nisam1തിരുവനന്തപുരം: ശോഭാ സിറ്റിയിലെ സുരക്ഷാ ജിവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിസാമിനെതിരെ കാപ്പ നിയമം ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.

“കേസില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല. കാപ്പ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പരിശോധിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.” ആഭ്യന്തരമന്ത്രി പറഞ്ഞു. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുക.

കാപ്പ നിയമം ചുമത്തുന്നതുമായി ബന്ധപ്പെട്ട നടിപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. നിസാം പ്രതിയായിട്ടുള്ള മറ്റു മറ്റ് കേസുകള്‍ സ്വാധീനം ഉപയോഗിച്ച് തേച്ച് മായ്ച്ചു കളഞ്ഞുവെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്.

കേസില്‍ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന പേരാമംഗലം സി.ഐ ബിജു കുമാറിനെതിരെ ഉപലോകായുക്ത സ്വമേധയാ കേസെടുത്തുട്ടുണ്ട്. അദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണവും നടന്നേക്കും. മരിക്കുന്നതിന് മുമ്പ് മൂന്നാഴ്ചക്കാലം ആശുപത്രിയില്‍ കഴിഞ്ഞ ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

നിലവില്‍ കേസുമായി ബന്ധപ്പെട്ട് നിസാമിന്റെ ഭാര്യയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ചന്ദ്രബോസിനെ നിസാം ആക്രമിക്കുമ്പോള്‍ ഭാര്യ അമലും സമീപത്തുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിക്കുന്നത്. അമല്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം.

കഴിഞ്ഞ മാസം 29നായിരുന്നു ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് നിസാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നത്.  മര്‍ദ്ദനത്തില്‍ ചന്ദ്രബോസിന്റെ ഇടുപ്പെല്ലും നട്ടെല്ലും തകര്‍ന്നിരുന്നു.