കരിഞ്ഞ ചോറും കരിഞ്ഞ ചപ്പാത്തിയും അരിവെള്ളവും; യു.പിയിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ വിതരണത്തില്‍ ഗുരുതര വീഴ്ച
Negligence in meal distribution
കരിഞ്ഞ ചോറും കരിഞ്ഞ ചപ്പാത്തിയും അരിവെള്ളവും; യു.പിയിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ വിതരണത്തില്‍ ഗുരുതര വീഴ്ച
ശ്രീലക്ഷ്മി പി.പി
Thursday, 13th August 2026, 5:50 pm

ഹമീർപുർ: ഉത്തർപ്രദേശിലെ ഹർദോയി, ഹമീർപൂർ, സീതാപൂർ ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നു.

ഹർദോയിലെ തഡിയാവാൻ ബ്ലോക്കിലെ പ്രൈമറി സ്കൂളിൽ പരിപ്പുകറിയില്ലാതെ കരിഞ്ഞ ചോറ് വിദ്യാർഥികൾക്ക് നൽകിയതായി റിപ്പോർട്ട് പുറത്തുവന്നു. അന്വേഷണത്തിൽ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം മോശമായത് കണ്ടെത്തിയിട്ടുണ്ട്.അതിനുപുറമെ അധ്യാപകർക്കിടയിലെ തർക്കങ്ങളും അധ്യാപന നിലവാരം ദുർബലമായതും കണ്ടെത്തി. തുടർന്ന് ഹെഡ്മാസ്റ്റർ രാജേഷ് കുമാറിനെയും അസിസ്റ്റന്റ് ടീച്ചർ വിനോദ് കുമാറിനെയും സസ്‌പെൻഡ് ചെയ്തു.

ഹമീർപൂരിൽ കുട്ടികൾക്ക് വേവിച്ച ചോറും വെള്ളവും മഞ്ഞളും ജീരകവും ചേർന്ന കറിയ്ക്ക് സമാനമായ ഒരു തരം പാനീയം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആവശ്യമായ പോഷക ഘടകങ്ങൾ ഭക്ഷണത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ.

സീതാപൂരിലെ സർക്കാർ പ്രൈമറി സ്കൂളിൽ വിദ്യാർഥികൾക്ക് കരിഞ്ഞ ചപ്പാത്തിക്കൊപ്പം പച്ചക്കറികളുടെ അംശം പോലും വളരെ കുറവുള്ള നേർത്ത ഉരുളക്കിഴങ്ങ് കറി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പ്രാദേശിക അധികൃതർ അന്വേഷണം ആരംഭിക്കുകയും ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

മൂന്ന് ജില്ലകളിലെയും സംഭവങ്ങൾ സർക്കാർ സ്കൂളുകളിലെ ഭക്ഷ്യസുരക്ഷ, പോഷകാഹാര മെനു പാലിക്കൽ, ഉച്ചഭക്ഷണ പദ്ധതിയുടെ മേൽനോട്ടം എന്നിവയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. വ്യാപക പ്രതിഷേധത്തെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പുകൾ ഉത്തരവാദികളായ ഹെഡ്മാസ്റ്റർമാർക്കെതിരെ നടപടി സ്വീകരിക്കുകയും പാചകക്കാർക്കെതിരെ നടപടിയെടുക്കുകയും മേൽനോട്ട ചുമതലയുള്ള ബ്ലോക്ക് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കേണ്ട പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഈ സംഭവങ്ങൾ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Content Highlight:Negligence in Mid-Day Meal Distribution at Primary Schools in Uttar Pradesh.

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.