റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിനെ പ്രശംസിച്ച് റയലിലെ താരത്തിന്റെ സഹതാരമായ നാച്ചോ. റയല്‍ മാഡ്രിഡില്‍ കളിക്കാനായി ജനിച്ചയാളാണ് ജൂഡ് എന്നാണ് നാച്ചോ പറഞ്ഞത്. മൂവിസ്റ്റാറിനോട് സംസാരിക്കുമ്പോഴാണ് നാച്ചോ ജൂഡിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

‘എനിക്ക് തോന്നുന്നത് ജൂഡ് റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ വേണ്ടി ജനിച്ചതാണെന്നാണ്. അവനെ ഞങ്ങള്‍ക്ക് കിട്ടിയതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. അവനിവിടെ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ ജൂഡ് പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ പുതുതായി സൈനിങ് നടത്തിയ താരമാണ് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം. 103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.

ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം യൂണിയന്‍ ബെര്‍ലിനെതിരെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. മത്സരത്തിന്റെ 94ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിലാണ് ലോസ് ബ്ലാങ്കോസ് സ്വന്തം മൈതാനത്ത് ജയം സ്വന്തമാക്കിയത്. റയലിനായി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടാന്‍ ജൂഡിന് സാധിച്ചു.

ലാ ലിഗയില്‍ സീസണില്‍ ഇതുവരെ കളിച്ച ആര് മത്സരങ്ങളില്‍ അഞ്ച് ജയവും ഒരു പരാജയവുമായി 15 പോയിന്റോട് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. ബാഴ്‌സലോണ എഫ്.സിയും ജിറോണയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

സെപ്റ്റംബര്‍ 27ന് ലസ് പല്‍മാസിനെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.

Content Highlights: Nacho praises Jude Bellingham