കോഴിക്കോട്: പര്‍ദ്ദയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ് ലഭിച്ചാല്‍ അത് മനുഷ്യാവകാശ കമ്മീഷന് നല്‍കുമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ന്യൂനപക്ഷ കമ്മീഷന്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം സംഘടനയുടെ പ്രതിനിധിയാണ് താന്‍. മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആളുമാണ്. തനിക്ക് തന്റെ സമുദായത്തെ സംബന്ധിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലേയെന്നും ഫസല്‍ ഗഫൂര്‍ ചോദിക്കുന്നു.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചാലുടന്‍ അതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും. അവരുടെ മറുപടി ലഭിച്ചശേഷമേ ന്യൂനപക്ഷ കമ്മീഷന് മറുപടി നല്‍കൂയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം ഭരിക്കുന്നത് താലിബാനാണോയെന്ന് തനിക്കറിയണമെന്നും അദ്ദേഹം തുറന്നടിച്ചു.
മുഖംമൂടിയ പര്‍ദ്ദകള്‍ ഇസ്‌ലാമികമല്ലെന്ന ഫസല്‍ ഗപൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടിയാണ് നോട്ടീസ് അയച്ചത്.
ഫസല്‍ ഗഫൂറിന്റെ പ്രസ്താവന മുസ്‌ലിം വിശ്വാസികള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉളവാക്കിയതിനാലാണ് വിശദീകരണം ആവശ്യപ്പെടുന്നതെന്ന് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു. എം.ഇ.എസ് സംഘടിപ്പിച്ച ചടങ്ങില്‍ ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസ്താവന ന്യൂനപക്ഷ അവകാശങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് കമ്മീഷന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ തുടര്‍നടപടികളുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
“വസ്ത്രധാരണത്തില്‍ ഇന്ത്യന്‍ മുസ്‌ലിം നല്‍കിയ സംഭാവന” എന്ന വിഷയത്തില്‍ ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. പ്രസംഗത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ വെറും ഫാഷനാണെന്നും ഇസ്‌ലാം മതപ്രകാരവും ധാര്‍മികപരമായും പര്‍ദ്ദയ്ക്ക് യാതൊരു പിന്‍ബലവുമില്ലെന്നുമായിരുന്നു ഫസല്‍ ഗഫൂര്‍ പറഞ്ഞത്.
കൂടുതല്‍ തുണി ഉപയോഗിക്കുന്നതും മുഖം മറയ്ക്കുന്നതും പുരോഗമനപരമോ ഇസ്‌ലാമികമോ ആയി കണക്കാക്കാനാകില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
