കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം; ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ ദക്ഷിണ കൊറിയ
World
കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം; ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ ദക്ഷിണ കൊറിയ
അഞ്ജു ചന്ദ്രന്‍
Saturday, 15th August 2026, 2:00 pm

സിയോള്‍: കൊറിയന്‍ യുദ്ധം ഔപചാരികമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ് ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. ജപ്പാന്റെ അധിനിവേശത്തില്‍ നിന്ന് കൊറിയ മോചിതമായതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ലീയുടെ പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ട്.

ഉത്തരകൊറിയയുടെ ആണവശേഷി വികസിപ്പിക്കുന്നത് തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ചര്‍ച്ച ചെയ്യാമെന്നും ലീ പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ പരസ്പരം ഭീഷണിപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച് യുദ്ധത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ എന്ന നിലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിക്കാം,’ ലീ പറഞ്ഞു.

അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് നടത്താനിരിക്കുന്ന വാര്‍ഷിക സൈനികാഭ്യാസത്തിനെതിരെ ഉത്തര കൊറിയ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഈ അഭ്യാസപ്രകടനം ആക്രമണത്തിനുള്ള മുന്നൊരുക്കമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉത്തര കൊറിയ മുന്നറിയപ്പു നല്‍കിയ സമയത്താണ് പ്രസിഡന്റ് ലീയുടെ ഈ നിര്‍ദേശം.

1950-53 കാലത്താണ് കൊറിയന്‍ യുദ്ധം ആരംഭിക്കുന്നത്. 1953ല്‍ വെടിനിര്‍ത്തലോടെ കൊറിയന്‍ യുദ്ധം അവസാനിച്ചെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനകരാര്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ല. അതിനാല്‍ വെടിനിര്‍ത്തല്‍ സംവിധാനത്തിന് പകരം സ്ഥിരമായ സമാധാന സംവിധാനം രൂപീകരിക്കണമെന്നാണ് ലീ ആവശ്യപ്പെട്ടത്. ഉത്തരകൊറിയയുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ് ദക്ഷിണകൊറിയ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനായി ദക്ഷിണകൊറിയ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കും,’ ലീ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊപ്പം ഉത്തരകൊറിയയുടെ ആണവശേഷി നിയന്ത്രിക്കുന്നതിനുള്ള നടപടികളും പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നത് തടയാന്‍ വിവിധ തലങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്.

2025 ജൂണില്‍ അധികാരമേറ്റ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മുന്‍ സര്‍ക്കാരുകളുടെ നയങ്ങളില്‍ മാറ്റം വരുത്തുകയും ഉത്തര കൊറിയയുമായി നിരുപാധിക ചര്‍ച്ചകള്‍ നിര്‍ദേശിക്കുകയായിരുന്നതായ് ഏജന്‍സി റിപ്പോര്‍ട്ട്.

നിലവില്‍ ഉത്തര കൊറിയ സ്വയം ‘തിരിച്ചു വിടാനാവാത്ത’ ആണവ രാഷ്ട്രമായി പ്രഖ്യാപിക്കുകയും റഷ്യയുമായുള്ള സൈനിക ബന്ധം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ്. ലീയുടെ സമാധാന നിര്‍ദേശങ്ങള്‍ക്ക് ഇതുവരെ ഉത്തര കൊറിയ മറുപടിയെന്നും നല്‍കിയിട്ടില്ല. ഇപ്പൊഴും ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിലാണുള്ളത്.

Content Highlights: Move to end the Korean War; South Korea to hold talks with North Korea

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.