'മാർക്കറ്റ് വാല്യൂ ഇല്ലെങ്കിൽ ആരെയും ആർക്കും വേണ്ട'; ദൃശ്യത്തിൽ മാത്രം കണ്ട നീരജിനെ ചർച്ചയാക്കി സോഷ്യൽ മീഡിയ
Malayalam Cinema
'മാർക്കറ്റ് വാല്യൂ ഇല്ലെങ്കിൽ ആരെയും ആർക്കും വേണ്ട'; ദൃശ്യത്തിൽ മാത്രം കണ്ട നീരജിനെ ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Monday, 25th May 2026, 8:26 am

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ മാറ്റം സൃഷ്ടിച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയും കുടുംബവും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്.

കുടുംബബന്ധങ്ങളും സസ്പെൻസും ചേർത്ത് ഒരുക്കിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതോടെ ഒരു ബ്രാൻഡായി തന്നെ മാറി.

ദൃശ്യം3, Photo: IMDb

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ചെറിയ വേഷങ്ങളിലൂടെയും പല താരങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യഭാഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട നീരജ് മാധവ് അവതരിപ്പിച്ച മോനിച്ചൻ എന്ന കഥാപാത്രമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.

2013ൽ പുറത്തിറങ്ങിയ ആദ്യ ‘ദൃശ്യം’ സിനിമയിൽ ജോർജുകുട്ടിയുടെ കേബിൾ ടി.വി ഓഫീസിലെ സഹായിയും വിശ്വസ്തനുമായ യുവാവായിരുന്നു മോനിച്ചൻ. വളരെ ചെറിയ സ്ക്രീൻ ടൈം ആയിരുന്നെങ്കിലും സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ നീരജ് മാധവിന് സാധിച്ചിരുന്നു.

പിന്നീട് മലയാള സിനിമയിൽ നായകനായും റാപ്പറായും തിരക്കേറിയ താരമായി മാറിയ നീരജ്, നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു.

നീരജ് മാധവ് , Photo: Neeraj Madhav/ Facebook

എന്നാൽ ദൃശ്യം 2 പുറത്തിറങ്ങിയപ്പോഴും ഇപ്പോൾ ചർച്ചയാകുന്ന മൂന്നാം ഭാഗത്തിലും മോനിച്ചൻ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ പഴയ കഥാപാത്രത്തെ വീണ്ടും ഓർത്തെടുത്ത് ആരാധകർ ചർച്ചകൾ ആരംഭിച്ചത്. ‘മാർക്കറ്റ് വാല്യൂ ഇല്ലെങ്കിൽ ആർക്കും ആരെയും വേണ്ട,’ എന്ന തരത്തിലുള്ള കമന്റുകളാണ് നിരവധി പേർ പങ്കുവെക്കുന്നത്.

അതേസമയം ചിലർ തമാശരൂപേണ ‘എന്നാലും ജോർജുകുട്ടി… കല്യാണത്തിന് എങ്കിലും മോനിച്ചനെ വിളിക്കാമായിരുന്നു, എന്നാലും മോനിച്ചനെ ജോർജുകുട്ടി മറന്നോ എന്നിങ്ങനെയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ചെറിയ കഥാപാത്രമായിരുന്നെങ്കിലും മോനിച്ചന് ലഭിച്ച സ്വീകാര്യതയെയാണ് ഈ ചർച്ചകൾ വീണ്ടും തെളിയിക്കുന്നത്.

‘ദൃശ്യം’ പോലൊരു സിനിമയുടെ പ്രത്യേകത അതിലെ എല്ലാ കഥാപാത്രങ്ങൾക്കും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ചെറിയ വേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത് അതിന്റെ തെളിവാണെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. ദൃശ്യം 4 ൽ മോനിച്ചൻ വീണ്ടും തിരിച്ചുവരുമോയെന്ന ചോദ്യവും ഇതിനോടകം ആരാധകർക്കിടയിൽ ഉയർന്നുകഴിഞ്ഞു.

Content Highlight: Neeraj from the movie Drishyam is a topic of discussion on social media.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.