ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായെ സൗദി പ്രോ ലീഗില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ വമ്പന്‍ സൈനിങ് ആയിരിക്കും സലായുടെതെന്നാണ് പുറത്ത് വരുന്ന വര്‍ത്തകള്‍. ലിവര്‍പൂള്‍ സൂപ്പര്‍ താരം സൗദിയിലേക്കുള്ള നീക്കത്തിന് ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

ഡെയ്ലി മെയില്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ ജനുവരിയില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിനൊപ്പം ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ വമ്പന്‍ തുകക്കാണ് സലായെ ടീമില്‍ എത്തിക്കാന്‍ സൗദി ലീഗ് ശ്രമിക്കുന്നത്.

ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് റൊണാള്‍ഡോ സൗദിയില്‍ എത്തുന്നത്. സൂപ്പര്‍താരത്തിന്റെ വരവോടുകൂടി സൗദി ലീഗിന് കൃത്യമായ ഒരു ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായിരുന്നു.

റൊണാള്‍ഡോക്ക് പിന്നാലെ കരീം ബെന്‍സിമ, എന്‍ഗോലോ കാന്റെ, റൂബന്‍ നെവ്‌സ്, നെയ്മര്‍ തുടങ്ങിയ യൂറോപ്യന്‍ ലീഗുകളിലെ പ്രമുഖ താരങ്ങളും സൗദി ലീഗിലേക്ക് ചേക്കേറിയിരുന്നു.

ഈ സീസണില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റോണോ നടത്തുന്നത്. ഈ സീസണില്‍ 19 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

അതേസമയം മുഹമ്മദ് സലാ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. അടുത്തിടെയാണ് ലിവര്‍പൂളിനായി 200 ഗോളുകള്‍ എന്ന നാഴികകല്ല് പിന്നിട്ടത്. ലിവര്‍പൂളിനൊപ്പമുള്ള സലായുടെ കരാര്‍ ഈ വര്‍ഷം അവസാനിക്കുന്നതോടെയാണ് സൗദി വമ്പന്മാര്‍ താരത്തിനെ ലക്ഷ്യം വെക്കുന്നത്.

content highlights; Move to bring Sala to the club for more money than Ronaldo