ടെല്‍ അവീവ്: മനുഷ്യാവകാശ പ്രവര്‍ത്തകയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുന്‍ ജഡ്ജിയുമായ നവി പിള്ളയ്ക്ക് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കിയതിനെതിരെ ഇസ്രഈല്‍. ഗസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിയ ഐക്യരാഷ്ട്രസഭാ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് നവി പിള്ള ആയിരുന്നു.
നൊബേല്‍ പുരസ്‌കാര സമിതിക്ക് അതിന്റെ ധാര്‍മ്മിക ബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒഫീഷ്യല് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. നവി പിള്ള ‘ഒരു വിദ്വേഷ പ്രചാരക’ ആണെന്ന് നെതന്യാഹു ആരോപിച്ചു.
‘ഒരേയൊരു ജൂത രാഷ്ട്രത്തിനെതിരെ ബ്ലഡ് ലിബല്‍ (ജൂതന്മാര്‍ക്കെതിരായ ദുഷ്പ്രചാരണങ്ങള്‍) പോലുള്ള നുണക്കഥകള്‍ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് തന്റെ ഔദ്യോഗിക ജീവിതം കെട്ടിപ്പടുത്ത ഒരു വിദ്വേഷ പ്രചാരകയ്ക്കാണ് അവര്‍ തങ്ങളുടെ പരമോന്നത ബഹുമതി നല്‍കിയിരിക്കുന്നത്,’ പ്രസ്താനയില്‍ ആരോപിക്കുന്നു.
തനിക്കെതിരായ ബലാത്സംഗക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയില്‍ വിദ്വേഷം നിറഞ്ഞ ആ സംഘത്തിനൊപ്പം ചേര്‍ന്ന അഴിമതിക്കാരനായ ഒരു പ്രോസിക്യൂട്ടര്‍ക്ക് നിയമസാധുത നല്‍കി എന്നതാണ് നവി പിള്ളയുടെ ഏറ്റവും വലിയ നേട്ടമെന്നും നെതന്യാഹു ആരോപിക്കുന്നു. ഇസ്രഈലിനെതിരായ നവി പിള്ളയുടെ കെട്ടിച്ചമച്ച ആരോപണങ്ങളെ കൂട്ടുപിടിച്ചാണ് ഇത് ചെയ്തതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
‘തന്റെ കീഴിലുള്ള ഐ.സി.സി ജീവനക്കാരെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെട്ട കരീം ഖാന്‍ ഇസ്രാഈലിനെതിരെ വ്യാജ കേസ് കെട്ടിച്ചമയ്ക്കാന്‍ പിള്ളയുടെ നുണകളെയാണ് ഉപയോഗിച്ചത്.
നുണകള്‍ നല്‍കിയത് പിള്ളയായിരുന്നു. ഖാന്‍ അവയെ ഒരു ആയുധമാക്കി മാറ്റി. ജൂതന്മാരെ രാക്ഷസവല്‍ക്കരിക്കുകയും നീതിയെ പരിഹസിക്കുകയും ചെയ്യുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആ സ്ത്രീയെയാണ് നോബല്‍ സമിതിയിലെ വഴിതെറ്റിയ അംഗങ്ങള്‍ ഇപ്പോള്‍ ആദരിക്കുന്നത്,’ നെതന്യാഹു ആരോപിച്ചു.
കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ രൂപീകരിച്ച സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായിരുന്നു നവി പിള്ള. 2021 മുതല്‍ 2025 നവംബര്‍ വരെയായിരുന്നു നവി പിള്ള ചുമതലയിലുണ്ടായിരുന്നത്. ഗസയില്‍ ഈസ്രഈല്‍ വംശഹത്യ നടത്തിയതായി ഈ കമ്മീഷനാണ് കണ്ടെത്തിയത്.
2023 ഒക്ടോബര്‍ ഏഴിന് ശേഷമുള്ള കമ്മീഷന്റെ ആദ്യ പ്രധാന റിപ്പോര്‍ട്ട് 2024 ജൂണില്‍ പുറത്തുവന്നു. ഗസയിലെ സൈനിക നടപടികള്‍ക്കിടെയുണ്ടായ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇസ്രഈല്‍ അധികൃതര്‍ ഉത്തരവാദികളാണെന്ന് ഈ റിപ്പോര്‍ട്ട് കണ്ടെത്തി.
കഴിഞ്ഞ ദിവസമായിരുന്നു ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം. സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നവി പിള്ളയെ ഇത്തവണത്തെ നൊബേല്‍ പുരസ്താരത്തിനായി തെരഞ്ഞെടുത്തതെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
അസാധാരണമായ ധൈര്യത്തോടും സത്യസന്ധതയോടും കൂടി കൂടുതല്‍ സമഗ്രമായ ആഗോള നിയമവ്യവസ്ഥയിലേക്ക് വഴിയൊരുക്കിയ വ്യക്തിക്കാണ് ഈ പുരസ്‌കാരം നല്‍കുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി. യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവയില്‍ വിചാരണയും ശിക്ഷാ നടപടികളും ഉറപ്പാക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളിയായിരുന്നു നവി പിള്ള. യു.എന്നുമായി ബന്ധപ്പെട്ട നീണ്ടകാലത്തെ ഔദ്യോഗിക ചുമതലകളും അവര്‍ നിറവേറ്റിയിരുന്നു.
‘വര്‍ണ്ണവിവേചനത്തിനെതിരെ നിലകൊണ്ട നെല്‍സണ്‍ മണ്ടേലയെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനായി നടത്തിയ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ മുതല്‍, നമ്മുടെ കാലഘട്ടത്തിലെ സുപ്രധാനമായ അന്താരാഷ്ട്ര കോടതി കേസുകളില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചത് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു പൊതുവായ ഇഴയടുപ്പം കാണാം,’ എന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Content Highlight: Nobel Peace Pricce to Navi Pillai: Netanyahu alleges Nobel Prize committee has lost its moral compass
