New OTT Releases; സര്‍വ്വം മായക്ക് മുമ്പുള്ള ഡെലൂലുവിന്റെ ആദ്യ പടം, ഈ വര്‍ഷത്തെ ഏറ്റവും ബെസ്റ്റ് ആക്ഷന്‍ സിനിമ... ഒ.ടി.ടിയില്‍ ഈയാഴ്ച ഗംഭീര ട്രീറ്റ്
Indian Cinema
New OTT Releases; സര്‍വ്വം മായക്ക് മുമ്പുള്ള ഡെലൂലുവിന്റെ ആദ്യ പടം, ഈ വര്‍ഷത്തെ ഏറ്റവും ബെസ്റ്റ് ആക്ഷന്‍ സിനിമ... ഒ.ടി.ടിയില്‍ ഈയാഴ്ച ഗംഭീര ട്രീറ്റ്
അമര്‍നാഥ് എം.
Thursday, 25th June 2026, 4:20 pm

ഒ.ടി.ടിയില്‍ ഈയാഴ്ച സിനിമാ- സീരീസ് പ്രേമികള്‍ക്ക് ഗംഭീര ട്രീറ്റാണ് കാത്തിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി സിനിമകളും സീരിസുകളും ഈയാഴ്ച പ്രേക്ഷകരിലേക്കെത്തും. വ്യത്യസ്ത ഴോണറിലുള്ള സിനിമകളും സീരീസുകളുമാണ് വീക്കെന്‍ഡ് ഗംഭീരമാക്കാനായി ഇന്നും നാളെയുമായി എത്തുന്നത്.

ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായ തമിഴ് ചിത്രം ബ്ലാസ്റ്റാണ് ലിസ്റ്റിലെ പ്രധാനി. അര്‍ജുന്‍ സര്‍ജ നായകനായെത്തിയ ആക്ഷന്‍ ത്രില്ലറില്‍ അഭിരാമി, പ്രീതി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കണ്ടുമടുത്ത കഥയുടെ ഗംഭീര അവതരണമായിരുന്നു ബ്ലാസ്റ്റ്. ബോക്‌സ് ഓഫീസില്‍ 75 കോടിയിലേറെ നേടിയ ബ്ലാസ്റ്റ് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ജൂണ്‍ 25നാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ്.

ബ്ലാസ്റ്റ് Photo: Theatrical poster

രാജാറം എന്ന കരാട്ടെ മാസ്റ്ററുടെ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ചില അതിഥികള്‍ കടന്നുവരുന്നതും അവരെ എതിരിടുന്ന കുടുംബത്തിന്റെയും കഥയാണ് ബ്ലാസ്റ്റിന്റേത്. ആക്ഷന്‍ സിനിമകളുടെ അതേ ടെംപ്ലേറ്റില്‍ കഥപറഞ്ഞ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ചു. നവാഗതനായ സുഭാഷ് കെ. രാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

മാത്യു തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കപ്പ് ആണ് അടുത്ത ഒ.ടി.ടി റിലീസ്. മാത്യുവിന് പുറമെ ബേസില്‍ ജോസഫ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രന്‍, ഗുരു സോമസുന്ദരം തുടങ്ങിവരും കപ്പിന്റെ ഭാഗമാണ്. സര്‍വ്വം മായയിലൂടെ ശ്രദ്ധ നേടിയ റിയ ഷിബുവിന്റെ ആദ്യചിത്രം കൂടിയാണ് കപ്പ്. 2022ല്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം 2024ലാണ് തിയേറ്ററുകളിലെത്തിയത്.

കപ്പ് Photo: Theatrical poster

 

ഫീല്‍ ഗുഡ് സ്‌പോര്‍ട്‌സ് ഴോണറിലൊരുങ്ങിയ ചിത്രത്തിന് തിയേറ്ററില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. തിയേറ്ററിലെത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് കപ്പ് ഒ.ടി.ടിയിലെത്തുന്നത്. മനോരമ മാക്‌സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ന് (ജൂണ്‍ 25) മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.

ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് കേന്ദ്ര കഥാപാത്രമായെത്തിയ രാജ ശിവാജിയും ഈയാഴ്ച ഒ.ടി.ടിയിലെത്തുന്നുണ്ട്. മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമായ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ദി ബെയര്‍ സീരീസിന്റെ പുതിയ സീസണും ഈയാഴ്ചയിലെ അട്രാക്ഷനാണ്.

Content Highlight: New OTT releases of this week

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം