സച്ചിനും അമല്‍ ഡേവിസും വീണ്ടും വരുന്നു, പക്ഷേ ഇത്തവണ മൂഡ് മാറും; വൈറലായി മോളിവുഡ് ടൈംസ് പോസ്റ്റര്‍
Malayalam Cinema
സച്ചിനും അമല്‍ ഡേവിസും വീണ്ടും വരുന്നു, പക്ഷേ ഇത്തവണ മൂഡ് മാറും; വൈറലായി മോളിവുഡ് ടൈംസ് പോസ്റ്റര്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 18th May 2026, 9:05 pm

ഒരു പിടി നല്ല ചിത്രങ്ങളാണ് നിലവില്‍ മലയാള സിനിമാ പ്രേക്ഷകരുടെ വെയിറ്റിങ് ലിസ്റ്റില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. അടുത്തിടെയായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മിനിമം ഗ്യാരണ്ടി നല്‍കിയതോടെ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കും പ്രതീക്ഷകളേറുകയാണ്. മോഹന്‍ലാലിന്റെ ദൃശ്യം 3, ആന്‍ണി വര്‍ഗീസ് പെപെ നായകനാകുന്ന കാട്ടാളന്‍, നസ്‌ലെന്‍ നായകനാകുന്ന മോളിവുഡ് ടൈംസ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്.

കൂട്ടത്തില്‍ സിനിമാ പ്രേമികള്‍ ഒരു പ്രത്യേക താത്പര്യത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്‌ലെന്‍ പ്രധാനവേഷത്തിലെത്തുന്ന മോളിവുഡ് ടൈംസ്. ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെതായി ഇപ്പോള്‍ പുറത്തുവന്ന പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന നസ്‌ലെനെയും സംഗീത് പ്രതാപിനെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

മോളിവുഡ് ടൈംസ്. Photo: IMDB

മലയാളത്തിലെ യുവതാരങ്ങളില്‍ ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ കോമ്പോയാണ് സംഗീത് പ്രതാപിന്റയും നസ്‌ലെന്റെയും. 2024ല്‍ ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോം-കോം ചിത്രം പ്രേമലുവില്‍ സച്ചിനായും അമല്‍ ഡേവിസായും വേഷമിട്ട ഇരുവരെയും വീണ്ടും വെള്ളിത്തിരയില്‍ കാണാനാകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് പ്രേക്ഷകര്‍. എന്നാല്‍ പ്രേമലു സെറ്റ് ചെയ്ത പോലെ ഒരു പക്കാ കോമഡി എന്റര്‍ടെയിനര്‍ മോഡിലായിരിക്കില്ല മോളിവുഡ് ടൈംസ് സെറ്റ് ചെയ്യുക എന്നത് ഏറെക്കുറെ ഉറപ്പാണ്.

ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് ആണെന്നതാണ് ഇതിന്റെ കാരണം. ഡാര്‍ക്ക് കോമഡി ക്രൈ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ അതേ മൂഡിലായിരിക്കും മോളിവുഡ് ടൈംസും ഒരുക്കുക എന്ന് സംവിധായകന്‍ ഏറെക്കുറെ സൂചന നല്‍കിയിരുന്നു. ചിത്രത്തിന്റെ ഇതിനോടകം പുറത്തുവന്ന അപ്‌ന ഫ്രൈഡേ ആയേഗാ ഗാനത്തില്‍ തിയേറ്ററില്‍ സിനിമയ്ക്കിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന സീന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Photo: Ott Play

സക്‌സസ് ട്രിയോളജിയില്‍ മൂന്ന് ചിത്രങ്ങള്‍ ചെയ്യാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അതില്‍ ആദ്യത്തേതായിരുന്നു മുകുന്ദനുണ്ണിയെന്നും രണ്ടാമത്തേത് മോളിവുഡ് ടൈംസ് ആണെന്നും സംവിധായകന്‍ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രം താന്‍ നസലെന് വേണ്ടി എഴുതിയതാണെന്നും താരം സമ്മതം മൂളിയിട്ടില്ലായിരുന്നെങ്കില്‍ ചിത്രവുമായി മുന്നോട്ട് പോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ആദ്യ ചിത്രത്തിലൂടെ അഭിനവ് ഉണ്ടാക്കിയെടുത്ത വിശ്വാസവും നസ്‌ലെന്‍-സംഗീത് കൂട്ടുകെട്ടും ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയാക്കുന്നുണ്ടെന്നതില്‍ സംശയമില്ല.

Content Highlight: New poster of Mollywood times featuring  Sangeeth Prathap and Naslen in lead

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.