ഇയാൾ സിനിമയിൽ പോയിട്ട് എന്ത് ചെയ്യാൻ എന്ന് പലരും ചോദിച്ചു: മോഹൻലാൽ
Malayalam Cinema
ഇയാൾ സിനിമയിൽ പോയിട്ട് എന്ത് ചെയ്യാൻ എന്ന് പലരും ചോദിച്ചു: മോഹൻലാൽ
നന്ദന. ടി
Sunday, 9th August 2026, 11:39 am

മക്കളുടെ താത്പര്യങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന മാതാപിതാക്കളാണ് മോഹൻലാലും ഭാര്യ സുചിത്രയും. പ്രണവിന് പിന്നാലെ മകൾ വിസ്മയയും തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുമ്പോൾ, മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ തനിക്ക് മാതാപിതാക്കളിൽ നിന്ന് ലഭിച്ച സ്വാതന്ത്ര്യത്തെക്കുറിച്ചും, അത് മക്കൾക്ക് പകർന്നുനൽകിയതിനെക്കുറിച്ചും മനസ് തുറക്കുകയാണ് മോഹൻലാൽ. അമൃത ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

താൻ സിനിമയിൽ പോയാൽ രക്ഷപ്പെടുമോ എന്ന് മാതാപിതാക്കൾക്ക് ഉറപ്പില്ലാത്തതിനാൽ, പഠനം പൂർത്തിയാക്കിയ ശേഷം മാത്രം അഭിനയരംഗത്തേക്ക് കടന്നാൽ മതി എന്നാണ് അച്ഛൻ മോഹൻലാലിനോട് പറഞ്ഞിരുന്നത്.

മോഹൻലാൽ. Photo. Screen grab/ Youtube

‘ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമയിലേക്ക് വരുന്നത്. അന്ന് സിനിമയിൽ അഭിനയിക്കുക എന്ന് പറയുന്നതൊക്കെ വലിയ പ്രയാസമുള്ള കാര്യമാണ്. മദ്രാസിലൊക്കെ പോകുന്നവരിൽ ചിലർ സക്സസ് ആകും, ചിലർ എങ്ങുമെത്താതെയും പോകും, അങ്ങനെയൊരു സമയമായിരുന്നു അത്. അന്ന് എന്റെ അച്ഛനും അമ്മയ്ക്കും ഒന്നും വലിയ വിശ്വാസമില്ലായിരുന്നു. ഇയാൾ സിനിമയിൽ പോയിട്ട് എന്ത് ചെയ്യാനാണ് എന്നൊരു തോന്നലായിരുന്നു. അതുകൊണ്ട് അച്ഛൻ പറഞ്ഞിരുന്നത് ആദ്യം ഡിഗ്രി പൂർത്തിയാക്കി ഒരു ജോലി വേണം എന്നായിരുന്നു,’ മോഹൻലാൽ ഓർത്തെടുക്കുന്നു.

അന്ന് ഒരു നടനാകാനുള്ള കഴിവോ ശാരീരിക സൗന്ദര്യമോ തനിക്കില്ലായിരുന്നു എന്നും താനൊരിക്കലും ഒരു നടനാകും എന്ന് വിചാരിച്ചിരുന്നില്ല എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘അങ്ങനെ മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സെറ്റിൽ വെച്ചാണ് ഞാൻ ബി.കോം പാസായ വിവരം അറിയുന്നത്. എന്റെ രക്ഷിതാക്കൾ അത്രത്തോളം സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. ഞാനടക്കം ആരും തന്നെ ഞാൻ ഒരു നടനാകും എന്ന് കരുതിയിരുന്നില്ല. കാരണം, ഒന്നാമത് അങ്ങനെ വലിയൊരു ആഗ്രഹം ഒന്നും എനിക്കില്ലായിരുന്നു. പിന്നെ ഒരു നടനാകാൻ വേണ്ട കഴിവോ ശാരീരിക സൗന്ദര്യമോ ഒന്നും അന്ന് എനിക്കില്ലായിരുന്നു,’ താരം പറഞ്ഞു.

തനിക്ക് കിട്ടിയ സ്വാതന്ത്ര്യം താനും സുചിത്രയും മക്കൾക്കും നൽകിയിട്ടുണ്ടെന്നും, മകനായ പ്രണവിന്റെ സിനിമയിലേക്കുള്ള വരവിനെ കാലത്തിന്റെ നിയോഗമായാണ് കാണുന്നതെന്നും മോഹൻലാൽ പറഞ്ഞു.

‘എനിക്ക് കിട്ടിയ ആ സ്വാതന്ത്ര്യം ഞാനും സുചിത്രയും എന്റെ കുട്ടികൾക്കും കൊടുത്തിട്ടുണ്ടായിരുന്നു. അവർക്ക് അവരുടേതായ യാത്രകൾ ചെയ്യാം, തീരുമാനങ്ങൾ എടുക്കാം, അങ്ങനെയുള്ള ഫ്രീഡം ഞാൻ നൽകിയിരുന്നു.

ഇപ്പോൾ അപ്പുവിനാണെങ്കിലും (പ്രണവ്) സിനിമയിൽ വരാൻ ഒരു ആഗ്രഹവും ഇല്ലാതിരുന്ന ആളായിരുന്നു. അയാൾ സിനിമയിൽ വന്നത് ഒരു കാലത്തിന്റെ നിയോഗം പോലെയാണ് ഞാൻ കാണുന്നത്. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മികച്ച നടനാകുന്നത്, എന്റെ മകനും ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മികച്ച നടനായി. മായയും (വിസ്മയ) അവളുടെ സ്കൂൾ കാലത്ത് മികച്ച നടിയൊക്കെയായിട്ടുണ്ട്,’ മോഹൻലാൽ പറഞ്ഞു.

മകൾ മായയ്ക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞപ്പോൾ അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു എന്നും മോഹൻലാൽ വ്യക്തമാക്കി.

‘സിനിമയോടുള്ള ചായ്‌വ് മക്കൾക്ക് പണ്ടേയുണ്ട്. അതിൽ മായക്ക് കുറച്ചുകൂടെ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു എന്ന് പിൽക്കാലത്താണ് ഞങ്ങൾ അറിയുന്നത്. അങ്ങനെ അവൾ ഒരു ആഗ്രഹം പറഞ്ഞപ്പോൾ അതിനുള്ള ഒരവസരം ഒരുക്കിക്കൊടുത്തു, അതൊരു മോശം കാര്യമല്ലല്ലോ,’ മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ കുടുംബത്തോടൊപ്പം. The Indian Express

Content Highlight: Mohanlal recalls how uncertain he was about stepping into his career, and shares his children’s journey into film

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം