ഭീകര സംഘടനകൾക്ക് ഇൻഷുറൻസ് പോളിസികൾ നൽകാൻ ഉദ്ദേശിക്കുന്നില്ല: നെതന്യാഹു
Trending
ഭീകര സംഘടനകൾക്ക് ഇൻഷുറൻസ് പോളിസികൾ നൽകാൻ ഉദ്ദേശിക്കുന്നില്ല: നെതന്യാഹു
മുഹമ്മദ് നബീല്‍
Friday, 13th March 2026, 4:20 pm

ടെൽ അവീവ്: ഇറാന്റെ പുതിയ പരമോന്നത നേതാവിനെതിരെ പരോക്ഷ ഭീഷണിയുമായി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഭീകര സംഘടനകൾക്ക് ഇൻഷുറൻസ് പോളിസികൾ നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു നെതന്യാഹുവിന്റെ പരോക്ഷ ഭീഷണി.

അമേരിക്കയും ഇസ്രഈലും സംയുക്തമായി ഇറാനെതിരെ ആക്രമണം നടത്തിയതിനു ശേഷം ആദ്യമായി പത്ര സമ്മേളനം നടത്തവേയാണ് നെതന്യാഹുവിന്റെ പരാമർശം.

രണ്ടാഴ്ചയായിതുടരുന്ന ആക്രമണത്തിൽ ഇറാൻ ഇനി ഒരിക്കലും പഴയതുപോലെ ആവാത്തവിധം മാറിപ്പോയെന്നും ഇസ്രഈൽ പ്രധാനമന്ത്രി പറഞ്ഞു.

ഇറാൻ്റെ റെവല്യൂഷണറി ഗാർഡിനും, ബസിജ് അർധസൈനിക വിഭാഗത്തിനും കനത്ത തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാർച്ച് രണ്ട് മുതൽ തങ്ങളുടെ പരമോന്നത നേതാവിനെ കൊലചെയ്തതിന്‌ ഇറാൻ തിരിച്ചടി നൽകുകയാണ്.

ലെബനനിലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്ന് നെതന്യാഹു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ഇറാൻ്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖാംനഇ ഹിസ്ബുല്ല നേതാവ് നയിം ഖാസിമിക്കുമെതിരായി ഇസ്രഈൽ എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് നെതന്യാഹു കൃത്യമായ മറുപടി നൽകിയില്ല.

ഭീകര സംഘടനകളുടെ നേതാക്കൾക്ക് ഞാൻ ലൈഫ് ഇൻഷുറൻസ് പോളിസികൾ നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നും തങ്ങൾ എന്താണ് ആസൂത്രണം ചെയ്യുന്നതെന്ന് ഇവിടെ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അദ്ദേഹം മറുപടി നൽകിയത്.

ആക്രമണങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഉയർത്തിയിരുന്ന ഭീഷണി ഇപ്പോൾ ഇല്ലെന്ന് നെതന്യാഹു പത്രസമ്മേളനത്തിൽ പറഞ്ഞു.

താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ട്രംപുമായുള്ള സംഭാഷണം വളരെ സ്വതന്ത്രവും തുറന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരെയുള്ള ആക്രമണം ചെലവേറിയതാണെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഇസ്രഈൽ യുദ്ധകാല ബജറ്റ് അവതരിപ്പിക്കുമെന്നും നെതന്യാഹു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Content Highlight:Netanyahu: No plans to provide insurance policies to terrorist organizations

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം