ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയയെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ പറയട്ടേ..
COVID-19
ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയയെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ പറയട്ടേ..
ഡോ: നെല്‍സണ്‍ ജോസഫ്
Thursday, 12th March 2020, 5:27 pm

ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയയെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ പറയട്ടേ..

എല്ലാ ദിവസവും മുടങ്ങാതെ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കാര്യമാണ് വൈകിട്ടത്തെ ആരോഗ്യമന്ത്രിയുടെ പ്രസ് മീറ്റ് കാണല്‍.

വൈകിട്ട് അതിന്റെ വിവരങ്ങളുടെ ചുരുക്കം എഴുതി പോസ്റ്റായി അപ്‌ഡേറ്റ് ചെയ്യാനും ശ്രമിക്കാറുണ്ട്.

പ്രസ് മീറ്റുകള്‍ ശ്രദ്ധിച്ചാല്‍ കുറച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞേക്കും.

വെറുതെ കണക്കുകള്‍ പറഞ്ഞുപോവുകയല്ല ചെയ്യുന്നത്. എങ്ങനെയൊക്കെയാണ് ആ കണക്കുകള്‍ എത്തിച്ചേര്‍ന്നതെന്ന് തൊട്ട് അവസാനം എന്തെല്ലാം നടപടികള്‍ എടുത്തുവെന്നും എന്തൊക്കെയാണ് പ്ലാനുകളെന്നും വരെയുണ്ട്.

അതിനു ശേഷം ചോദ്യങ്ങളും മറുപടികളും.

ഇതാണ് രീതി..ചിലപ്പൊ ശരീരഭാഷ വരെ സംസാരിക്കുന്നുണ്ട്.

മുന്‍പ് പകര്‍ച്ചവ്യാധികള്‍ നേരിട്ട പരിചയം വച്ച് ഇതും നേരിടാം എന്ന ആത്മവിശ്വാസത്തില്‍ നിന്ന് ഇടയ്ക്ക് വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന സംശയവും വീണ്ടും തിരിച്ച് ആത്മവിശ്വാസവുമൊക്കെ….

മാത്രമല്ല, തികച്ചും വസ്തുതാപരമായ കാര്യങ്ങള്‍ മാത്രമാണ് ആ പത്രസമ്മേളനങ്ങളില്‍ പറഞ്ഞു കണ്ടിട്ടുള്ളത്.അതിനപ്പുറത്തേക്ക് അവകാശവാദങ്ങളോ വെല്ലുവിളികളോ ശ്രദ്ധിച്ചിട്ടില്ല

തീര്‍ച്ചയായും വിയോജിപ്പുകളുണ്ട്. തിരുത്തേണ്ട കാര്യങ്ങളുണ്ടെന്ന് കരുതുന്നുണ്ട്. പക്ഷേ…കേരളത്തില്‍ ചെയ്യുന്നതിന്റെ പത്തിലൊന്ന് ചെയ്യാത്ത വിദേശ രാജ്യങ്ങളുണ്ടെന്ന് സുഹൃത്തുക്കള്‍ വഴി അറിയുന്നതാണ്.

ഇവിടം പെര്‍ഫെക്റ്റ് ഒന്നുമല്ല. പക്ഷേ ഒരുപാട് വികസിത രാജ്യങ്ങളെ പിന്നിലാക്കുന്ന ശ്രമങ്ങള്‍ നമ്മുടെ ആശാ വര്‍ക്കര്‍മാര്‍ തൊട്ട് ഡോക്ടര്‍മാരും അഡ്മിനിസ്‌റ്റ്രേഷനും നടത്തുന്നുണ്ട്

ആരോഗ്യമന്ത്രി നേരിട്ട് തരുന്ന പ്രസ് മീറ്റ് കൊണ്ടുള്ള ഗുണമെന്താണെന്ന് വച്ചാല്‍ വിവരങ്ങളുടെ ആധികാരികത അന്വേഷിച്ച് നമ്മള്‍ വേറെ സോഴ്‌സുകളൊന്നും തപ്പിപ്പോവേണ്ട കാര്യമില്ല എന്നതാണ്.

വ്യാജ സന്ദേശങ്ങളും ഊഹാപോഹങ്ങളുമൊന്നും പരക്കില്ല.

കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കട്ടെ..വ്യാജവാര്‍ത്തയും വ്യാജസന്ദേശവും ഉണ്ടാക്കുന്ന ഡാമേജും പരിഭ്രാന്തിയും പരിഹരിക്കാന്‍ ഓടുന്ന സമയത്ത് ഉപകാരമുള്ളത് എന്തെല്ലാം ചെയ്യാം

യുനെസ്‌കോയുടെ വരെ നിര്‍ദേശമിറങ്ങുന്നിടത്ത് പത്രക്കുറിപ്പൊന്നും കണ്ട് വിശ്വസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ തള്ളാണെന്ന് കരുതരുത്..

കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് ആരോഗ്യവകുപ്പ് അവരെ വിശ്വാസത്തിലെടുക്കുന്നുണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. അതും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കും…

അല്ലാതെ അവരെ ഇരുട്ടത്ത് നിര്‍ത്തുന്നതിനോട് യോജിപ്പില്ല..

ചെയ്യേണ്ടത് ചെയ്യുന്നവര്‍ക്ക് ശ്രദ്ധ കിട്ടണം…
അതിലെന്താണ് തെറ്റ്.