സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് നാനി. ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സംവിധായകനാവണമെന്ന ആഗ്രഹത്തോടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നാനി ചില സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2012ല്‍ രാജമൗലിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഈച്ചയിലൂടെയാണ് നാനി മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. അന്ന് ഈച്ച സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ജേഴ്സി, ഗാങ് ലീഡര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

നാനിയുടെ ഏറ്റവും പുതിയ ചിത്രമായ ഹിറ്റ് ത്രീയുടെ കേരള ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തത് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫെററാണ്. ഇപ്പോള്‍ ഷോഷ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെ കുറിച്ച് പറയുകയാണ് നാനി.

ഹിറ്റ് ത്രീയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നത് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ്. ദുല്‍ഖറിനെ ഇപ്പോള്‍ ഒരു തെലുങ്ക് നടനായിട്ടാണ് കാണുന്നത്. തീര്‍ച്ചയായും അദ്ദേഹം മമ്മൂട്ടി സാറിന്റെ മകനാണ്. അദ്ദേഹത്തിന്റെ മകനായിട്ട് തന്നെയാണ് ദുല്‍ഖര്‍ കരിയര്‍ ആരംഭിച്ചത്.

ഒരു മലയാള നടനാണ് അവന്‍. പക്ഷെ ഇപ്പോള്‍ ദുല്‍ഖര്‍ ഒരു ഹാഫ് തെലുങ്ക് ആക്ടറാണ്. ലക്കി ഭാസ്‌കറും സീതാരാമവുമൊക്കെയാണ് അതിന് കാരണം. ആ സിനിമകളിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കിലെ ആളുകളുടെ ഇഷ്ടം നേടിയെടുത്തത്.

അവനും തെലുങ്ക് ഇന്‍ഡസ്ട്രിയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഞങ്ങള്‍ ഈയിടെയും പരസ്പരം കാണുകയും സിനിമകളെ കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്തിരുന്നു. തെലുങ്കില്‍ വര്‍ക്ക് ചെയ്യുന്നത് ദുല്‍ഖര്‍ വളരെ നന്നായി എന്‍ജോയ് ചെയ്യുന്നുണ്ട്.

അതുമാത്രമല്ല, തെലുങ്കില്‍ വളരെ ക്ലോസായ കുറച്ച് സുഹൃത്തുകളെയും അവന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ദുല്‍ഖറിന്റെ വിജയം കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. നല്ല സിനിമയെയും ആര്‍ട്ടിനെയും വിശ്വസിക്കുന്ന ആളാണ് ദുല്‍ഖര്‍,’ നാനി പറയുന്നു.

Content Highlight: Nani Talks About Dulquer Salmaan