‍ ആദ്യം ഫ്രീലാന്‍സായും പിന്നീട് സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായും ജോലിയില്‍ പ്രവേശിച്ചത്.

അവിടെ നിന്നാണ് മാതൃഭൂമി ഉയര്‍ന്ന പ്രതിഫലം നല്‍കി ഗോപീകൃഷ്ണനെ കൊത്തിയെടുത്തത്. അടുത്ത കാലം വരെ പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാം തരം ആക്ഷേപ ഹ്യാസ്യങ്ങള്‍ തന്നെയായിരുന്നു ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകളുടെ വിഷയം. എന്നാല്‍ അടുത്ത കാലത്തായി അവയുടെ സ്വരൂപം ഹിന്ദു വര്‍ഗ്ഗീയതയ്ക്ക് വിടുപണി ചെയ്യലായി മാറിത്തീര്‍ന്നിരിക്കുന്നു. ഇത് ഗോപീകൃഷ്ണന്റെ വിരലുകളും ചിന്തയും മലിനമായത് കൊണ്ട് മാത്രം സംഭവിച്ചതാണോ?

 

സ്വാതന്ത്യ സമര പൈതൃകമുള്ള മാതൃഭൂമിയുടെ മുഖത്തെ, ഹിന്ദു വര്‍ഗ്ഗീയതയുടെ കുരുക്കള്‍ അടുത്ത കാലത്തായി പൊട്ടിയൊലിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജന്മഭൂമിയേക്കാള്‍ ഭംഗിയായി ഇപ്പോള്‍ സവര്‍ണ്ണ ഫാസിസ്റ്റ് രാഷ്ടീയം വിളമ്പിക്കൊണ്ടിരിക്കയാണ് മാതൃഭൂമി. “ഇസ്‌ലാമിനെ അപമാനിച്ചു” എന്ന വിമര്‍ശനവുമായി ചില ഇസ്‌ലാം മൊത്തക്കച്ചവടക്കാരിറങ്ങിയപ്പോള്‍ അവര്‍ക്ക് മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് മാപ്പിരന്ന മാതൃഭൂമി മാനേജ്‌മെന്റിനെ നിങ്ങള്‍ മറന്നോ? എം.എം.ബഷീര്‍ എന്ന പ്രതിഭാധനനായ സാഹിത്യകാരന്റെ രാമായണ പഠനങ്ങള്‍ മാതൃഭൂമിയില്‍ അച്ചടിച്ചുവന്നു. രാമയണത്തെക്കുറിച്ച് പറയാന്‍ മാപ്പിളയാര് എന്ന ചോദ്യവുമായി ഹിന്ദു വര്‍ഗ്ഗീയ കോമരങ്ങള്‍ രംഗത്തിറങ്ങി.

hanuman-sena-protest

 

പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ മാന്യതയും കളഞ്ഞ് കുളിച്ച് എം.എം.ബഷീറിന് ഇടം നിഷേധിച്ച പത്രമാണ് മാതൃഭൂമി. അഖില-ഹാദിയാ വിവാദം ഹിന്ദു വര്‍ഗ്ഗീയതയ്ക്കനുകൂലമായി കത്തിച്ചെടുക്കാന്‍ പാടുപെട്ട പത്രമാണ് മാതൃഭൂമി.(ഇസ്‌ലാമിക വര്‍ഗ്ഗീയതയെ കൈമെയ് മറന്ന് സഹായിക്കാനും ഇവിടെ പത്രങ്ങളുടെ നിരയുണ്ടായിരുന്നു എന്നതും മറക്കുന്നില്ല.) എസ്.ഹരീഷിന്റെ “മീശ” നോവല്‍ പിന്‍വലിച്ചതിന് പിന്നിലെ അണിയറ നാടകങ്ങള്‍ക്ക് മേലെ, മാതൃഭൂമി എഴുതി തൂക്കിയ ഒന്നാം പേജ് മുഖപ്രസംഗംകൊണ്ട് ഒന്നും മറയ്ക്കാനായില്ല.

ശബരിമല പ്രശ്‌നം ഹിന്ദു വര്‍ഗ്ഗീയതയ്ക്കനുകൂലമായി പാകപ്പെടുത്താന്‍ മാത്രഭൂമി പത്രവും ചാനലും ഒഴുക്കിയത് പോലെ വിയര്‍പ്പ് മറേറത് മാധ്യമം ഒഴുക്കിയിട്ടുണ്ട് കേരളത്തില്‍? ഇപ്പോള്‍ സങ്കുചിതവും കപടവുമായ ദേശാഭിമാനം, യുദ്ധവെറി ഇവ സൃഷ്ടിച്ച്, അത് വിറ്റഴിച്ച് നരേന്ദ്ര മോഡിക്കനുകൂലമായ സവര്‍ണ്ണാഭിമാനം സൃഷ്ടിച്ചെടുക്കാന്‍ മാതൃഭൂമിയെപ്പോലെ നിലവിട്ട് പെരുമാറുന്ന മറേറത് പത്രമാണ് മലയാളത്തിലിന്നുള്ളത്? (അതിര്‍ത്തിയിലെ സംഘര്‍ഷസ്ഥിതി ഉത്തരവാദിത്വത്തോടെ മിതത്വം പാലിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം അതിവൈകാരികത സൃഷ്ടിച്ച് തങ്ങളുടെ പത്രത്തിലേയ്ക്കും ചാനലിലേയ്ക്കും ജനങ്ങളെ വലിച്ചിഴക്കാന്‍ എല്ലാ പത്രങ്ങളും ചാനലുകളും മത്സരിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കുന്നില്ല.

