മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മിയ ജോര്‍ജ്. സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന മിയ 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് കുഞ്ചാക്കോ ബോബന്‍ നായകനായ വിശുദ്ധനിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും നിരവധി സിനിമകളുടെ ഭാഗമാകുകയും ചെയ്തു. തനിക്ക് അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമകളുണ്ടെന്ന് പറയുകയാണ് മിയ. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്. ഇപ്പോഴും കിട്ടാനുണ്ട്. ചിലപ്പോള്‍ പ്രൊഡ്യൂസര്‍മാരുടെ സൈഡില്‍ നിന്ന് അവര്‍ക്ക് കുറച്ച് ഫിനാന്‍ഷ്യല്‍ പ്രശ്‌നമുണ്ടെന്ന് പറയും. ഡബ്ബിങ്ങിന്റെ സമയത്ത് സെറ്റില്‍ ചെയ്യാമെന്നാകും ചിലപ്പോള്‍ പറയുക.

അത് കേള്‍ക്കുമ്പോള്‍ നമ്മള്‍ സമ്മതിച്ച് പോകും. പിന്നീട് ഡബ്ബിങ്ങിന് പോകും. അത് ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസമൊക്കെ കാണും. ആദ്യത്തെ ദിവസം അവര് തരില്ല. അപ്പോള്‍ നമ്മള്‍ വിചാരിക്കുക നാളെയും കൂടെ സമയമുണ്ടല്ലോ എന്നാകും. നാളെ തരുമായിരിക്കുമെന്ന് പ്രതീക്ഷിക്കും.

പിറ്റേന്നാകും അവര് വന്ന് കാര്യം പറയുക. ‘നമുക്ക് ഇത്തിരി കുഴപ്പമുണ്ട്. അതുകൊണ്ട് റിലീസാകുമ്പോഴേക്കും തരാം’ എന്ന് പറയും. അയാള്‍ ഓള്‍റെഡി സിനിമയുടെ മാര്‍ക്കറ്റിങ്ങിന് വേണ്ടി ഒരുപാട് പൈസ ഇറക്കിയിട്ടുണ്ടല്ലോയെന്ന് നമ്മള് ചിന്തിക്കും.

പടം തിയേറ്ററില്‍ എത്തി കഴിയുമ്പോഴേക്കും അതില്‍ നിന്ന് വരുമാനം കിട്ടുമ്പോള്‍ സെറ്റില്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കും. ഞാനൊക്കെ അത്തരത്തില്‍ തരുമായിരിക്കും തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഒരുപാട് സിനിമകള്‍ മുന്നോട്ട് തള്ളിവെച്ചിട്ടുണ്ട്.

അങ്ങനെ കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമകളുണ്ട്. അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമകളുണ്ട്. ഒത്തിരി രൂപ എനിക്ക് ശമ്പളമായിട്ട് കിട്ടാനുണ്ട്. നമ്മള്‍ ചോദിച്ചു കൊണ്ടേയിരിക്കും, പക്ഷെ കിട്ടണമെന്നില്ല,’ മിയ പറയുന്നു.

Content Highlight: Miya George Talks About Her Movies And Remuneration