ഇന്ത്യന്‍ യുവ വിസ്മയം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ വൈഭവ് കളിക്കണമെന്നായിരുന്നു കൈഫ് അഭിപ്രായപ്പെട്ടത്.
അയര്‍ലാന്‍ഡിനെതിരെ വൈഭവിന് അവസരം ലഭിച്ചിരുന്നെങ്കില്‍ വൈഭവിന് ഇംഗ്ലണ്ടിലും തിളങ്ങാന്‍ സാധിക്കുമെന്നായിരുന്നുവെന്നും കൈഫ് പറഞ്ഞു. വൈഭവ് ശ്രദ്ധ നേടിയത് പേര് കൊണ്ടല്ലെന്നും ബാറ്റിങ് പ്രകടനം കൊണ്ടാണെന്നും കൈഫ് വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘വൈഭവ് മികച്ച കഴിവുള്ള താരമാണ്. മികച്ച പ്രകടനത്തിലൂടെ അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ നേടി കഴിഞ്ഞു. ഐ.പി.എല്ലില്‍ വൈഭവ് ശ്രദ്ധ നേടിയത് പേര് കൊണ്ടല്ല. ബാറ്റിങ് പ്രകടനം കൊണ്ടാണ്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രമല്ല മുഴുവന്‍ സീസണിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയാണ് ഓറഞ്ച് ക്യാപ് നേടിയത്. അയര്‍ലാന്‍ഡില്‍ വൈഭവ് കളിച്ചിരുന്നെങ്കില്‍ അവിടെയുള്ള സാഹചര്യങ്ങളുമായി നേരത്തെ അദ്ദേഹത്തിന് പൊരുത്തപ്പെടാന്‍ സാധിക്കുമായിരുന്നു. ഇതിന് ശേഷം ഇംഗ്ലണ്ടിലും മികച്ച പ്രകടനം നടത്താന്‍ കഴിയുമായിരുന്നു,’ കൈഫ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ വൈഭവ് സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്. സിംബാബ്‌വേ പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലുമാണ് 15കാരന്‍ ഫിഫ്റ്റി നേടിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
അവസാന മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.
അതേസമയം 2026 ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായും വൈഭവിനെ നിയമിച്ചിരുന്നു. ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമില്‍ ഓപ്പണറായും വൈഭവ് കളത്തിലിറങ്ങും.
Content Highlight: Muhammed Kaif talks about Vaibav Suryavanshi