ന്യൂദല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍.ഡി.എ) ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. എല്‍.കെ. അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

എന്‍.ഡി.എ കണ്‍വീനര്‍ ശരദ് യാദവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ശരദ് യാദവ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജസ്വന്തിന്റെ പേര് അന്തിമമായി തീരുമാനിച്ചത്.[]

തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തില്‍ സന്തോഷമുണ്ടെന്ന് ജസ്വന്ത് പ്രതികരിച്ചു. യു.പി.എയുടെ സ്ഥാനാര്‍ത്ഥിയായി രണ്ടാം തവണ മത്സരിക്കുന്ന രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയെയാണ് ജസ്വന്ത് സിങ് നേരിടുക.

വാജ്‌പേയ് മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായും ധനമന്ത്രിയായും പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള ജസ്വന്ത് രാഷ്ട്രീയത്തില്‍ എത്തും മുമ്പ് സൈന്യത്തില്‍ ഉന്നത പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. നിലവില്‍ ഡാര്‍ജലിങില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്.

അതേസമയം, സി.പി.ഐ.എമ്മും ഫോര്‍വേഡ് ബ്ലോക്കും യു.പി.എ സ്ഥാനാര്‍ത്ഥി ഹമീദ് അന്‍സാരിയെ പിന്തുണയ്ക്കും. വോട്ടെടുപ്പില്‍ നിന്ന് ആര്‍.എസ്.പി വിട്ടുനില്‍ക്കും.