ഇന്ത വാട്ടി മിസ് ആകാത് ഡി.ക്യൂ; ഐ ആം ഗെയിമിന്റെ കലക്കന്‍ പോസ്റ്റര്‍ പുറത്ത്
Malayalam Cinema
ഇന്ത വാട്ടി മിസ് ആകാത് ഡി.ക്യൂ; ഐ ആം ഗെയിമിന്റെ കലക്കന്‍ പോസ്റ്റര്‍ പുറത്ത്
ഐറിന്‍ മരിയ ആന്റണി
Tuesday, 3rd February 2026, 7:43 pm

നിഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിമിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. സിനിമയിലെത്തിയ ദുല്‍ഖര്‍ 14 വര്‍ഷം തികയുന്ന വേളയിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

ആര്‍.ഡി.എക്‌സിന് ശേഷം നിഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു. കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ട്.

ഇപ്പോഴിതാ കൈ നിറയെ ചോരയും കൈയ്യില്‍ തോക്കുമായിരിക്കുന്ന ദുല്‍ഖറിന്റെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഓണം തൂക്കാന്‍ ദുല്‍ഖര്‍ വരുന്നുണ്ട്, ഈ കൊല്ലം തൂക്കും, ഇന്ത വാട്ടി മിസ് ആകാത് എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് പോസ്റ്റര്‍ സൂചന നല്‍കുന്നത്.

വന്‍ ബജറ്റിലൊരുങ്ങുന്ന ഐ ആം ഗെയിം അവസാനഘട്ട ഷൂട്ടിലാണ്. കൊച്ചി. ദുബായ്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഐ ആം ഗെയിമിന്റെ യഥാര്‍ത്ഥ ഴോണര്‍ എന്താണെന്ന് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 20ന് ഓണം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ തിയേറ്റര്‍ ചാര്‍ട്ടിങ് ആരംഭിച്ചുകഴിഞ്ഞു.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഐ ആം ഗെയിമിന്റെ ലൊക്കേഷനിലെത്തിയത് വലിയ വാര്‍ത്തയായയിരുന്നു. മമ്മൂട്ടി ക്രൂ അംഗങ്ങളോടും നഹാസിനോടും സംസാരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന് പുറമെ ആന്റണി വര്‍ഗീസ് പെപ്പെ, കയേദു ലോഹര്‍, മിഷ്‌കിന്‍, കതിര്‍, സാന്‍ഡി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ്.

ജേക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, 2018 എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചമന്‍ ചാക്കോയാണ് സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

Content Highlight:  New poster of Dulquer Salmaan’s film I Am Game is out

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.