മക്കളുമായി ഒരു അറ്റാച്ച്ഡ് ഡിറ്റാച്ച്മെന്റ് ബന്ധമാണ്, അവർക്കൊപ്പം ഒരു കുട്ടിയായി ഇരിക്കാനാണ് എനിക്ക് ഇഷ്ടം: മോഹൻലാൽ
malayalam movie
മക്കളുമായി ഒരു അറ്റാച്ച്ഡ് ഡിറ്റാച്ച്മെന്റ് ബന്ധമാണ്, അവർക്കൊപ്പം ഒരു കുട്ടിയായി ഇരിക്കാനാണ് എനിക്ക് ഇഷ്ടം: മോഹൻലാൽ
നന്ദന. ടി
Saturday, 8th August 2026, 3:42 pm

മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ മക്കൾ എന്ന നിലയിൽ പ്രണവിനും വിസ്മയയ്ക്കും വലിയ പൊതുശ്രദ്ധ ലഭിച്ചിട്ടുണ്ട്. എന്നാൽ മക്കളുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകി, അവർക്കിഷ്ടമുള്ള യാത്രകളും എഴുത്തും അടക്കമുള്ള വഴികളിലൂടെ സഞ്ചരിക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കളാണ് മോഹൻലാലും ഭാര്യ സുചിത്രയും. പ്രണവിന് പിന്നാലെ വിസ്മയയും ഇപ്പോൾ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മകളോടൊപ്പം മോഹൻലാൽ നൽകിയ അഭിമുഖങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. മക്കളുമായി താൻ പുലർത്തുന്ന ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് മോഹൻലാൽ. അമൃത ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

മോഹൻലാൽ. Photo. Screen grab/ Youtube

മക്കളുമായി ഒരു അറ്റാച്ച്ഡ് ഡിറ്റാച്ച്മെന്റ് ബന്ധമാണ് താൻ പുലർത്തുന്നത് എന്ന് പറയുകയാണ് മോഹൻലാൽ. ആ ഒരു സ്പേസ് അവർ നന്നായി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇന്ന് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

‘മക്കൾ അവരുടെ പഠനകാലം മുതലേ ഹോസ്റ്റലിലൊക്കെ നിന്നുകൊണ്ടാണ് പഠിച്ചത്. അതുകൊണ്ടുതന്നെ അവർക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട് അതുകൊണ്ട് അവർക്ക് നമ്മളുമായി അധികം അറ്റാച്ച്മെന്റ് ഒന്നും ഇല്ല. ഞാൻ ഉദ്ദേശിച്ചത്, എനിക്ക് ഇഷ്ടമുള്ളത് ഒരു അറ്റാച്ച്ഡ് ഡിറ്റാച്ച്മെന്റ് ബന്ധമാണ്, അല്ലെങ്കിൽ ഒരു ഡിറ്റാച്ച്ഡ് അറ്റാച്ച്മെന്റ്. അത് എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം.

അപ്പോൾ ആ ഒരു സ്പേസ് അവർ നന്നായിട്ട് ഉപയോഗിച്ചു. അതുകൊണ്ട് അവരൊക്കെ ഇപ്പോൾ ഒരുപാട് സ്ഥലങ്ങളിലൊക്കെ ട്രാവൽ ചെയ്യുന്നു. പണ്ട് നമുക്ക് ആഗ്രഹമുണ്ടായിരുന്ന കാര്യങ്ങളൊക്കെ കുട്ടികൾ ചെയ്യുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ്.

ഒരു സ്ട്രിക്റ്റ് ഫാദർ എന്ന രീതിക്കപ്പുറം മക്കളോട് സൗഹൃദപരമായ ബന്ധമാണ് താൻ നിലനിർത്താൻ ശ്രമിക്കാറുള്ളതെന്ന് മോഹൻലാൽ പറയുന്നു.

‘മക്കളുമായി കുറെ റൂൾസ് ഒക്കെ വെച്ച് ഒരു അച്ഛൻ പൊസിഷൻ കൊണ്ടുനടക്കുന്ന ആളല്ല ഞാൻ. കാരണം ചില കുട്ടികളൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ അച്ഛൻ ഭയങ്കര സ്ട്രിക്റ്റ് ആണെന്നൊക്കെ. അതൊക്കെ കേൾക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, അങ്ങനെ സ്ട്രിക്റ്റ് ആയതുകൊണ്ട് എന്താണ് ഗുണം എന്ന്. പക്ഷെ ഞാൻ അതിൽനിന്നൊക്കെ വ്യത്യസ്തമായി ഒരു ഫ്രണ്ട്‌ലി ബിഹേവിയർ ആണ് മക്കളുമായി നിലനിർത്തുന്നത്. അവർക്ക് എന്നോട് ഏത് കാര്യവും സംസാരിക്കാം,’ നടൻ പറഞ്ഞു.

അഡൽറ്റ് പേരന്റിംഗിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, മക്കളുടെ കൂടെ കുട്ടിയായിരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് മോഹൻലാൽ  കൂട്ടിച്ചേർത്തു.

‘ഞാൻ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഒരു അഡൽറ്റ് പേരന്റിങ്ങിലൂടെയാണ്. അപ്പോൾ നമ്മൾ ചിലപ്പോൾ ഇവരുടെ കൂടെ കുട്ടിയായിട്ട് മാറും. പിന്നെ ചിലപ്പോൾ ഒരു പേരന്റ് ആയി മാറും. അവിടെ പേരന്റ് ആയിട്ട് മാറുമ്പോഴാണ് അങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞ് ആവശ്യമില്ലാതെ അവരുടെ മേലേക്ക് ചാടുന്നത്. അത്തരം സാഹചര്യങ്ങൾ ഞാൻ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. കാരണം എനിക്ക് കൂടുതലും അവരുടെ കൂടെ ഒരു കുട്ടിയായിട്ട് നടക്കാനാണ് ഇഷ്ടം,’ മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ കുടുംബത്തോടൊപ്പം. Photo. The Times of India

Content Highlight: Mohanlal opens up about his relationship with paranav and Vismaya

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം