ലോക ഫുട്‌ബോളിന്റെ ചരിത്ര താളുകളില്‍ ഒരിക്കല്‍ കൂടി ഇടം നേടി ലയണല്‍ മെസി. ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ 700 ഗോള്‍ തികച്ചുകൊണ്ടാണ് താരം പുതിയ റെക്കോഡിട്ടത്.

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം മാഴ്‌സെക്കെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തുകൊണ്ടാണ് മെസി 700ാമത്തെ ക്ലബ്ബ് ഗോളിലും കയ്യൊപ്പ് പതിപ്പിച്ചത്.

19 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ കരിയറില്‍ 15 വര്‍ഷവും മെസി ബാഴ്‌സലോണ എഫ്.സിയിലാണ് ബൂട്ടുകെട്ടിയത്. തുടര്‍ന്ന് 2021ല്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് ചേക്കേറുകയായിരുന്നു.

ബാഴ്‌സലോണ ജേഴ്‌സിയില്‍ 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്. 2006ല്‍ എസപാനിയോളിനെതിരെ അരങ്ങേറ്റം കുറിച്ച മെസി ബാഴ്‌സക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.

അതേസമയം, ഫുട്‌ബോള്‍ ചരിത്രത്തില്‍ 700 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് മെസി. ഒന്നാം സ്ഥാനം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലാണ്. 709 ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

ഒക്ടോബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ക്ലബ്ബ് ഗോളുകളുടെ എണ്ണം 700 തികച്ചത്. കഴിഞ്ഞ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലെത്തിയ ശേഷം രണ്ട് ഹാട്രിക്കുകളടക്കം ഒമ്പത് ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ ആകെ കളിച്ച 840 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ ഈ നേട്ടം. അതേസമയം 943 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ ഗോളുകള്‍ സമ്പാദിച്ച് കൂട്ടിയത്. 2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം.

അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Messi scores his 700th club football goal