7 വര്‍ഷം മലയാളത്തില്‍ അഭിനയിച്ചിട്ടും അതുപോലെ ഒരു കഥാപാത്രം കിട്ടിയില്ല; തമിഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു: നിമിഷ സജയന്‍
Malayalam Cinema
7 വര്‍ഷം മലയാളത്തില്‍ അഭിനയിച്ചിട്ടും അതുപോലെ ഒരു കഥാപാത്രം കിട്ടിയില്ല; തമിഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു: നിമിഷ സജയന്‍
ഐറിന്‍ മരിയ ആന്റണി
Saturday, 14th March 2026, 4:46 pm

മലയാളികളുടെ പ്രിയ നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച താരം ചുരുങ്ങിയകാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു. ആലിയ ഭട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ നിമിഷയുടെ പെര്‍ഫോമന്‍സിനെ വാഴ്ത്തിയിരുന്നു.

ചിത്ത മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ ഡി.എന്‍.എ വരെ തമിഴ് സിനിമകളില്‍ സജീവമാകുന്ന നിമിഷയുടെ മലയാള സിനിമകള്‍ സമീപ കാലത്തൊന്നും റിലീസായിട്ടില്ല. 2023ല്‍ പുറത്തിറങ്ങിയ അദ്യശ്യ ജാലകളങ്ങളാണ് നിമിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ഇപ്പോഴിതാ തമിഴില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ തന്നെ തേടിവരുന്നുണ്ടെന്ന് നടി പറയുന്നു.

‘മലയാളത്തില്‍ ഏഴുവര്‍ഷം ഞാന്‍ അഭിനയിച്ചുവെങ്കിലും ഡി.എന്‍.എയിലെ ദിവ്യയെപ്പോലൊരു ക്യാരക്ടര്‍ ഇപ്പോഴാണ് കിട്ടിയത്. അതു പോലെതന്നെ ‘ജിഗര്‍ദാണ്ഡാ ഡബിള്‍ എക്‌സ്’ എന്ന സിനിമയിലെ മലയരശി എന്ന കഥാപാത്രവും തമിഴില്‍ നിന്നുമാണ് കിട്ടിയത്. തുടര്‍ച്ചയായി തമിഴില്‍ അഭിനയിക്കുന്നത് കൊണ്ട് മലയാളത്തില്‍ സിനിമ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല.

തമിഴില്‍ സജീവ് പാഴൂര്‍ സംവിധാനം ചെയ്ത ‘എന്നവിലൈ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതിനെത്തുടര്‍ന്ന് മറ്റൊരു വലിയ പ്രോജക്ടിലും അഭിനയിക്കുന്നുണ്ട്. തമിഴില്‍ ഞാന്‍ അഭിനയിച്ച നാല് സിനിമകളും നല്ല സിനിമകള്‍ തന്നെയാണ്. എല്ലാ സംവിധായകര്‍ക്കൊപ്പവും വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. തമിഴില്‍ മാത്രമല്ല മലയാളത്തിലും. തമിഴില്‍ പാ. രഞ്ജിത്,  മാരി സെല്‍വരാജ് എന്നിവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്,’ നിമിഷ പറയുന്നു.

തമിഴില്‍ അവസാനം വന്ന ഡി.എന്‍.എക്ക് മികച്ച പ്രതികരണം ലഭിച്ചുവെന്നും അതില്‍ താന്‍ സന്തുഷ്ടയാണെന്നും നിമിഷ പറയുന്നു. തന്റെ കഥാപാത്രവും അഭിനയിക്കുന്ന സിനിമയുടെ കഥയും പ്രേക്ഷകരുമായി കണക്ട് ആവണം എന്നുകരുതിയാണ് താന്‍ ഓരോ സിനിമയും കമിറ്റ് ചെയ്യുന്നതെന്നും തമിഴില്‍ അഭിനയിച്ച ആദ്യ സിനിമ ചിത്തക്കും വലിയ സ്വീകരണം ലഭിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ആദ്യമായി അഭിനയിച്ച സിനിമയ്ക്കുതന്നെ ഇത്രയും വലിയ ജനപ്രീതി ലഭിച്ചതിലുള്ള സന്തോഷം വിവരണാതീതമാണെന്നും ചിത്ത എന്ന സിനിമ കാരണമാണ് തമിഴില്‍ തുടര്‍ച്ചയായി സിനിമകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും നിമിഷ പറഞ്ഞു. .

എന്നവിലൈയ്ക്ക് പുറമെ അശോക് സെല്‍വനുമായി നിമിഷ ഒരു പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ട്. നവാഗതനായ മണികണ്ഠ ആനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

Content Highlight: Nimisha Sajayan says he is getting good opportunities in Tamil

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.