തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ് നയന്‍താരയുടെ സ്ഥാനം. മലയാളസിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ നയന്‍താര സ്വപ്രയത്‌നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആധിപത്യം ഉറപ്പിക്കുകയായിരുന്നു. അഭിനയജീവിതത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത നയന്‍താരക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്ന് പറയുകയാണ് സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദര്‍.  വിജയ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനിരുദ്ധ് നയന്‍താരയെ പറ്റി തുറന്നുപറഞ്ഞത്.

‘ബന്ധങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് നയന്‍താര. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ കര്‍ക്കശക്കാരിയായ നടിയാണ് എന്ന് തോന്നും. അടുത്തറിയാവുന്നവര്‍ക്ക് മനസിലാവും, നയന്‍താര സ്‌നേഹിക്കുന്നവരെ അത്രയധികം കെയര്‍ ചെയ്യുന്ന വ്യക്തിയാണെന്ന്. സ്‌നേഹിക്കുന്നവര്‍ക്ക് എന്തും കൊടുക്കാനും എന്തും ചെയ്ത് നല്‍കാനും നയന്‍സ് തയ്യാറാകും,’ അനിരുദ്ധ് പറഞ്ഞു.

‘ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ തിരികെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല. ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കുകയും വിശ്വസിക്കുകയും അവരെ കംഫര്‍ട്ടായി നിര്‍ത്തുകയും ചെയ്യും. ഷൂട്ടിങും തിരക്കുകളുമായി ജീവിക്കാനാണ് നയന്‍സിന് ഇഷ്ടം. ബ്രേക്ക് എടുക്കാന്‍ പോലും താല്‍പര്യമില്ല,’ അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു.

അഭിനയം എന്ന പോലെ നയന്‍സ് താല്‍പര്യത്തോടെ ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ പാചകവും ഇന്റീരിയര്‍ ഡിസൈനിങുമാണെന്നും അനിരുദ്ധ് പറഞ്ഞു. നാനും റൗഡി താന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍സും അനിരുദ്ധും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് നയന്‍താരയുടെ നിരവധി ചിത്രങ്ങളില്‍ അനിരുദ്ധ് സംഗീതസംവിധാനം ചെയ്തു.

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ലയണ്‍, വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതല്‍ എന്നിവയാണ് നയന്‍താരയുടെ പുതിയ പ്രൊജക്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Hilight: music-composer-anirudh-ravichander-open-up-about-nayanthara-personality