‘കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് എന്തിനാടാ സിക്‌സ് പാക്ക്’ എന്ന ഡയലോഗ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ഫേമസാണ്. വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പറയുന്ന ഐക്കോണിക് ഡയലോഗാണിത്. മലയാളികള്‍ പണ്ടുമുതല്‍ കണ്ടുശീലിച്ച ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജാണ് നിവിനുള്ളത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ യേഴ് കടല്‍ യേഴ് മലൈ റിലീസിന് തയാറെടുക്കുകയാണ്. തമിഴിലെ ക്ലാസിക് സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം സൂരിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബെത്‌ലഹേം 300 കോടിയിലേറെ കളക്ട് ചെയ്തതും സൂരിയുടെ മണ്ടാടി 100 കോടി ക്ലബ്ബില്‍ കയറിയതും യേഴ് കടല്‍ യേഴ് മലൈക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിവിനും സൂരിയും നല്‍കുന്ന അഭിമുഖങ്ങളാണ് വൈറല്‍. അങ്ങേയറ്റം ഫണ്ണിയായ ഇരുവരും തമ്മില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളാണ് അഭിമുഖത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളില്‍ നടന്ന രസകരമായ സംഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു നിവിനും സൂരിയും.

‘ഈ പടത്തിന്റെ ഷൂട്ടിനിടയില്‍ സൂരിയുടെ ചില ഫോട്ടോഷൂട്ട് ഞാന്‍ കണ്ടു. പുള്ളി സിക്‌സ് പാക്ക് ഒക്കെ വരുത്തിയിട്ട് എടുത്ത ഫോട്ടോസായിരുന്നു അത്. ഞാന്‍ ഫോണ്‍ ചെയ്തിട്ട് ‘ബ്രദര്‍, ഇങ്ങനെയൊന്നും പാടില്ല, ഇതൊന്നും ശരിയല്ല, എന്റെ കൂടെ വായോ, ഏത് ബിരിയാണി വേണമെന്ന് പറഞ്ഞാല്‍ വാങ്ങിത്തരാം’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്തിനാണ് നമുക്കൊക്കെ സിക്‌സ് പാക്ക,’ നിവിന്‍ പോളി പറഞ്ഞു.

നിവിന്റെ വാക്കുകള്‍ക്ക് സൂരി നല്‍കിയ മറുപടിയും രസകരമായിരുന്നു. നിവിന്‍ അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടായിരുന്നെന്നും താനാണെങ്കില്‍ വര്‍ക്കൗട്ട് മുടക്കാന്‍ ആഗ്രഹിക്കാത്തയാളാണെന്നും താരം പറഞ്ഞു. എല്ലാ ദിവസവും ജിമ്മില്‍ പോകാനാകാത്തതുകൊണ്ട് കിട്ടുന്ന ഗ്യാപ്പില്‍ വര്‍ക്കൗട്ട് ചെയ്യുമായിരുന്നെന്നും സൂരി കൂട്ടിച്ചേര്‍ത്തു.

‘സെറ്റില്‍ ഏതെങ്കിലുമൊരു സ്‌പെയ്‌സ് ഫ്രീയായി കിടക്കുന്നത് കണ്ടാല്‍ അവിടെ വര്‍ക്കൗട്ടിനുള്ളത് സെറ്റ് ചെയ്യാന്‍ അസിസ്റ്റന്റിനോട് പറയും. അത്യാവശ്യം എക്‌സര്‍സൈസ് ചെയ്യാനുള്ള സാധനങ്ങള്‍ എപ്പോഴും കൈയിലുണ്ടാകും. അതൊക്കെ സെറ്റ് ചെയ്യുമ്പോഴാകും നിവിന്‍ അങ്ങോട്ട് വരുന്നത്. അവനെ കണ്ടാല്‍ എല്ലാം എടുത്ത് ഒളിപ്പിച്ച് വെക്കും.

അവന്‍ നമ്മളെ കാണുമ്പോള്‍ ‘കഴിച്ചോ’ എന്നാകും ചോദിക്കുക. അത് അറിയാവുന്നത് കൊണ്ട്, ‘വയറ് നിറയെ ഫുഡ് അടിച്ചിട്ട് നടക്കാന്‍ വയ്യ. കുറച്ച് നേരം റെസ്റ്റെടുക്കാമെന്ന് വിചാരിച്ചു’ എന്നേ പറയാറുള്ളൂ. കഴിച്ചില്ലെന്ന് പറഞ്ഞാല്‍ പോയി ഫുഡ് വാങ്ങിത്തരും. അവന്‍ അത് കേട്ടിട്ട് ‘ഓ… വര്‍ക്കൗട്ട് ചെയ്യുകയാണല്ലേ, ഒളിപ്പിച്ച് വെച്ചത് ഞാന്‍ കണ്ടു’ എന്ന് പറഞ്ഞിട്ട് പോകും. അതാണ് നിവിന്റെ സ്വഭാവം,’ സൂരി പറഞ്ഞു.

Content Highlight: Nivin Pauly and Soori shares the funny incident during Yezhu Kadal Yezhu Malai shoot