തിരുവനന്തപുരം: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം സാധുവാക്കിയ സുപ്രിംകോടതി വിധിക്കുപിന്നാലെ നിലപാടറിയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കേസില്‍ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ ഭീകരബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി മുരളീധരന്‍.

ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല. ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അസാധുവാക്കുക മാത്രമേ ചെയ്തിട്ടുളളു.

എന്നാല്‍ എന്‍ഐഎ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ് ഇട്ടിട്ടില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുവരും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റിനെ സന്ദര്‍ശിച്ചത് ശ്രദ്ധേയമാണെന്നും മുരളീധരന്‍ പറഞ്ഞു.

്അതേസമയം രാജ്യത്താകമാനം നിരവധി ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഭീകരവാദ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. കേരളത്തിലെത്തിയയുടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലേക്ക് ഓടിയെത്താനുള്ള ബന്ധം ഷെഫിന്‍ ജഹാന് ആ സംഘടനയുമായി ഉണ്ടെന്നും മതം മാറ്റത്തിനു വേണ്ടി നടത്തിയ ലൗ ജിഹാദാണ് ഇതിനെല്ലാം പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു.