മത്സരം തോറ്റാല്‍ ഡ്രസ്സിങ് റൂമിലിരുന്ന് ഉറക്കെ ചിരിക്കും; ഇന്ത്യന്‍ ടീമിലെ തമാശക്കാരനെക്കുറിച്ച് ഷമി
Cricket
മത്സരം തോറ്റാല്‍ ഡ്രസ്സിങ് റൂമിലിരുന്ന് ഉറക്കെ ചിരിക്കും; ഇന്ത്യന്‍ ടീമിലെ തമാശക്കാരനെക്കുറിച്ച് ഷമി
ശ്രീരാഗ് പാറക്കല്‍
Sunday, 9th August 2026, 3:38 pm

ഇന്ത്യന്‍ ടീമിലെ തമാശക്കാരനായിരുന്നു മുന്‍ താരം ശിഖര്‍ ധവാനെന്ന് മുഹമ്മദ് ഷമി. ഒരു മത്സരം പരാജയപ്പെട്ടാല്‍ എല്ലാവരും ഡ്രസ്സിങ് റൂമില്‍ ഇരിക്കുമ്പോള്‍ ധവാന്‍ പെട്ടന്ന് ചിരിക്കാന്‍ തുടങ്ങുമെന്നും പഞ്ചാബി ഡാന്‍സ് കളിക്കുമെന്നും ഷമി പറഞ്ഞു. ജയവും തോല്‍വിയും സ്വാഭാവികമാണെന്നും അതുകൊണ്ട് ഡ്രസ്സിങ് റൂമില്‍ വിഷമിച്ചിരിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നും ഷമി കൂട്ടിച്ചേര്‍ത്തു.

‘ശിഖര്‍ വളരെ തമാശക്കാരനാണ്. അവന്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഉദാഹരണത്തിന്, നമ്മള്‍ ഒരു മത്സരം തോറ്റുവെന്ന് കരുതുക. എല്ലാവരും ഡ്രസ്സിങ് റൂമില്‍ വന്ന് ഇരിക്കുകയാണ്. അപ്പോള്‍ ശിഖര്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ നോക്കും.ശിഖര്‍ ധവാന്‍

പെട്ടെന്ന് അവന്‍ വളരെ ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങും. ‘എന്തിനാണ് ചിരിക്കുന്നത്?’ എന്ന് ഞാന്‍ ചോദിച്ചാല്‍, ‘നമ്മള്‍ തോറ്റതുകൊണ്ട്’ എന്നായിരിക്കും അവന്റെ മറുപടി. അവന്‍ അങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.

അത്തരം സമയങ്ങളില്‍ അവന്‍ എപ്പോള്‍ വേണമെങ്കിലും മേശപ്പുറത്ത് കയറി പഞ്ചാബി സംഗീതത്തിനൊപ്പം ഡാന്‍സ് ചെയ്യാന്‍ തുടങ്ങും. ഇത്തരം കാര്യങ്ങളാണ് ഡ്രസ്സിങ് റൂമില്‍ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത്. ഞങ്ങളും അത് ആസ്വദിക്കും.

കാരണം, ക്രിക്കറ്റില്‍ ജയവും തോല്‍വിയും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കും. ഒരു വര്‍ഷം മുഴുവന്‍ കളിക്കുമ്പോള്‍ ജയവും തോല്‍വിയും ഉണ്ടാകും. അതെല്ലാം കളിയുടെ ഭാഗമാണ്. പക്ഷേ, അതുകൊണ്ട് ആരും ഡ്രസ്സിങ് റൂമില്‍ വളരെ വിഷമിച്ചിരിക്കുന്ന അവസ്ഥയിലേക്ക് പോകാറില്ല,’ ഷമി ക്രിക്കറ്റ്‌നെക്സ്റ്റില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും മികച്ച സംഭാവനകള്‍ ചെയ്ത ബാറ്ററാണ് ശിഖര്‍ ധവാന്‍. ഏകദിനത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്. 17 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ ഏദകിനത്തില്‍ നേടിയത്.

ടി-20യില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്. 11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്. 34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്. താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു.

Content Highlight: Mohammad Shami Talking About Former Indian Player Shikhar Dhawan

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