സര്‍ക്കീട്ട് എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. ഹ്രസ്വചിത്രങ്ങളിലും റീല്‍സുകളിലുമൊക്കെ ഒരുപാട് കണ്ടത് കൊണ്ട് ക്‌ളീഷേ ആയിപോകാവുന്ന ഒരു സീന്‍. എന്നാല്‍ ആസിഫ് അലി എന്ന നടന്റെ അഭിനയമികവ് ഒന്ന് കൊണ്ട് മാത്രം ആ സീന്‍ പ്രേക്ഷകരുടെ മനസ്സിനെ ആഴത്തില്‍ തൊട്ടു പോകുന്നുമുണ്ട്.
ഒരു കാലിച്ചായ കുടിച്ച് കൊണ്ട് തന്റെ കഠിനമായ വിശപ്പിനെ പ്രതിരോധിക്കാമെന്ന് കരുതി ഇരുന്നവന്റെ മുന്‍പിലേക്ക് കടക്കാരന്‍ ചോറും, കറിയും വിളമ്പി വെക്കുമ്പോള്‍ ഷമീറിന്റെ കണ്ണുകളില്‍ ചില ഭാവങ്ങള്‍ മിന്നി മറിയുന്നു.
തന്നെ അലട്ടിയിരുന്ന വിശപ്പ് പറയാതെ അറിഞ്ഞതിന്റെ നന്ദിയും, കടപ്പാടുമൊക്കെ ചോറ് പാത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി കണ്ണുകള്‍ കൊണ്ട് പറഞ്ഞു പോകുന്ന ഒരു രംഗം. അസാധ്യമായിരുന്നു അത്.
അത് പോലൊരു സീന്‍ ഇത്ര ആഴത്തില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍. നിലവിലുള്ള യുവ നായകന്മാരില്‍ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ‘ഇല്ല’ എന്ന് തന്നെയാണ് അതിന്റെ ഉത്തരം.
ഫീല്‍-ഗുഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ഈ കൊച്ചു ചിത്രത്തില്‍ ഇതുപോലെ ഹൃദയത്തെ തൊട്ടു തലോടി പോകുന്ന വേറേയും ഒരുപാട് സീനുകളുണ്ട്.
പ്രത്യേകിച്ച് വിസിറ്റ് വിസയില്‍ ഗള്‍ഫില്‍ ജോലി നോക്കി വരുന്നവര്‍ക്ക് കണക്റ്റ് ആകുന്ന ഒരുപാട് രംഗങ്ങള്‍. അങ്ങനെ എത്തുന്നവര്‍ക്ക് ജോലി പ്രഥമ പരിഗണനയും, വിശപ്പെന്നത് രണ്ടാമതുമാകുമ്പോള്‍ ഉണ്ടാകുന്ന കാര്യമാണ് തുടക്കത്തില്‍ പറഞ്ഞ സീനിലുള്ളതും.
ഉറ്റവരില്ലാത്ത നാട്ടില്‍ അതിജീവിക്കാന്‍ നെട്ടോടുമ്പോള്‍ വില്ലനായി വരുന്ന വിശപ്പിനെ മറികടക്കാന്‍ എല്ലാ കാലത്തും എല്ലാ നാട്ടിലും ഇത് പോലുള്ള സുമനസ്‌കരായ കടക്കാര്‍ ഉണ്ടാവാറുണ്ട് എന്നത് സത്യമായ കാര്യമാണ്.
മനുഷ്യനും, അവന്റെ വിശപ്പും നില നില്‍ക്കുന്നിടത്തോളം കാലം ഈ ക്‌ളീഷേ രംഗങ്ങള്‍ ഇനിയുമെക്കാലവും തുടര്‍ന്ന് പോകുകയും ചെയ്യും.
ഇതുപോലെ ഒരുപാട് യുവാക്കളുടെ മനസ്സ് പിടിച്ചു കുലുക്കാന്‍ കെല്‍പ്പുള്ള മറ്റൊരു ഡയലോഗ് കൂടി തിരക്കഥാകൃത്ത് ഇതില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.
തന്റെ നിസ്സഹായത സുഹൃത്തിനോട് പറഞ്ഞു പോകുന്നതിനിടയില്‍ സ്വന്തം ഉമ്മയെ ഓര്‍മ്മിച്ചു കൊണ്ട് പറഞ്ഞു പോകുന്നൊരു ഡയലോഗ്.
സ്വന്തം വീട്ടുകാരുടെ മുന്‍പില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഉമ്മ മകനില്‍ വിശ്വസിച്ചു പറയുന്ന ആ വാക്കുകള്‍ ഇതിനോടകം ഭൂമിയില്‍ ജന്മമെടുത്ത ലക്ഷോപലക്ഷം ആണ്‍മക്കള്‍ ഇതിനോടകം കേട്ടിട്ടുണ്ടായിരിക്കണം.
‘എനിക്കെന്ന് പറഞ്ഞു ഒന്നിനെ പടച്ചോന്‍ തന്നിട്ടുണ്ട്. നിങ്ങള്‍ ആരും ബേജാറാകേണ്ട ഇന്നെ ഓന്‍ നോക്കിക്കോളും’എന്ന ഉമ്മയുടെ വാക്കുകളും 27 വയസ്സായിട്ടും ഉമ്മയുടെ ആ വാക്കുകളെ നീതിപൂര്‍വ്വം സമീപിക്കാന്‍ കഴിയാതെ നിസ്സഹായനായി നില്‍ക്കുന്ന മകന്റേയും ചിത്രം എത്ര പേരുടെ ഹൃദയത്തെ പൊള്ളിച്ചു എന്നെനിക്കറിഞ്ഞു കൂടാ.
എന്നാല്‍ കാലം പ്രകാശ വേഗത്തില്‍ മുന്‍പോട്ടു കുതിക്കുന്നതിനിടയ്ക്ക് ഇപ്പോഴും ഉമ്മയെ നോക്കി തൃപ്തി വരാത്ത എനിക്ക് ആ സംഭാഷണവും, മകന്റെ നില്‍പ്പും മൊത്തത്തില്‍ എന്നെ പിടിച്ചു കുലുക്കാന്‍ പോന്ന ഒന്നായിരുന്നു.
ഇതേ വിഷയത്തെ പറ്റി പണ്ടെപ്പോഴോ സംസാരിച്ചപ്പോള്‍ സുഹൃത്ത് ബഷീര്‍ മുഹമ്മദ് പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മിച്ചെടുക്കുകയാണ്.