ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ. നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കണമെന്ന് ദീപ്‌കെ കത്തിലൂടെ ആവശ്യപ്പെട്ടു.
പരീക്ഷാ ക്രമക്കേടുകളും പേപ്പര്‍ ചോര്‍ച്ചയും മൂലമുണ്ടായ മാനസിക സമ്മര്‍ദം കാരണം രാജ്യത്ത് 11 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതായും ഇത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി.
‘പരീക്ഷാ പേ ചര്‍ച്ച’ നടത്തുന്ന സര്‍ക്കാര്‍, മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കാന്‍ പോലും തയ്യാറായില്ലെന്നും ദീപ്‌കെ കത്തില്‍ വിമര്‍ശിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തെ താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ആ കുടുംബങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ മക്കളുടെ നല്ല വിദ്യാഭ്യാസത്തിനായി പല കുടുംബങ്ങളും വലിയ ലോണുകള്‍ എടുത്തിരുന്നു. വ്യവസ്ഥയുടെ പരാജയം മൂലം അവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് കളഞ്ഞു,’ ദീപ്‌കെ പറഞ്ഞു.
തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ വിദ്യാഭ്യാസം നല്‍കാനായി ചെലവഴിച്ച മക്കളെ നഷ്ടപ്പെട്ടതോടെ, ഈ കുടുംബങ്ങള്‍ പൂര്‍ണമായും അനാഥരായിരിക്കുകയാണെന്നും അടിയന്തര ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
‘ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സങ്കീര്‍ണ്ണമായ പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ നിങ്ങളുടെ ഭരണകൂടം തയ്യാറാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഒരു മാസമായി കോക്രോച്ച് ജനതാ പാര്‍ട്ടി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ഞങ്ങളുടെ ആവശ്യങ്ങള്‍ക്കായി രാജ്യത്തുടനീളം പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഈ ജീവനഷ്ടങ്ങള്‍ക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടാകണമെന്നാണ് ഞങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത്,’ കത്തില്‍ പറയുന്നു.
പ്രധാനന്ത്രി വിഷയത്തില്‍ ഇടപെട്ട് ധര്‍മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ദീപ്‌കെ പറഞ്ഞു.
‘വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിനും സുരക്ഷിതത്വത്തിനും മുന്‍ഗണന നല്‍കണം പഠന വിഷയത്തിലുള്ള നിരാശ മൂലം ഇനിയും ഒരു വിദ്യാര്‍ത്ഥി പോലും ഇല്ലാതാകില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ഘടനാപരമായ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരണം,’ കത്തില്‍ പറയുന്നു.
ജൂണ്‍ 20 മുതല്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടി പ്രതിഷേധിക്കുമെന്നും ഇന്ത്യയുടെ ഭാവിയുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: NEET irregularities; Rs 1 crore compensation should be given to the families of the children who committed suicide: CJP in an open letter to the Prime Minister
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.