nilpusamaramതിരുവനന്തപുരം:”ആദിവാസി ഗ്രാമസഭ നിയമത്തെ”ക്കുറിച്ച് പൊതുസംവാദത്തിന് തുടക്കം കുറിക്കാന്‍ ഗോത്രമഹാസഭ തീരുമാനിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസി ഗോത്രമഹാസഭ നടത്തുന്ന നില്‍പ്പ് സമരം 105 ദിവസം പിന്നിട്ടിരിക്കെയാണ് ഗോത്രസഭയുടെ ഈ തീരുമാനം.

കേരളത്തിലെ നൂതനമായ നിയമനിര്‍മാണമായതുകൊണ്ട് എല്ലാ രാഷ്ടീയ പാര്‍ട്ടികളുടെയും അഭിപ്രായ സമന്വയം ഇതിനാവശ്യമാണെന്നും അതുകൊണ്ട് തന്നെ ദേശീയതലത്തില്‍ സി.പി.ഐ.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളുടെയും ചെറുതും വലുതുമായ മറ്റ് പാര്‍ട്ടികളുടെയും യു.ഡി.എഫ് ഘടക കക്ഷികളുടെയും അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും മുന്‍കൈയെടുക്കണം എന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടു.

നവംബര്‍ ഒന്ന് മുതല്‍ ഗോത്രമഹാസഭ പൊതുസംവാദം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. ഊര് ഭൂമിക്ക് ഭരണഘടനയുടെ അഞ്ചാം പട്ടികയുടെ സംരക്ഷണം നല്‍കണം എന്നതാണ് നില്‍പ്പ് സമരത്തിലെ പ്രധാന ആവശ്യം. ആദിവാസി മിഷന്‍ പുനരുജ്ജീവിപ്പിക്കുക, പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിക്കുക, അട്ടപ്പാടിയിലെ ശിശുമരണം തടയാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങളും ആദിവാസികള്‍ ഉന്നയിക്കുന്നുണ്ട്.

ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നില്‍പ്പ് സമരം തുടരും. ആദിവാസി ഭൂസംരക്ഷണ ചരിത്രത്തിലെ നിര്‍ണായക നീക്കമാണിത്. ആദിവാസി ഭൂമി അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ പട്ടികവര്‍ഗ്ഗ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ആദിവാസികളെല്ലാത്തവരുടെ ആധിവാസമേഖലകള്‍ ഒഴിവാക്കി ആദിവാസികളുടെ ഊര് മാത്രം അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഗോത്രമഹാസഭയുടെ ആവശ്യം.