ന്യൂദല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നാളെ (ഒക്ടോബര്‍ 10, ശനി) ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ട്രെയിനുകള്‍ നിര്‍ത്തിവെക്കുന്നതടക്കുള്ള നടപടികള്‍ സ്വീകരിച്ചതിനെ വിമര്‍ശിച്ച് സി.ജെ.പി നേതാക്കള്‍. കേന്ദ്രസര്‍ക്കാര്‍ ദല്‍ഹിയിലേക്കുള്ള ട്രെയിനുകളും നഗരത്തിലെ മെട്രോ സര്‍വീസുകളും റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സി.ജെ.പി നേതാക്കളുടെ പ്രതികരണം.

നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ അടിയന്തരവാസ്ഥയെ ഔദ്യോഗികമാക്കി മാറ്റിയെന്ന് സി.ജെ.പി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ അഭിപ്രായപ്പെട്ടു. ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന് മുന്നോടിയായി ദല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രാഫിക് ബ്ലോക്ക് അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ദല്‍ഹിയിലെ നിസാമുദ്ദീന്‍, ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയത്. ഈ നടപടിയെ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളെന്ന് സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ് വിമര്‍ശിച്ചു.

ദല്‍ഹിയില്‍ മെട്രോയും റെയില്‍വേയും ഇന്റര്‍നെറ്റും തടഞ്ഞുവെച്ച നടപടിയില്‍ നരേന്ദ്ര മോദിയെ ദീപ്‌കെ ശക്തമായി വിമര്‍ശിച്ചു. ‘മെട്രോഅടച്ചിട്ടു, റെയില്‍വേ അടച്ചിട്ടു, ഇന്റര്‍നെറ്റ് തടഞ്ഞുവെച്ചു, 50 ഇഞ്ച് വിശ്വഗുരു മഹാമാനവ്,’ എന്ന് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഈ പോസ്റ്റിനൊപ്പം വിറച്ചുകൊണ്ട് വെള്ളം കുടിക്കുന്ന ഒരാളുടെ ദൃശ്യവും ദീപ്‌കെ പങ്കുവെച്ചു.

ദല്‍ഹി മെട്രോയുടെ 57 സ്‌റ്റേഷനുകളുടെ എന്‍ട്രി എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചിടാന്‍ ഡി.എം.ആര്‍.സിക്ക് ദല്‍ഹി പൊലീസ് കത്ത് അയച്ചിട്ടുണ്ട്. ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും ഈ സ്റ്റേഷനുകള്‍ അടച്ചിടാനാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നാളെ ദല്‍ഹി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണോ എന്ന് മെട്രോ അടച്ചിടലിനെക്കുറിച്ച് സൗരവ് ദാസ് പ്രതികരിച്ചു.

സി.ജെ.പി പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി രാജ്യത്താകൈ 10,000 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി സംഘടനാ വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് യാത്ര തിരിച്ച പൂനെയിലെ വിദ്യാര്‍ത്ഥികളും കര്‍ഷക സംഘടന പ്രവര്‍ത്തകര്‍, ദളിത് സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. അഭിജിത് ദീപ്‌കെയും ഈ സംഭവത്തില്‍ വിമര്‍ശനം അറിയിച്ചു.

‘രാജ്യത്ത് എന്ത്‌കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൂടാ? മുംബൈയിലും ബെംഗളൂരുവിലും സമാധാനപരമായി പ്രതിഷേധങ്ങള്‍ക്ക് സംഘടിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് ദല്‍ഹിയില്‍ മാത്രം അതിന് അനുമതി നല്‍കുന്നില്ല? ജന്തര്‍ മന്തര്‍ ഇന്ത്യയിലെ ജനങ്ങളുടെതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെതല്ല,’ അറസ്റ്റ് ചെയ്യപ്പെട്ട സി.ജെ.പി പ്രവര്‍ത്തകരുടെ ഫോട്ടോ പങ്കുവെച്ച് അഭിജിത് ദീപ്‌കെ പറഞ്ഞു.

സര്‍ക്കാര്‍ എന്ത് ശ്രമം നടത്തിയാലും നാളെ പ്രതിഷേധം നടക്കുമെന്നും ദീപ്‌കെ ഒരു എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു. താന്‍ നാളെ ദല്‍ഹിയില്‍ എത്തിച്ചേരുമെന്നും ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആയിരക്കണക്കിന് യുവാക്കളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തു. ഈ ഭീഷണിപ്പെടുത്തലുകള്‍ ഒന്നും വിജയിക്കാന്‍ പോകുന്നില്ല. മോദീ ഈ രാജ്യത്തെ യുവാക്കള്‍ നിങ്ങളെ ഭയക്കുന്നില്ല. ഈ രാജ്യം ഇപ്പോള്‍ നിങ്ങളെ ഭയക്കുന്നില്ല,’ ദീപ്‌കെ കുറിച്ചു.

സി.ജെ.പിയും രാജ്യത്തെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.എസ്.എ.പി അടക്കമുള്ള സംഘടനളും സംയുക്തമായാണ് നാളെ ജന്തര്‍ മന്തറില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. ഗ്യാനേഷിന്റെ രാജി എന്ന ഒറ്റ ആവശ്യത്തിനായല്ല തങ്ങളുടെ പ്രതിഷേധമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും വരെ പ്രതിഷേധം തുടരുമെന്നും സി.ജെ.പിയുടെയും ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെയും നേതാക്കള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Narendra Modi just made EMERGENCY official: Abhijeet Dipke