mgs


ശത്രുരാജ്യത്തോടുള്ള യുദ്ധത്തില്‍ പോലും ഇതാണ് പതിവ്. ഇത് നിയമവാഴ്ചയ്ക്ക് അപകടമോ അക്രമത്തിന് പ്രോത്സാഹനമോ നല്‍കുന്നില്ല. മറിച്ചായാല്‍ അരു പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും എം.ജി.എസ് പറഞ്ഞു


കോഴിക്കോട്:  നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹത്തോട് അനദാരവ് കാണിക്കരുതെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍.

അജിതയുടെ മൃതദേഹത്തിന് നിയമപ്രകാരം അവകാശികളുള്ളതായി തെളിഞ്ഞിട്ടില്ല. എന്നാല്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പേരില്‍ അജിതയുടെ മൃതദേഹത്തോട് അനാദരവ് കാണിക്കാതെ സാങ്കേതിക പ്രശ്‌നങ്ങളില്‍ പിടിച്ചു നില്‍ക്കാതെ മാന്യമായ രീതിയില്‍ സംസ്‌ക്കരിക്കാന്‍ ഏര്‍പ്പാട് ചെയ്യണമെന്നും എം.ജി.എസ് പറഞ്ഞു.

ശത്രുരാജ്യത്തോടുള്ള യുദ്ധത്തില്‍ പോലും ഇതാണ് പതിവ്. ഇത് നിയമവാഴ്ചയ്ക്ക് അപകടമോ അക്രമത്തിന് പ്രോത്സാഹനമോ നല്‍കുന്നില്ല. മറിച്ചായാല്‍ അരു പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും എം.ജി.എസ് പറഞ്ഞു.

സര്‍ക്കാരിന്റെയും പൊലീസിന്റെയും മാവോവാദി വേട്ടയെ പറ്റി കുറേ നാളായി പലതരം വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇത് പര്യാപ്തമാണെന്നും എം.ജി.എസ് പറഞ്ഞു.


Read more: സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയഗാനം ആലപിക്കുമെന്ന് ബി.ജെ.പി


ഇക്കാര്യത്തില്‍ വേണ്ട പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. ഈ ആവശ്യവുമായി ചിന്താശീലര്‍ കടന്നു വരണമെന്നും എം.ജി.എസ് പറഞ്ഞു.

അജിതയുടെ മൃതദേഹം സംസ്‌ക്കരിക്കാനായി അവരുടെ സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കേരളം പോലെ മാനുഷികമായ രാഷ്ട്രീയ പരിഗണനകളുള്ള ഒരു സംസ്ഥാനത്തില്‍ ചെറുപ്പം മുതല്‍ക്കേ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട ഒരു സ്ത്രീയെ പൊലീസ്  കൊലപ്പെടുത്തി ജഢം അജ്ഞാതമെന്ന നിലയ്ക്ക് സംസ്‌കരിക്കുന്നത് പൊറുക്കാനാവില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

അജിതയ്ക്ക് മാന്യമായ ഒരു സംസ്‌കാരം നല്‍കുന്നതിന് അവരുടെ സുഹൃത്തുക്കള്‍ക്ക് അവസരം നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കലാവുമെന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.