സന്ദീപും ഹാഷിറും കേറി വരുമ്പോള്‍ നസ്‌ലെനേ നീ തീര്‍ന്നെടാ എന്ന് പറയുന്നത് കണ്ടു, ഞാന്‍ എന്ത് ചെയ്തിട്ടാ: നസ്‌ലെന്‍
Malayalam Cinema
സന്ദീപും ഹാഷിറും കേറി വരുമ്പോള്‍ നസ്‌ലെനേ നീ തീര്‍ന്നെടാ എന്ന് പറയുന്നത് കണ്ടു, ഞാന്‍ എന്ത് ചെയ്തിട്ടാ: നസ്‌ലെന്‍
അമര്‍നാഥ് എം.
Thursday, 28th May 2026, 8:09 am

ചുരുങ്ങിയ സമയം കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ യുവതാരമാണ് നസ്‌ലെന്‍. മധുരരാജയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയറാരംഭിച്ച നസ്‌ലെന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് മികച്ച സിനിമകളിലൂടെ നസ്‌ലെന്‍ മുന്‍നിരയിലേക്കുയര്‍ന്നു. മോഹന്‍ലാലിന് ശേഷം സോളോ 100 കോടി നേടുന്ന താരവും നസ്‌ലെനാണ്.

പ്രേമലുവിലൂടെ കേരളത്തിന് പുറത്തും വലിയ റീച്ച് താരത്തിന് ലഭിച്ചു. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസാണ് നസ്‌ലെന്റെ പുതിയ ചിത്രം. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് ഒരുക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനിടെ നസ്‌ലെന്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്.

നസ്‌ലെന്‍ Photo: Screen grab/ Cue Studio

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒന്നായിരുന്നു സന്ദീപ് പ്രദീപും നസ്‌ലെനും തമ്മിലുള്ള താരതമ്യം. പടക്കളം, എക്കോ എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെയാണ് ഇത്തരം താരതമ്യങ്ങള്‍ ആരംഭിച്ചത്. വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായതോടെ ഹാഷിറും ഈ ചര്‍ച്ചകളിലേക്കെത്തി. ഇത്തരം താരതമ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

‘അവരൊക്കെ കേറി വരുമ്പോള്‍ ‘നസ്‌ലെനേ നീ തീര്‍ന്നെടാ’ എന്ന് പലരും പറയുന്നത് കണ്ടു. ഞാനെന്ത് ചെയ്തിട്ടാ ഇങ്ങനെയൊക്കെ എന്നായിരുന്നു ചിന്തിച്ചത്. ഇതൊരു സൈക്കിള്‍ പോലെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത് ഇങ്ങനെ മാറി മാറി വരും. നാളെ ഈ മാല ഞാന്‍ ഹാഷിറിനോ സന്ദീപിനോ ഇട്ടുകൊടുക്കും.

സന്ദീപ് പ്രദീപും നസ്‌ലെനും Photo: Reddit

 

ഞങ്ങളൊക്കെ ഒന്നിച്ച് കൊളാബറേറ്റ് ചെയ്യുന്ന സിനിമ ചിലപ്പോള്‍ സംഭവിക്കും. കാരണം, ഞങ്ങളെല്ലാം വളരെ കണക്ടഡായിട്ടുള്ള ആള്‍ക്കാരാണ്. ഹാഷിറൊക്കെ സിനിമയില്‍ വരുന്നതിന് മുന്നേ ഞാന്‍ അയാളെ ഫോളോ ചെയ്യുന്നുണ്ട്. വാഴ 2ന് മുമ്പ് പുള്ളി ചെയ്ത റീല്‍സെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. വാഴ കണ്ടിട്ട് ഞാന്‍ അവരെ വിളിക്കുകയും മെസേജയക്കുകയും ചെയ്തു. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല എന്ന് ഈ പോസ്‌റ്റൊക്കെ ഇടുന്നവര്‍ക്ക് അറിയില്ലല്ലോ. അവര്‍ക്ക് തോന്നുന്നത് പറയുന്നു എന്ന് മാത്രം,’ നസ്‌ലെന്‍ പറഞ്ഞു.

തനിക്ക് മുമ്പുള്ള ജനറേഷനിലെ യുവനടന്മാരും ഇത്തരം താരതമ്യങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും താരം പറയുന്നു. തന്റെ ചെറുപ്പത്തില്‍ നിവിന്‍ പോളിയെക്കുറിച്ചായിരുന്നു ഇത്തരം ചര്‍ച്ചകളെന്നും ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് ഇരട്ടപ്പേര് നല്‍കിയിരുന്നെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ എല്ലാ കാലത്തും നടക്കുന്നതാണെന്നും നസ്‌ലെന്‍ പറഞ്ഞു.

Content Highlight: Naslen about the comparison with Sandeep Pradeep and Haashir

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം