ന്യൂദല്‍ഹി: നിര്‍ഭയ കൂട്ട ലൈംഗികാക്രമണക്കേസില്‍ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ദയാഹരജി നിരസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു.

കേസില്‍ പ്രതികളായ വിനയ് ശര്‍മ, മുകേഷ്, അക്ഷയ് കുമാര്‍ സിംഗ് എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ വിനയ് ശര്‍മയാണ് ദയാഹരജി സമര്‍പ്പിച്ചത്.

ഇയാള്‍ സമര്‍പ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനിലേക്ക് കൈമാറിയതായി വൃത്തങ്ങള്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റു രണ്ട് പ്രതികള്‍ ദയാഹരജി സമര്‍പ്പിച്ചിട്ടില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായ രാംസിംഗ് തീഹാര്‍ ജയിലില്‍വെച്ച് ആത്മഹത്യചെയ്തിരുന്നു.

രണ്ടു ദിവസം മുമ്പ് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നിരസിച്ചുകൊണ്ടുള്ള ശുപാര്‍ശ അയച്ചിരുന്നു.

നേരത്തെ ദല്‍ഹി സര്‍ക്കാറും പ്രതി സമര്‍പ്പിച്ച ദയാഹരജി തള്ളാന്‍ ശക്തമായി ശുപാര്‍ശ ചെയ്തിരുന്നു.  കേസില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ സഹിതം ദല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് ഫയല്‍ അയച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏറ്റവും ഹീനവും അങ്ങേയറ്റത്തെ ക്രൂരവുമായ കുറ്റകൃത്യമാണ് ദയാഹരജി സമര്‍പ്പിച്ച അപേക്ഷകന്‍ ചെയ്തിട്ടുള്ളത്. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ മാതൃകാപരമായ ശിക്ഷ നല്‍കേണ്ട സാഹചര്യമാണിത്,”
എന്നാണ് ജെയിന്‍ പറഞ്ഞത്.ഹരജിക്ക് യാതൊരു യോഗ്യതയുമില്ലെന്നും നിരസിക്കാന്‍ ശക്തമായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.