റെഡ് അലര്‍ട്ട് സര്‍ക്കാരല്ല തീരുമാനിക്കുന്നത്; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു, പക്ഷേ പി.ആര്‍ വര്‍ക്ക് ചെയ്തില്ലെന്ന് മന്ത്രി അനില്‍കുമാര്‍
Kerala
റെഡ് അലര്‍ട്ട് സര്‍ക്കാരല്ല തീരുമാനിക്കുന്നത്; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു, പക്ഷേ പി.ആര്‍ വര്‍ക്ക് ചെയ്തില്ലെന്ന് മന്ത്രി അനില്‍കുമാര്‍
റെന്വര്‍ പി
Sunday, 2nd August 2026, 9:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍. പത്തനംതിട്ടയില്‍ പ്രളയമുണ്ടായ മേഖലകളില്‍ റെഡ് അലര്‍ട്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് നേരത്തെ ഒഴിഞ്ഞു പോകാന്‍ പറ്റുമായിരുന്നു എന്ന് പ്രതിപക്ഷത്തെ നേതാക്കള്‍ പറയുന്നത് ഈ കാര്യത്തിന്റെ സാങ്കേതിക വശങ്ങള്‍ അറിയാത്തതിനാലാവും എന്നും മന്ത്രി പറഞ്ഞു.

റെഡ് അലര്‍ട്ട് സര്‍ക്കാര്‍ തീരുമാനിച്ച് പ്രഖ്യാപിക്കുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. ഗവണ്‍മെന്റിന്റെ താല്‍പര്യത്തിനനുസരിച്ച് മുന്നറിയിപ്പിന്റ കളര്‍ കോഡ് പ്രഖ്യാപിക്കാന്‍ കഴിയില്ല. മന്ത്രിക്കോ ഗവണ്‍മെന്റിനോ ഇത്തരത്തിലുള്ള കളര്‍ കോഡ് പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഒരു റോളുമില്ല. ഗവണ്‍മെന്റിന്റെ താല്‍പര്യത്തിനനുസരിച്ച് കളര്‍ കോഡ് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഗവണ്‍മെന്റിന്റെ കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ഭാഗമായിട്ടുള്ള മുന്നറിയിപ്പും കൂടി വെച്ചുകൊണ്ട് അവരാണ് റെഡ് അലര്‍ട്ടാണോ ഗ്രീന്‍ അലര്‍ട്ടാണോ പ്രഖ്യാപിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നതെന്നും ഇതിന് പകരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സജ്ജരാവാമായിരുന്നെന്നും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. രാജു എബ്രഹാം ഇത്തരത്തില്‍ പറഞ്ഞത് അദ്ദേഹത്തിന് ധാരണ ഇല്ലാത്തതുകൊണ്ടാവാം എന്നും മന്ത്രി പറഞ്ഞു.

‘ഓറഞ്ച് കൊടുക്കുന്നിടത്ത് ഞങ്ങള്‍ക്ക് വിളിച്ചു പറയാന്‍ പറ്റുമോ നിങ്ങള്‍ അത് മാറ്റി റെഡ് കൊടുക്കു അല്ലെങ്കില്‍ ഗ്രീന്‍ കൊടുക്കു എന്ന്. അപ്പോ ഗവണ്‍മെന്റ് അല്ല ഈ കളര്‍ ചേഞ്ചും കളര്‍ കോഡും തീരുമാനിക്കുന്നത്,’ മന്ത്രി പറഞ്ഞു.

‘റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കാന്‍ പറ്റില്ല. അത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുകയാണെങ്കില്‍ ഞങ്ങള്‍ അത് പറയും. അവര്‍ ഓറഞ്ച് അലര്‍ട്ട് ആണ് പറഞ്ഞെങ്കില്‍ ഓറഞ്ച് അലര്‍ട്ട് പറയും. അത്രയെ ഉള്ളൂ അതിനകത്ത് കാര്യം. ഗവണ്‍മെന്റ് അത്തരം കാര്യങ്ങളില്‍ ഒന്നും ഇടപെടാറില്ല.

മണിക്കൂറുകള്‍ വെച്ചാണ് ഇത് മാറിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ മൂന്നു മണിക്കൂര്‍ റെഡ് അലര്‍ട്ട് എട്ട് ജില്ലകളിലായിരുന്നു. പിന്നീട് അത് മാറി. അപ്പോ അത്തരം മാറ്റങ്ങള്‍ വരുമ്പോള്‍ അതിനനുസരിച്ചല്ലേ പറയുന്നത്. അതിന് ഒരു ഗവണ്‍മെന്റിനകത്ത് അധികാരമില്ല,’ എ.പി. അനില്‍കുമാര്‍ പറഞ്ഞു.

2018ലെ പ്രളയത്തിന് സമാനമായ പ്രളയമല്ല ഇപ്പോഴുണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ പ്രളയത്തെ ഗൗരവത്തോടു കൂടിതന്നെ കാണും. പക്ഷേ പല ജില്ലകളിലും ഇന്നലെ കാര്യമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ കോട്ടയം ഇടുക്കിയും അതുപോലെ പത്തനംതിട്ട ജില്ലകളിലാണ് ഇന്നലെ തീവ്രമായ മഴയും അനുബന്ധമായ മണ്ണിടിച്ചലും ഉണ്ടായത്. അന്നത്തെ ഒരു സാഹചര്യമല്ല. അന്ന് കേരളം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ ആകുമ്പോഴേക്കും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. അങ്ങനെയുള്ള ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരുന്നത്. ഇന്നലെ 11 മണിക്ക് തന്നെ കേരളത്തിലെ മുഴുവന്‍ ജില്ലാ കളക്ടര്‍മാരുടെയും ഓണ്‍ലൈന്‍ മീറ്റിങ് വിളിച്ചിരുന്നു. റെവന്യൂ സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ടുള്ള മീറ്റിംഗ് വിളിച്ച് ഓരോ ജില്ലയിലെയും പ്രശ്‌നങ്ങള്‍ വിലയിരുത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെന്നും മന്ത്രി പറഞ്ഞു.

‘എന്‍.ഡി.ആര്‍.എഫ് ഉള്‍പ്പെടെ വേണമെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ മുഖ്യമന്ത്രിക്ക് വിവരം കൊടുത്തു. എന്‍ഡിആര്‍എഫിന്റെ പുതിയ ട്രൂപ്പുകളെ അയച്ചു. എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ പി.ആര്‍ വര്‍ക്ക് നടത്തിയില്ല എന്നേയുള്ളൂ. ആത്മാര്‍ത്ഥമായി ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്, ‘ എന്നും മന്ത്രി പറഞ്ഞു.

Content Highlight: Minister AP Anil Kumar’s Response on Allegations of Raju Abraham in Dealing Flood Situation in Pathanamthitta

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.