പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. തങ്ങളുടെ കൂട്ടത്തില്‍ നിന്നും കാണാതായ ആളെ ഒരു മലയാളി സംഘം ഗ്രാമത്തില്‍ തിരയുന്നു. അതേസമയം തന്നെ ആ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒരു അപരിചിതന്‍ കടന്നുവരികയും വീട്ടിലിരിക്കുന്ന വണ്ടിയെടുത്തുകൊണ്ടുപോകുന്നതുമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. മമ്മൂട്ടിയുടെ നിറഞ്ഞാട്ടം തന്നെയാണ് ട്രെയ്‌ലറില്‍ കാണുന്നത്.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. മദ്യപ സംഘത്തിനൊപ്പം മദ്യപിക്കുന്നതിനിടയില്‍ പഴയ തമിഴ് സിനിമയുടെ ഡയലോഗിന്റെ പശ്ചാത്തലത്തില്‍ ഡയലോഗ് പറയുന്ന മമ്മൂട്ടിയെ ആണ് ടീസറില്‍ കാണുന്നത്. കട്ട് ഇല്ലാതെ ഒറ്റ ഷോട്ടില്‍ എടുത്ത ഈ വീഡിയോയിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും കയ്യടി ഉയര്‍ന്നിരുന്നു.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്.

എല്‍.ജെ.പിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയായത്.

മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരന്‍പ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിര്‍വഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

Content Highlight: nan pakal nerathu mayakkam trailer