സര്‍വ്വം മായക്ക് ശേഷം ബേബി ഗേളും പ്രതിച്ഛായയും റിലീസായതുപോലുള്ള അവസ്ഥയിലൂടെയാണ് നിവിന്‍ പോളി ഇപ്പോള്‍ കടന്നുപോകുന്നത്. ചരിത്രവിജയമായി മാറിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയാഹ്ലാദം അടങ്ങുന്നതിന് മുന്നേ പുതിയ ചിത്രമായ യേഴ് കടല്‍ യേഴ് മലൈ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
ക്ലാസിക് സംവിധായകന്‍ റാം അണിയിച്ചൊരുക്കിയ ചിത്രത്തിന് തണുപ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഷൂട്ട് പൂര്‍ത്തിയായിട്ടും രണ്ട് വര്‍ഷത്തോളം പെട്ടിയില്‍ കിടന്ന ചിത്രം കൂടിയാണ് യേഴ് കടല്‍ യേഴ് മലൈ. ഫാന്റസിയും റൊമാന്‍സും ചേര്‍ന്ന കഥയാണ് ചിത്രത്തിന്റേത്. പ്രീ സെയിലില്‍ വെറും 35 ലക്ഷം മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.

ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ അധികം മുന്നേറില്ലെന്ന് ഏറെക്കുറെ ഉറപ്പായി. വളരെ കുറച്ച് സ്‌ക്രീനുകളില്‍ മാത്രം റിലീസായ ചിത്രത്തിന്റെ പല ഷോകളും ആളില്ലാത്തത് കാരണം ക്യാന്‍സലാവുകയും ചെയ്തു. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ തമിഴിലേക്ക് തിരിച്ചെത്തുന്നത്.
2017ല്‍ വന്‍ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ റിച്ചി ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. പ്രേമം കത്തി നില്‍ക്കുന്ന സമയത്തായിരുന്നു റിച്ചിയുടെ റിലീസ്. കന്നഡ ചിത്രം ഉളിഡവരു കണ്ടന്തേയുടെ റീമേക്കായൊരുങ്ങിയ റിച്ചി പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. ഇപ്പോഴിതാ തമിഴിലേക്കുള്ള കംബാക്ക് ബോക്‌സ് ഓഫീസില്‍ ഗോബാക്കായി മാറിയിരിക്കുകയാണ്. രാഘവ ലോറന്‍സിനൊപ്പമുള്ള ബെന്‍സിലും ഇതോടെ ആരാധകരുടെ പ്രതീക്ഷ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെത്‌ലഹേം കാരണം കത്തി നില്‍ക്കുന്ന നിവിന് മാത്രമല്ല, തമിഴില്‍ ബാക്ക് ടു ബാക്ക് ഹിറ്റുമായി കളംനിറഞ്ഞു നില്‍ക്കുന്ന സൂരിയുടെ ഹിറ്റ് സ്ട്രീക്കും യേഴ് കടല്‍ യേഴ് മലൈയോടെ അവസാനിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കില്ലെങ്കിലും നിവിനിലെ നടനെ ഒരുപാട് ഉപയോഗിച്ച ചിത്രമാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു.

8000 വര്‍ഷത്തോളമായി മരണമില്ലാത്ത മനുഷ്യനായാണ് യേഴ് കടല്‍ യേഴ് മലൈയില്‍ നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലടക്കം പല ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണിത്. പേരന്‍പ്, പറന്തു പോ തുടങ്ങിയ സിനിമകള്‍ ചെയ്ത റാമിന്റെ വ്യത്യസ്തമായ കഥപറച്ചിലാണ് ചിത്രത്തിലേത്.
Content Highlight: Nivin Pauly’s Yezhu Kadal Yezhu Malai underperforming in Box office
