ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യനോ മറ്റ് ജീവജാലങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്നതോ അവരുടെ സൈ്വരജീവിതത്തിന്റെ താളം തെറ്റിക്കുന്നതോ ആയ ശബ്ദത്തെയാണ് ശബ്ദ മലിനീകരണം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്.
നിരന്തര ഗവേഷണങ്ങളുടേയും ശാസ്ത്രീയ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ എന്താണ് ഈ പരിധികളെന്ന് രാജ്യത്ത് നിലവിലുള്ള നിയമങ്ങളിലൂടെ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. സുപ്രീംകോടതി അടക്കമുള്ള കോടതികള്‍ ഒരുപാട് വിധികളിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുമുണ്ട്. അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മുസ്‌ലിം പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി ഈ പരിധികള്‍ ലംഘിക്കുന്നതാണ്.
അതുകൊണ്ടാണ് ഇതിനെതിരെ കോടതിയെ സമീപിച്ചവര്‍ക്കെല്ലാം അനുകൂല വിധി കിട്ടിയതും. അവസാനമായി സോനു നിഗം കേസിലും പഞ്ചാബ് & ഹരിയാന ഹൈക്കോടതി ഇക്കാര്യങ്ങള്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് പുറത്തുള്ള തെരുവിലേക്കോ ചുറ്റുപാടിലേക്കോ മുഖം തിരിച്ച് ഉച്ചഭാഷിണികള്‍ വെക്കുന്നത് നിയമ വിരുദ്ധമാണെന്നും ആരാധനാലയങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രം കേള്‍ക്കുന്ന രീതിയിലേ ശബ്ദ സംവിധാനം ക്രമീകരിക്കാവൂ എന്നും കോടതി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധമാണ് ഇതില്‍ വ്യക്തമാക്കിയത്. (“In the said judgment the parameters have been laid down by the Supreme Court regarding user of loudspeaker specifically observing that loudspeaker should not be allowed to be installed on towers and temple walls, churches and mosques, so as to face the surrounding streets and areas, should be installed within the precincts and turned inwards so that the music is audible only within the precincts of the temple/church/mosque.”)
എന്നാലും നിലവിലുള്ള മുസ്‌ലിം പള്ളികളില്‍ മഹാഭൂരിപക്ഷവും ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നേയില്ല. ഒരേ സ്ഥലത്ത് നിന്ന് തന്നെ ഒരു പാട് പള്ളികള്‍ ചേര്‍ന്ന് കൂട്ട ബാങ്ക് വിളിക്കുമ്പോള്‍ സംഗതി കൂടുതല്‍ അരോചകവും അസഹനീയവുമായി മാറുന്നു. വിശ്വാസികളില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ചില സ്ഥലങ്ങളിലെങ്കിലും ഇതിനെക്കുറിച്ച് പുനര്‍വിചിന്തനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഈയടുത്താണ് വാഴക്കാട് കൂട്ട ബാങ്ക് ഒഴിവാക്കി ശബ്ദമലിനീകരണം കുറക്കാന്‍ തീരുമാനിച്ചത്. ബാങ്കൊഴികെയുള്ള എല്ലാറ്റിനും ഉച്ചഭാഷിണി ഒഴിവാക്കാനും തീരുമാനിച്ചു. എന്റെ നാട്ടിലടക്കം പലയിടങ്ങളിലും സമാന ദിശയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. അപ്പോഴാണ് ഇസ്‌ലാമോഫോബിയയുടെ ഉമ്മാക്കിയുമായി ഇക്കൂട്ടരുടെ വരവ്! തൊട്ടതിനും പിടിച്ചതിനുമെല്ലാമുള്ള ഈ ഇസ്‌ലാമോഫോബിയാ ലേബലിംഗ് അപകടകരമാണ്.
സമുദായത്തിനകത്ത് നിന്ന് വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളേയും ജൈവികമായ പരിഷ്‌കരണ ശ്രമങ്ങളേയും അട്ടിമറിക്കാനും ലോകാവസാനം വരേ സ്റ്റാറ്റസ്‌കോയില്‍ പിടിച്ച് തൂങ്ങി മുരടിച്ച് പോവാനും മാത്രമേ ഈ ബുദ്ധി ശൂന്യമായ നടപടികള്‍ ഉപകരിക്കൂ. പച്ചയായ നിയമ ലംഘനത്തെ ഇസ്‌ലാമോഫോബിയയുടെ പേരില്‍ ന്യായീകരിക്കാന്‍ നോക്കുന്നത് സഹായകരമാവുന്നത് ശരിയായ ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയത്തിന്റെ ആളുകളെയാണ്.
ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിയമപരിധികള്‍ ബാധിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതൊന്നും ഏതെങ്കിലും ഇസ്ലാമോഫോബിയക്കാര്‍ യോഗം ചേര്‍ന്നുണ്ടാക്കിയതല്ല. വേറെ ആരെങ്കിലും നിയമം ലംഘിക്കുന്നത് തങ്ങളുടെ ലംഘനത്തിനുള്ള സാധൂകരണവുമല്ല. പിന്നെ, പരിസര മലിനീകരണം നടത്തുന്ന പള്ളികള്‍ എന്നത് കേവലം നിയമ വിരുദ്ധം മാത്രമല്ല, തീര്‍ത്തും ഇസ്‌ലാം വിരുദ്ധം കൂടിയാണ്. പ്രവാചകന്‍ കാണിച്ചു തന്ന പള്ളിയുടെ മാതൃകയും അതല്ല. അത് കൊണ്ട് മീഡിയാ വണ്ണുകാരേ, ദയവായി മുസ്‌ലിം പള്ളികളെയെങ്കിലും നിങ്ങള്‍ വെറുതെ വിടുക, പ്ലീസ് !
