മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ തനിമയും വൈവിധ്യവും കൊണ്ട് വേറിട്ടുനില്‍ക്കുന്ന പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് ശരത്. കര്‍ണാടക സംഗീതത്തില്‍ ആഴത്തിലുള്ള അറിവും ക്ലാസിക്കല്‍ രാഗങ്ങളെ സിനിമയിലെ ലളിത ഗാനങ്ങളിലേക്ക് മനോഹരമായി സമന്വയിപ്പിക്കാനുള്ള കഴിവുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ഒമ്പതാം വയസ്സില്‍ മൃദംഗ വിദ്വാനായാണ് സംഗീതയാത്ര ആരംഭിച്ചതെങ്കിലും പിന്നീട് പ്രശസ്ത സംഗീതസംവിധായകന്‍ കണ്ണൂര്‍ രാജന്റെയും എം.ജി. രാധാകൃഷ്ണന്റെയും സഹായിയായി അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു. 1990-ല്‍ പുറത്തിറങ്ങിയ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലൂടെയാണ് ശരത് സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
പവിത്രം’, ‘സിന്ദൂരരേഖ’, ‘തിരക്കഥ’ തുടങ്ങി നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും മലയാളി മനസുകളില്‍ മായാതെ നില്‍ക്കുന്നു. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവ് എന്ന നിലയിലും തന്റെ വേറിട്ട ശൈലി കൊണ്ട് അദ്ദേഹം ജനപ്രീതി നേടി.
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശരത് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പരിപാടിയില്‍ പങ്കെടുക്കവേ എം.ജി ശ്രീകുമാര്‍ അടക്കമുള്ളവരെ അണ്ണാച്ചി എന്ന് വിളിക്കുന്ന ശരതിന്റെ രീതി പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു. ഇത്തരത്തില്‍ ഒരിക്കല്‍ സൂപ്പര്‍താരം മമ്മൂട്ടിയെ അണ്ണാച്ചി എന്ന് വിളിച്ചതിനെ കുറിച്ചും അതിന് അദ്ദേഹം നല്‍കിയ പ്രതികരണത്തെ കുറിച്ചും ശരത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഓരോരുത്തരെയും അവരുടെ സ്വഭാവം വെച്ചിട്ടാണ് ഞാന്‍ അണ്ണാച്ചിയെന്ന് വിളിക്കുന്നത്. അണ്ണാ എന്നതും ജി എന്നതും ചേര്‍ന്നാണ് അണ്ണാച്ചിയെന്ന് ഞാന്‍ വിളിക്കുന്നത്. അത്രയ്ക്കും സ്‌നേഹം കൊണ്ടാണ്. അല്ലാതെ അണ്ണാച്ചിയെന്ന് വിളിക്കുമ്പോള്‍ മറ്റേ അലൂമിനിയം കച്ചവടക്കാരല്ല. പലരും പറയും വൃത്തിക്കേടാണെന്ന്. ഒരിക്കല്‍ മമ്മൂക്ക വന്നപ്പോള്‍ മമ്മൂട്ടി അണ്ണാച്ചി സുഖമാണോ എന്ന് ചോദിച്ചു. അയ്യോ അത് കൊള്ളാം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്,’ ടൗണ്‍ ഹൗസിന് നല്‍കിയ അഭിമുത്തില്‍ ശരത് പറഞ്ഞു.
Content Highlight: Music director Sarreth talks about his experience with super star Mammootty
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.