 

ലോകമാകെയുള്ള മാധ്യമങ്ങള്‍ മിതത്വം പാലിച്ചപ്പോള്‍, “മലയാള ഭാഷാ മാധ്യമങ്ങളാണ് ഒരു തത്വദീക്ഷയുമില്ലാതെ ഇത് ചെയ്തത് എന്നതും മറക്കരുത്) ഗോപീകൃഷ്ണന്‍ മുതല്‍ വേണു ബാലകൃഷ്ണന്‍ വരെയുള്ളവര്‍ക്ക് അടുത്ത കാലത്തുണ്ടായ ഭാവപ്പകര്‍ച്ച ഇതുമായി ബന്ധപ്പെട്ടാണ് വിലയിരുത്തേണ്ടത്. ഒറ്റപ്പട്ട സംഭവമായിട്ടല്ല.

മാതൃഭൂമി വാരികയോട് ഒരുപാട് അഭിപ്രയ വ്യത്യാസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും, വാരികക്ക് ഒരു പുരോഗമന മുഖം നല്‍കിയ കമല്‍റാം സജീവ് ടീമിനെ പുകച്ച് പുറത്തുചാടിച്ചതിന് പിന്നാലെ സംഘപരിവാര്‍ ഗൂഡാലോചന, ഒരു വലിയ ആഭിചാരത്തിന്റെ തുടക്കമോ ഒടുക്കമോ എന്ന് കാലം തെളിയിക്കാന്‍ പോകുന്നേയുള്ളൂ. “കേരളം പിടിക്കാനുള്ള അമിത് ഷാ അജണ്ട” അണിയറയില്‍ പണി തീര്‍ന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന് നാമറിയണം. അതിന്റെ മുന്നുപാധിയാണ്, സ്വാതന്ത്യ സമര പൈതൃകമുള്ള, കേരളത്തിലെ സവര്‍ണ്ണ വിഭാഗങ്ങളിലും മധ്യ വര്‍ഗ്ഗങ്ങളിലും ഉദ്യാഗസ്ഥ തലങ്ങളിലും വലിയ വേരുകളുള്ള മാതൃഭൂമിയെ ആരുമറിയാതെ “കാവിവല്‍ക്കരിക്കുക”എന്നത്. അതിനുള്ള “ഡീലു”കളൊക്കെ അണിയറയില്‍ ഉറപ്പിച്ചു കഴിഞ്ഞു.

കമല്‍റാം സജീവ്

പത്രം, ചാനല്‍, ആനുകാലികങ്ങള്‍, എന്നിവയില്‍ പ്രത്യേക ചുമതലയുള്ള, സംഘപരിവാര്‍ പി.ആര്‍.ഒ.മാരാണ് ( പത്രാധിപന്മാരല്ല) ഇന്ന് മാതൃഭൂമിയെ നിയന്ത്രിക്കുന്നത്. ഇതൊന്നുമറിയാതെ ഒരു കാര്‍ട്ടൂണിനും കാര്‍ട്ടൂണിസ്‌ററിനും നേരെ ചന്ദ്രഹാസമിളകുന്ന നാം, മാര്‍ക്‌സിന്റെ പരിഹാസത്തിലെ മരം മറഞ്ഞ് കടു കാണാതിരിക്കുന്നവര്‍ തന്നെയാണ്.

അപ്പോഴും ഒന്നുണ്ട്; ഗോപീകൃഷ്ണനെപ്പോലൊരു കാര്‍ട്ടൂണിസ്റ്റിന് “ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ല” എന്ന് പറയുന്ന പോലെ, തന്റെ വലിപ്പമറിയില്ല. തന്റെ വരയ്ക്കാനുള്ള സ്വാതന്ത്യം അടിയറ വെക്കാന്‍ തയാറല്ല, എന്നൊരു നിലപാട് ഗോപീകൃഷ്ണനെടുത്താല്‍, മാതൃഭൂമി മുട്ടുമടക്കുക തന്നെ ചെയ്യും. കാരണം ഗോപീകൃഷ്ണനെ വേണ്ടത് മാതൃഭൂമിയ്ക്കാണ്. ഗോപീകൃഷണന് മാതൃഭൂമി തന്നെ വേണം വരയ്ക്കാന്‍ എന്ന് നിര്‍ബന്ധമുണ്ടാകേണ്ട കാര്യമില്ല. പക്ഷേ അതിന് പഴയത് പലതും കൈമോശം വരാതെ കാത്തുവെക്കണം. പോലീസ് ലാത്തി വീശിയപ്പോഴും ദുരിത ജീവിതത്തെ നേരിട്ടപ്പോഴും വളയാതെ നിന്ന ആ പഴയ വിദ്യാര്‍ത്ഥി നേതാവിന്റെ നട്ടെല്ല്; കനത്ത ശമ്പളം, സാമൂഹ്യ പദവി, ശീതീകരിച്ച മുറി എന്നിവയിലൊക്കെ പതം വന്ന് വാഴപ്പിണ്ടിപ്പരുവമായില്ലെങ്കില്‍.

 

എന്‍.വി ബാലകൃഷ്ണന്‍
രാഷ്ട്രീയ നിരീക്ഷകന്‍