മലയാളത്തിന്റെ അഭിമാനതാരമാണ് മോഹന്‍ലാല്‍. നാലര പതിറ്റാണ്ടിലേറെയായി സിനമാലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. അഭിനയലോകത്തിന് പുറമെ മോഹന്‍ലാല്‍ മറ്റ് മേഖലകളിലും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. അതിലൊന്നാണ് സ്റ്റേജ് ഷോസ്. മലയാളത്തില്‍ ഏറ്റവുമധികം സ്‌റ്റേജ് ഇവന്റുകള്‍ ചെയ്ത ഒരേയൊരു സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍.

അടുത്തിടെ ലണ്ടനില്‍ പലയിടത്തും അദ്ദേഹം നടത്തിയ സ്റ്റേജ് ഷോകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫുള്‍ എനര്‍ജറ്റിക്കായി ആടിയും പാടിയും മോഹന്‍ലാല്‍ വേദിയെ ഇളക്കിമറിക്കുന്നത് ആരാധകരല്ലാത്തവരെയും അത്ഭുതപ്പെടുത്തി. ഇപ്പോഴിതാ ന്യൂസിലാന്‍ഡിനെയും വിസ്മയിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍.

കഴിഞ്ഞദിവസം ഓക്ക്‌ലന്‍ഡില്‍ നടന്ന സ്‌റ്റേജ് ഇവന്റില്‍ മോഹന്‍ലാല്‍ നടത്തിയ ഡാന്‍സ് വീഡിയോ ഇതിനോടകം വൈറലായി. ധുരന്ധര്‍ പാര്‍ട്ട് വണ്ണിലെ ‘ഷേര്‍- ഇ- ബലോച്’ എന്ന ട്രാക്കിന് മോഹന്‍ലാല്‍ ചുവടുവെക്കുന്നതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റേതായ ശൈലിയില്‍ ഈ പാട്ടിന് അദ്ദേഹം ഇട്ട സ്റ്റെപ്പുകള്‍ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഒഫിഷ്യല്‍ വീഡിയോ പുറത്തുവരുന്നതിന് മുന്നേ പരിപാടി കണ്ട ഒരാളാണ് വീഡിയോ പങ്കുവെച്ചത്. വീണ ഗോപിക എന്ന ഐ.ഡി പങ്കുവെച്ച റീല്‍ ഇതിനോടകം ആയിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി കമന്റുകളാണ് റീലിന് ലഭിക്കുന്നത്. ഇവിടെ എന്തും പോകുമെന്നാണ് ഡൈ ഹാര്‍ഡ് ഫാന്‍സിന്റെ കമന്റുകള്‍.

‘ഇത് ഉസ്താദിലെ പരമേശ്വരനല്ലേ’, ‘കാര്‍ത്തികേയന്‍ മുതലാളിക്കെന്താ ന്യൂസിലാന്‍ഡില്‍ കാര്യം’, ‘ഷേര്‍- ഇ- മോളിവുഡ്’ എന്നിങ്ങനെയാണ് പലരും പങ്കുവെച്ച കമന്റുകള്‍. വീഡിയോക്ക് വലിയ ക്യാമറാ ക്വാളിറ്റിയില്ലെങ്കിലും മോഹന്‍ലാലിന്റെ ഡാന്‍സ് ഹൈ ക്വാളിറ്റിയാണെന്നും റീല്‍ പങ്കുവെച്ചവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീല്‍ ഫേസ്ബുക്കടക്കം പല പ്ലാറ്റ്‌ഫോമുകളിലും റീഷെയര്‍ ചെയ്യുന്നുമുണ്ട്.

ന്യൂസിലന്‍ഡിലെ സ്‌റ്റേജ് ഷോയ്ക്ക് മുമ്പ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഒരു സ്‌റ്റേജ് പ്രോഗ്രാം മോഹന്‍ലാല്‍ ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ വിസ ലഭിക്കാത്തതുകൊണ്ട് അദ്ദേഹത്തിന് സിഡ്‌നിയില്‍ എത്താനായില്ല. ഇതേത്തുടര്‍ന്ന് പ്രേക്ഷരോട് അദ്ദേഹം മാപ്പുചോദിക്കുന്ന വീഡിയോ കഴിഞ്ഞദിവസം സിനിമാപേജുകളില്‍ ചര്‍ച്ചയായി.